Sunday, December 14, 2008
ജിമ്മി വെയിത്സിനൊപ്പം
Imagine a world in which every single human being can freely share in the sum of all knowledge
That's our commitment.
ഇങ്ങനെയൊരു കമ്മിറ്റ്മെന്റ് ലോകത്തിനു നല്‍കിയത് വിക്കിമീഡിയ ഫൌണ്ടേഷന്‍ ആണ്. 2001-ല്‍ ജിമ്മി വെയിത്സിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ വിക്കിപീഡിയ ഇന്ന് ഇംഗ്ലീഷില്‍ മാത്രം ഏകദേശം 26 ലക്ഷം ലേഖനങ്ങളുള്ള ഒരു വിജ്ഞാനകോശമായി വളര്‍ന്നിരിക്കുന്നു. വിജ്ഞാനകോശത്തിന്റെയും സഹോദാരസംരഭങ്ങളുടെയും നിയന്ത്രണം ഇപ്പോള്‍ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്‍ ആണ്. ഇതിന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയരക്ടര്‍ സ്യൂ ഗാര്‍ഡ്‌നെര്‍ ആണ്.
ജിമ്മി വെയിത്സും ,സ്യു ഗാര്‍ഡ്നെറും ഇന്നലെയും, ഇന്നുമായി ബാംഗ്ലൂരിലുണ്ടായിരുന്നു. സി.ഐ.എസ്. ഇന്ത്യ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡൊംളൂരില്‍ വിക്കിപീഡിയയെ പറ്റി സംസാരിക്കുകയുണ്ടായി. (ജിമ്മി വെയിത്സിന്റെ പ്രസംഗത്തിന്റെ ശബ്ദരൂപം ഇവിടെ ശ്രവിക്കാം)ഇന്ന് വിവിധ ഇന്ത്യന്‍ വിക്കിപീഡിയകളില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ വാസികള്‍ക്കൊപ്പം ജിമ്മിയും,സ്യുവും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. മലയാളം വിക്കിപീഡിയയുടെ പ്രതിനിധിയായി ഞാനും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
വിക്കിമീഡിയ ഫൌണ്ടേഷന്റെ ഇന്ത്യ ചാപ്റ്റര്‍ രൂപീകരിക്കുന്നതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ഇന്നു നടന്നു. എന്നെക്കൂടാതെ വിവിധ ഇംഗ്ലീഷ് വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍,കിരുബ, തെലുഗു വിക്കിയിലെ അര്‍ജുന്‍, തമിഴ് വിക്കിയിലെ സുന്ദര്‍,കന്നട വിക്കിയിലെ ഹരി പ്രസാദ്, ഗുജറാത്തി വിക്കിയിലെ ആകാശ് തുടങ്ങിയവരും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ വിക്കികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ പറ്റിയായിരുന്നു അദ്യ ചര്‍ച്ച. ഭാഷാ വിക്കിപീഡിയകളെ ജനങ്ങളില്‍ എത്തിക്കേണ്ടതിനെ പറ്റിയും, പ്രാദേശിക ഭാഷകളില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്:വിക്കിപീഡിയ കോമണ്‍സ്
Wednesday, November 12, 2008
ജിമെയിലില്‍ ഇനി വീഡിയോ,ഓഡിയോ ചാറ്റുകളും
ജി മെയില്‍ ഉപയോക്താക്കള്‍ക്ക് ഇനി സന്തോഷിക്കാം. ഏറെ നാളായി കാത്തിരിക്കുന്ന വീഡിയോ ,ഓഡിയോ ചാറ്റ് സ്സൌകര്യങ്ങള്‍ ജിമെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ജിമെയിലിന്റെ ഒഫീഷ്യല്‍ ബ്ലോഗിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിനായി ഓരോ ഉപയോക്താക്കളും വീഡിയോ ആന്റ് ഓഡിയോ ചാറ്റ് പ്ലഗ്-ഇന്‍ ഡൌണ്‍ലോഡ് ചെയ്യണം. http://mail.google.com/videochat എന്ന സൈറ്റില്‍ നിന്നും അതിനുള്ള പ്ലഗ് ഇന്‍ ലഭ്യമാണ്.
ഈ പ്ലഗ് ഇന്‍ ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്ത് ജിമെയിലില്‍ ലോഗിന്‍ ചെയ്താല്‍ മതി. ഏതൊരാളുമായാണോ വീഡിയോ ചാറ്റ് ചെയ്യേണ്ടത് അയാളുടെ ചാറ്റിലെ ഐഡിയില്‍ ഞെക്കിയാല്‍ കിട്ടുന്ന ചാറ്റ് വിന്‍ഡോയില്‍ ഇപ്പോള്‍ Video & More എന്നൊരു ഓപ്‌ഷന്‍ കൂടെ കാണാം. അതിലെ start video chat എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. മറ്റേ വശത്തെ യുസര്‍ നമ്മുടെ വീഡിയോ ചാറ്റിനുള്ള ക്ഷണം സ്വീകരിച്ചാല്‍ വീഡിയോ ഭാഗം ദൃശ്യമാകുകയും തമ്പ്നെയില്‍ ഇമേജായി നമ്മുടെ വീഡിയോ കാണുകയും ചെയ്യും. ഇവിടെ താങ്കള്‍ക്ക് വെബ്‌ക്യാമറ ഇല്ലെങ്കില്‍ താങ്കളുടെജിമെയില്‍ ഇമേജ് ആയിരിക്കും വീഡിയോവിനു പകരം വരിക.
വീഡീയൊ ഫുള്‍ സ്ക്രിനിലേക്കാക്കാന്‍ ഉള്ള ഓപ്ഷനും, സ്വന്തം വീഡിയോ മിനിമൈസ് ചെയ്യാനുള്ള ഓപ്ഷനുമൊക്കെ ഇതില്‍ ലഭ്യമാണ്.
ജിമെയില്‍ വീഡിയോ ചാറ്റിനെ പറ്റി കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക.
ന്യൂനതകള്‍
1. ഒരു പ്രധാന പൊരായ്മ ഗ്നു/ലിനക്സില്‍ ഈ പ്ലഗ് ഇന്‍ ലഭ്യമല്ല എന്നുള്ളതാണ്. ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും
2. ഈ സൌകര്യം ഉപയോഗിക്കുമ്പോള്‍ ധാരാളം മെമ്മറി ബ്രൌസര്‍ ഉപയോഗിക്കുന്നതായി കാണുന്നു.
Friday, October 17, 2008
മലയാളം വിക്കി പ്രവര്‍ത്തകരുടെ കൂട്ടായ്മ- ഒക്ടോബര്‍ 31-ന്
വിക്കിമീഡിയ ഫൌണ്ടെഷന്റെ മലയാളഭാഷയിലുള്ള വിവിധ വിക്കിസംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു കൂടിച്ചേരല്‍ 2008 ഒക്ടോബര്‍ 31 വെള്ളിയാഴ്ച ചാലക്കുടിയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മലയാളം വിക്കിപീഡിയ, മലയാളം വിക്കിഗ്രന്ഥശാല, മലയാളം വിക്ഷണറി, മലയാളം വിക്കിപാഠശാല, മലയാളം വിക്കിചൊല്ലുകള്‍ തുടങ്ങി വിക്കിമീഡിയ ഫൌണ്ടെഷന്റെ എല്ലാ മലയാളം സംരഭങ്ങളുടേയും കൂട്ടായ്മയാണു ഉദ്ദേശിക്കുന്നത്.
ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയായി നടത്താന്‍ ആണ് ആഗ്രഹിക്കുന്നത്. മലയാളം വിക്കി സംരഭങ്ങളുമായി പ്രവര്‍ത്തിക്കുന്നവരും, മലയാളം വിക്കി സംരഭങ്ങളെ പരിചയപ്പെടാന്‍ താല്പര്യമുള്ള എല്ലാവരുടേയും സാന്നിദ്ധ്യം ഈ കൂട്ടായ്മയില്‍ അഭ്യര്‍ത്ഥിക്കുന്നു.കൂട്ടായ്മ നടക്കുന്ന കൃത്യമായ സ്ഥലം, പരിപാടികളുടെ വിശദാംശങ്ങള്‍ എന്നിവ 2 ദിവസത്തിനുള്ളില്‍ പരിപാടിയില്‍ സംബന്ധിക്കും എന്നു ഉറപ്പു തന്നവര്‍ക്കു മെയില്‍ ചെയ്യുന്നതാണു്.
പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ anoop.ind@gmail.com, shijualexonline@gmail.com എന്നീ വിലാസങ്ങളില്‍ സാന്നിദ്ധ്യം മെയില്‍ അയക്കുവാന്‍ താല്പര്യം
പ്രത്യേക ശ്രദ്ധയ്ക്ക്: പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ആരും മുന്നോട്ടു വരാത്തതിനാല്‍ ഇതിനു വേണ്ടി വരുന്ന എല്ലാ ചെലവുകളും തുല്യമായി പങ്കിട്ടെടുക്കുന്നതാണ്. ഏവരും സഹകരിക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നു.
Wednesday, September 3, 2008
ഗൂഗിള്‍ ക്രോമും മലയാളവും
ഫോണ്ട് അഞ്ജലിയാക്കാന്‍
ക്രോമില്‍ ഫോണ്ട് അഞ്ജലിയാക്കാന്‍ താഴെ പറയുന്നവ ചെയ്യുക.
അഡ്രസ് ബാറിന്റെ (ഗൂഗീള്‍ ഭാഷയില്‍ ഓംനി പോയന്റ്) അടുത്തുള്ള ടൂള്‍ ബോക്സിന്റെ ചിത്രം ഞെക്കുക.അവിടെ നിന്നും Options തെരഞ്ഞെടുക്കുക. അപ്പോള്‍ ഒരു ചെറിയ വിന്‍ഡോ തുറന്നു വരും.
അവിടെ രണ്ടാമത്തെ ടാബിലെ change font and language settings എന്ന ബട്ടണ്‍ ഞെക്കി font Anjalioldlipi-യും Encoding Unicode(UTF-8) -ഉം ആക്കുക .ശേഷം OK, Close എന്നീ ബട്ടണുകള്‍ ഞെക്കിയാല്‍ ഫോണ്ട് അഞ്ജലിയാകും.
മലയാളം നന്നായി റെന്‍ഡര്‍ ചെയ്യുന്നു എന്നതാണു ക്രോമിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഫയര്‍ഫോക്സിന്റെ മൂന്നാമത്തെ പതിപ്പില്‍ മാത്രമാണ് മലയാളം റെന്‍ഡറിങ്ങ് ശരിയായത് എന്ന് ഓര്‍ക്കുക.
ക്രോമും,കീമാനും
ഗൂഗിള്‍ ക്രോമും കീമാന്‍ എന്ന മലയാളം എഴുത്തുപകരണവും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയില്ലേ എന്നൊരു സംശയം. കീമാന്‍ ഉപയോഗിച്ച് ക്രോമില്‍ എഴുതിയാല്‍ ഒന്നും വരുന്നില്ല.ഉദാഹരണമായി മലയാളം എന്ന് ക്രോമില്‍ കീമാന്‍ ഉപയോഗിച്ച് എഴുതുന്നു എന്നിരിക്കട്ടെ. മ എന്നെഴുതി ല എന്നെഴുതുമ്പോള്‍ മ കാണാതാകും. അവിടെ ല മാത്രമാകും. ഇനി അടുത്ത അക്ഷരം എഴുതുമ്പോളേക്കും ല യും അപ്രത്യക്ഷമാകും. അവസാനം മലയാളം എന്നെഴുതിയാല്‍ ഒരു ചിഹ്നം മാത്രമാകും ഫലം.
ഗൂഗിള്‍ പോലൊരു കമ്പനി നല്‍കുന്ന ഉല്പന്നത്തില്‍ നിന്ന് ഒരു ഉപയോക്താവും പ്രതീക്ഷിക്കാത്തത്ര വലിയ ബഗ്ഗ് ആണിത്. വിന്‍ഡോസില്‍ മലയാളം ഉപയോഗിക്കുന്ന പലരും ഇന്ന് കീമാന്‍ ആയിരിക്കും എഴുത്തുപകരണമായി ഉപയോഗിക്കുന്നത്. അപ്പോള്‍ ഈ ഒരു ബഗ്ഗ് മലയാളം ബ്ലോഗെഴുത്തുകാരെയും മറ്റും ക്രോമില്‍ നിന്ന് അകറ്റി നിര്‍ത്തുകയേ ഉള്ളൂ.
ഗൂഗിള്‍ ഈ ബഗ്ഗ് പെട്ടന്നു തന്നെ ഫിക്സ് ചെയ്യുമെന്നു കരുതാം...
ഗൂഗിള്‍ ക്രോം
മോസില്ല ഫയര്‍ഫോക്സും,ഇന്റര്‍നെറ്റ് എക്സ്പ്ലോററും,ഓപ്പറയും,സഫാരിയും,ഫ്ലോക്കും,മാക്സ്ത്തോണും ഒക്കെ കീഴടക്കി വെച്ചിരിക്കുന്ന ഇന്റര്‍നെറ്റ് ബ്രൌസര്‍ രംഗത്തേക്ക് വിവരസാങ്കേതിക വിദ്യാ രംഗത്തെ അതികായകന്മാരായ ഗൂഗിളും വരുന്നു. ഗൂഗിള്‍ ക്രോം എന്ന് പേരിട്ടിരിക്കുന്ന ബ്രൌസറുമായിട്ടാണ് ഇവര്‍ ബ്രൌസര്‍ രംഗം കീഴടക്കാന്‍ വരുന്നത്. മറ്റു ഏതെങ്കിലും ബ്രൌസറുകളെ അടിസ്ഥാനമാക്കാതെ പുതുതായി ഗൂഗിള്‍ തന്നെ വികസിപ്പിച്ചെടുത്തിരിക്കുന്ന ബ്രൌസര്‍ ആണ് ക്രോം. ഇക്കാലത്തെ മെയില്‍,ചാറ്റ്,യൂറ്റ്യൂബ് തുടങ്ങിയ സര്‍വ്വീസുകള്‍ പ്രദാനം ചെയ്യുന്ന വെബ്‌സൈറ്റുകള്‍ വെബ്അപ്ലിക്കേഷനുകള്‍ തന്നെയാണെന്നാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ബ്രൌസറുമായി അവതരിക്കുവാന്‍ ഗൂഗിളിനെ ചിന്തിപ്പിച്ചതെന്ന് അവരുടെ ബ്ലോഗ് പറയുന്നു.
ഇന്റര്‍നെറ്റ് വഴി ആര്‍ക്കും ഈ ബ്രൌസര്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ഈ ബ്രൌസര്‍ വിന്‍ഡോസ്,ലിനക്സ്,മാക്ക് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഡൌണ്‍ലോഡ് ലിങ്ക് ഗൂഗിളിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നതും കാത്തിരിക്കുകയാണ് ഗൂഗിളിന്റെ അനേകം അഭ്യുദയകാംക്ഷികള്‍.
Saturday, August 16, 2008
ഇടമറുക് ദുബായില്‍
സ്വതന്ത്ര്യദിന പിറ്റേന്ന് മലയാള പത്രങ്ങള്‍ക്ക് അവധിയായതു കൊണ്ടും ഒന്നും വായിക്കാന്‍ ഇല്ലാത്തതു കൊണ്ടും ഇന്നലത്തെ പത്രം എടുത്ത് ഒന്നു കൂടി വായന ആരംഭിച്ചു. വാര്‍ത്തകള്‍ എല്ലാം കഴിഞ്ഞതിനു ശേഷം ശ്രദ്ധ ക്ലാസിഫൈഡ്സില്‍ ആയി. അപ്പോഴാണ് ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്.
ഇടമറുക് ദുബായില്‍
ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്ര രത്നശാസ്ത്ര നിര്‍ദ്ദേശങ്ങള്‍,ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ 050178****
മലയാളത്തില്‍ ഇടമറുക് എന്ന പേരില്‍ അറിയപ്പേടുന്നത് പ്രശസ്ത പത്രപ്രവര്‍ത്തകനും,ഗ്രന്ഥകാരനും യുക്തിവാദിയും ആയിരുന്ന ജോസഫ് ഇടമറുക് ആയിരുന്നു. 2006 ജൂണ്‍ 29-നായിരുന്നു ജോസഫിന്റെ മരണം . അദ്ദേഹത്തിന്റെ മകന്‍ സനല്‍ ഇടമറുകും ഇപ്പോള്‍ യുക്തിവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. സനലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തേരാളി എന്ന വെബ്‌സൈറ്റ് കാണുക.
ഈ ഇടമറുക് കുടുംബത്തിലെ ആരാണാവോ ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്ര രത്നശാസ്ത്ര നിര്‍ദ്ദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്?
ചിത്രങ്ങള്‍ക്ക് കടപ്പാട് മലയാളം വിക്കിപീഡിയ
Friday, August 1, 2008
സൂര്യഗ്രഹണവും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളും
ഇന്ന് സൂര്യഗ്രഹണം ആയിരുന്നു. ഇന്ത്യയില്‍ 4.30 മുതല്‍ 6.30 വരെ ആയിരുന്നു ഗ്രഹണ സമയമെന്ന് പറയപ്പെട്ടത്. ഈ സമയം എന്റെ ഓഫീസ് കാന്റീനിലേക്ക് ഞാനൊന്ന് പോയപ്പോള്‍ അവിടം ഏറെക്കുറെ ശുന്യം ! ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നും, അതിനു ശേഷം കുളിച്ചു വേണം ഭക്ഷണം കഴിക്കാന്‍ എന്നും എന്റെ സുഹൃത്ത് പറഞ്ഞു. അതിനു മുന്‍പും ഉച്ചക്കു എവിടെ ഒക്കെയോ നിന്ന് ചില ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു "Today we have to take tea early!".
Wednesday, July 30, 2008
ഗൂഗിളും ‘കുയിലും‘
ഇനി കുയിലും തിരയും. ഇന്റര്‍നെറ്റ് രംഗത്ത് ഏറ്റവുമധികം മത്സരം നടക്കുന്ന സെര്‍ച്ചിങ്ങ് മേഖയിലേക്ക് ഒരു പുതിയ സെര്‍ച്ച് എഞ്ചിന്‍ കൂടി അവതരിച്ചിരിക്കുന്നു. സെര്‍ച്ച് എന്നതിന്റെ പര്യായം തന്നെയായി മാറിയ ഗൂഗിളിനോട് മത്സരിക്കാന്‍ തന്നെയാണു കുയിലിന്റെ പുറപ്പാട്. world’s biggest search engine എന്നാണ് കുയിലിനെ പറ്റി അതിന്റെ നിര്‍മ്മാതാക്കള്‍ തന്നെ പറയുന്നത്.
ഇതുവരെ കുയില്‍ എന്ന് പറഞ്ഞുവെങ്കിലും ശരിയായ ഉച്ചാരണം കൂള്‍ എന്നാണ്. ഐറിഷ് ഭാഷയില്‍ knowledge എന്നര്‍ത്ഥം വരുന്ന പദമാണ് Cuil. 121 ബില്യണ്‍ വെബ് പേജസില്‍ നിന്ന് സെര്‍ച്ച് ചെയ്ത് നിങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നിമിഷങ്ങള്‍ക്കകം നിങ്ങളുടെ മുന്നിലെത്തിക്കാന്‍ കൂളിനു കഴിയുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ആകെ വെബ്‌പേജുകളുടെ എണ്ണം ഗൂഗിളിന്റെ മൂന്നിരട്ടി വരും.
ഗൂഗിളില്‍ സെര്‍ച്ച് ആര്‍ക്കിടെക്ട് ആയിരുന്ന അന്ന പാറ്റേര്‍സണും, അന്നയുടെ ഭര്‍ത്താവും സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രഫസറായ ടോം കോസ്റ്റലേയുമാണ് കൂള്‍ എന്ന ഈ പുതിയ സെര്‍ച്ച് എഞ്ചിന്റെ അമരക്കാര്‍.
കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അവകാശപ്പെടാവുന്നത് കാറ്റഗറി തിരിച്ചുള്ള സെര്‍ച്ച് റിസല്‍ട്ടുകളും , ടാബ് രീതിയാണ്. ഉദാഹരണമായി നിങ്ങള്‍ ഹാരി എന്ന് കൂളില്‍ തിരയുന്നു എന്ന് കരുതുക. ആദ്യമായി എല്ലാ റിസല്‍ട്ടും ആദ്യത്തെ ടാബില്‍ കാണും.പിന്നീട്‍ ഹാരി പോട്ടര്‍ എന്നത് ഒരു ടാബിലും ഹാരി ആന്റ് ഡേവിഡ് എന്നൊരു റിസല്‍ട്ട് മറ്റൊരു ടാബിലും മറ്റു റിസല്‍ട്ടുകള്‍ മറ്റു ടാബുകളിലും പ്രത്യക്ഷപ്പെടും. ഇതില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുന്നത് സാധാരണ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് തെരയുന്നതിനേക്കാള്‍ എളുപ്പമാണല്ലോ.
ഗൂഗിളും,യാഹുവും,മൈക്രോസോഫ്റ്റും കുത്തകകള്‍ ആക്കി വെച്ചിരിക്കുന്ന സെര്‍ച്ച് എഞ്ചിന്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ കൂളിനു കഴിയുമോ? കാത്തിരുന്നു കാണേണ്ടി വരും..
പ്രധാന പോരായ്മകള്‍
- ഈ സെര്‍ച്ച് എഞ്ചിനില്‍ യൂനികോഡ് സെര്‍ച്ച് ലഭ്യമല്ല. അതായത് മലയാളത്തില്‍ നിങ്ങള്‍ വല്ലതും സെര്‍ച്ച് ചെയ്യാന്‍ കൊടുത്താല്‍ കുയില്‍ നാദം നിലക്കുമെന്നര്‍ത്ഥം.
- കൂളിന്റെ പേജെടുത്ത് cuil എന്നൊന്ന് തിരഞ്ഞ് നോക്കുക. വളരെ രസകരമാണ് റിസല്‍ട്ട് പേജ്. ആ പേജിലെവിടെയും കൂള്‍ എന്ന സെര്‍ച്ച് എഞ്ചിനെക്കുറിച്ച് പറയുന്നതേയില്ല. ഇനി ഗൂഗിളിലും Cuil എന്നൊന്ന് സേര്‍ച്ച് ചെയ്യുക. ആദ്യത്തെ റിസല്‍ട്ട് തന്നെ Cuil സെര്‍ച്ച് എഞ്ചിനെ പറ്റിയാണ്. ഈ കുയില്‍ കുറെ നാള്‍ പാട്ടു പാടുമോ?
Monday, June 30, 2008
വിപ്ലവവും, നിരീശ്വരവാദവും എല്ലാം പാഠപുസ്തകങ്ങളില്‍ മാത്രം മതിയോ?
ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം കത്തിക്കണമോ വേണ്ടയോ എന്നതാണ് ഇന്ന് കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വലിയ വിഷയം. കേരള്‍സ്.കോം ചര്‍ച്ച കഴിഞ്ഞ് ആളുകള്‍ ബ്ലോഗിന്റെ ലേഔട്ടിന്റെ നിറം മാറ്റുന്നതിനു മുന്നേ വന്നു അടുത്ത വിഷയം. അത് വഴി വീണ്ടും കറുപ്പിക്കുകയാണ് ചിലര്‍ സ്വന്തം ബ്ലോഗ്. ഈ വിഷയത്തില്‍ എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണിവിടെ.
സമൂഹം മുഴുവന്‍ ജാതി-മത സമ്പ്രദായങ്ങള്‍ അടിസ്ഥാന വര്‍ഗ്ഗീകരണ ഉപാധിയായി കാണുന്ന കേരളീയ സമൂഹത്തിലാണോ പാഠപുസ്തകങ്ങള്‍ വഴി ഒരു സമൂല പരിഷ്കരണം നടത്താമെന്ന് ആഗ്രഹിക്കുന്നത്? എങ്കില്‍ അത് ശുദ്ധ മണ്ടത്തരമാണ്. ഇതിലും ഭേദം മെക്കാളേ പ്രഭുവിന്റെ ഭരണപരിഷ്കാരങ്ങളും മറ്റും പഠിക്കുന്നതു തന്നെയാണ്. കാരണം ഇതൊരു തരം മിഥ്യാ ലോകത്തിലേക്ക് മാത്രമേ കുട്ടികളെ കൊണ്ടു പോകുകയുള്ളൂ.
കുട്ടികള്‍ ജനിച്ച അന്നു തന്നെ അവനെ നീ ഒരു ഹിന്ദുവാണ്, നീ ഒരു മുസ്ലീമാണ് എന്നൊക്കെ അച്ഛനും അമ്മയും പഠിപ്പിച്ച് സ്കൂളില്‍ അഡ്‌മിഷന്‍ നടത്തുന്ന സമയത്ത് മതകോളത്തിലും ജാതി കോളത്തിലും മതവും,ജാതിയും അച്ഛന്‍ പറഞ്ഞ് കൊടുക്കുന്നത് കേട്ട് , അടുത്തിരിക്കുന്ന സജീവനു ഫീസ് വേണ്ടെന്നും എനിക്കു വേണമെന്നും(കാരണം അവന്‍ എസ്.സി./എസ്.ടി ആണെന്ന് അച്ഛനോടു ചോദിച്ചപ്പോള്‍ പറഞ്ഞു) വളര്‍ന്ന ഒരു കുട്ടിയോട് ഏഴാം ക്ലാസിലെത്തുമ്പോള്‍ മാത്രം നിനക്കു മതമില്ലെന്നും ജാതിയില്ലെന്നും ഒരു അദ്ധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ അവന്റെ ചിന്താധാരകളില്‍ എന്തു തരത്തിലുള്ള സ്വാധീനം ആണതു ചെലുത്തുക എന്ന് ചിന്തിച്ചു നോക്കൂ. എന്നിട്ടു വീണ്ടും വൈകീട്ട് വീട്ടിലെത്തിയാല്‍ അവന് കുളിച്ച് അമ്പലത്തിലേക്കോ,മദ്രസയിലേക്കോ, പള്ളിയിലേക്കോ പോകേണ്ടി വരും. അതുമല്ലെങ്കില്‍ ടി.വിയില്‍ ശ്രീകൃഷ്ണനോ, കടമറ്റത്ത് കത്തനാരോ കാണേണ്ടി വരും. അവന്റെ ചേട്ടനോ ചേച്ചിക്കോ അടുത്ത സ്കൂളീല്‍ പ്ലസ് ടുവിനു അഡ്മിഷന്‍ കിട്ടിയില്ലെന്നും ചേട്ടനേക്കാള്‍ മാര്‍ക്ക് കുറഞ്ഞ സുനിലിന് അഡ്‌മിഷന്‍ കിട്ടിയെന്നും അത് സുനില്‍ ഒ.ബി.സി ആയതു കൊണ്ടാണെന്ന് അമ്മ അമ്മമ്മയോട് പറയുന്നത് കേള്‍ക്കേണ്ടി വരും.
ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്കാണ് നമ്മുടെ ഗവണ്‍മെന്റ് പുതിയ പാഠപുസ്തകവുമായി വരുന്നത്. യാഥാര്‍ത്ഥ്യമേത്,മിഥ്യയേത് എന്നൊരു അവസ്ഥയിലേക്ക് ഒരു ഏഴാം ക്ലാസുകാരന്‍ എത്തിപ്പോവുകയേ ഉള്ളൂ. അല്ലെങ്കില്‍ അവനിലുള്ള ജാതി മത ബോധത്തെ ഒന്നു കൂടി അരക്കെട്ടുറപ്പിക്കാനേ ഇത്തരം പാഠപുസ്തകങ്ങളെക്കൊണ്ട് സാധിക്കുകയുള്ളൂ.
ഇതൊക്കെ നടപ്പിലാക്കാന്‍ തത്രപ്പെടുന്ന ഗവണ്‍മെന്റുകളും പ്രതിഷേധവും അക്രമസമരവുമായി വരുന്ന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും, ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും ഒരു സമൂഹത്തെ മാറ്റാന്‍ ശ്രമിക്കുന്നില്ല. ആ മാറ്റത്തിന്റെ ആദ്യപടിയാണോ ഈ പാഠപുസ്തകമാറ്റം .എങ്കില്‍ അതിനു മുന്നേ ചെയ്യേണ്ടത് സ്കൂളില്‍ അഡ്‌മിഷന്‍ സമയത്ത് ജാതിയും മതവും ചേര്‍ക്കുന്നത് ഒഴിവാക്കലാണ്. ചില മതവിഭാഗങ്ങള്‍ നടത്തുന്ന മതപഠനം പോലുള്ളവ ഒഴിവാക്കുകയാണ്. അതിനുള്ള ചങ്കൂറ്റം ഇവിടുത്തെ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ബുദ്ധിജീവികള്‍ക്കൊ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കോ ഉണ്ടോ?
ബ്ലോഗിലും മറ്റും കിടന്ന് പാഠപുസ്തകങ്ങള്‍ കത്തിക്കാനുള്ളതല്ല എന്നൊക്കെ സിദ്ധാന്തങ്ങള്‍ വിളമ്പുന്ന എന്റെ സുഹൃത്തുക്കളോടൊരു ചോദ്യം. നിങ്ങളില്‍ എത്ര പേര്‍ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്യും, അല്ലെങ്കില്‍ ചെയ്തിട്ടുണ്ട്? നിങ്ങളുടെ മകന് അല്ലെങ്കില്‍ മകള്‍ക്ക് സ്കൂള്‍ അഡ്‌മിഷന്‍ നടത്തുമ്പോള്‍ ജാതിയും മതവും ഇല്ലെന്നു രേഖപ്പെടുത്തും? ഇതൊന്നും സാദ്ധ്യമല്ലെങ്കില്‍ മിണ്ടാതിരിക്കുകയാണു ഭേദം. ഈ പാഠപുസ്തകങ്ങള്‍ കത്തിക്കലും പിന്‍വലിക്കലും എല്ലാം ഒരു രാഷ്ട്രീയമാണ്. സ്വന്തം വോട്ട് ബാങ്കില്‍ ജാതി സ്പിരിറ്റോടെ ഓരോ വോട്ടുകള്‍ വീഴാനും വീഴിപ്പിക്കാനും ഉള്ള ഒരു തന്ത്രം. ഇതിനപ്പുറത്തേക്ക് കാര്യങ്ങള്‍ വേണമെന്ന് ആരും ആഗ്രഹിക്കുന്നില്ല.
വിപ്ലവവും, നിരീശ്വരവാദവും എല്ലാം പാഠപുസ്തകങ്ങളില്‍ മാത്രം മതിയോ? അല്ലെങ്കില്‍ വര്‍ത്തമാനത്തിലേക്ക് ഒരിക്കലും വരാതെ ഭൂതകാലത്തു നിന്നും ഭാവിയിലേക്ക് നേരെ ഡബിള്‍ പ്രമോഷന്‍ കിട്ടിയ കടലാസു പുലികള്‍ മാത്രമാണോ ഈ വിപ്ലവവും,നിരീശ്വരവാദവും?
Friday, June 20, 2008
തീക്കുറുക്കന്റെ മൂന്നാം വരവ്
തീക്കുറുക്കന്റെ മൂന്നാം വരവ്... അതൊരു ഒന്നൊന്നര വരവായിരുന്നു. 2008 ജൂണ്‍ 17-ന് ഇന്ത്യന്‍ സമയം രാത്രി 11.45-നായിരുന്നു തീക്കുറുക്കന്‍ 3 എന്ന് പദാനുപദ തര്‍ജ്ജമ ചെയ്യാവുന്ന മോസില്ല ഫയര്‍ഫോക്സ് 3 ഔദ്യോഗികമായി പുറത്തിറങ്ങിയത്. അതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നവയുടെ എണ്ണം മോസില്ല കോര്‍പ്പറേഷന്‍ കണക്കെടുക്കുകയും ഇത് ലോകറെക്കോര്‍ഡിനായി അയക്കുകയും ചെയ്യും എന്ന് മുന്നേ അറിയിച്ചിരുന്നു. അതിനായി ഉപയോക്താക്കള്‍ക്ക് പ്രതിജ്ഞ എടുക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. ഏകദേശം 1 കോടിയില്‍ അധികം പേര്‍ പ്രതിജ്ഞ എടുത്തിരുന്നു.
ജൂണ്‍ 17-ന് ഫയര്‍ഫോക്സ് 3 പുറത്തിറങ്ങുമെന്ന് പ്രതിജ്ഞ എടുത്തവര്‍ക്കെല്ലാം മോസില്ല ഇ-മെയില്‍ അയക്കുകയും ചെയ്തു. അത് പ്രകാരം ജൂണ്‍ 17 രാവിലെ തന്നെ ജിജ്ഞാസാലുക്കളായ ഉപയോക്താക്കള്‍ ഫയര്‍ഫോക്സ് 3 വരാനായി സൈറ്റില്‍ കയറിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനെതിരെ ചിലര്‍ സ്പ്രെഡ് ഫയര്‍ഫോക്സ് എന്ന സൈറ്റില്‍ തെറിയഭിഷേകം വരെ നടത്തുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ മോസില്ലയുടെ ഔദ്യോഗിക ബ്ലോഗില്‍ ഫയര്‍ഫോക്സ് 3 ഇന്ത്യന്‍ സമയം രാത്രി 10.30-ന് പുറത്തിറങ്ങുമെന്ന് അറിയിച്ചു.
10.30-ന് സൈറ്റുകള്‍ എല്ലാം കൂടുതല്‍ ഹിറ്റ് വന്നതു കാരണം പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ബ്ലോഗില്‍ ഹിറ്റ് കൂടിയതു കാരണം സൈറ്റ് ഡൌണ്‍ ആണെന്നും 11.45-ന് ഫയര്‍ഫോക്സ് 3 ഔദ്യോഗികമായി പുറത്തിറങ്ങുമെന്നറിയിച്ചു കൊണ്ട് ബ്ലോഗില്‍ വീണ്ടും കുറിപ്പ് വന്നു.
ഫയര്‍ഫോക്സ് 3ന്റെ ഡൌണ്‍ലോഡ് സമയപരിധി കഴിഞ്ഞപ്പോള്‍ മോസില്ല കോര്‍പ്പറേഷനിലെ ജീവനക്കാര്‍ സന്തോഷത്തോടെ ഫോട്ടോക്ക് പൊസ് ചെയ്യുന്നു. പിറകില്‍ ആകെ ചെയ്ത ഡൌണ്‍ലോഡുകള്‍ കൃത്യമായി കാണാം
കൃത്യം 11.45-ന് ഫയര്‍ഫോക്സ് 3-മായി സെര്‍വര്‍ വീണ്ടും അപ് ആയി. എല്ലാവരും ഡൌണ്‍ലോഡിങ്ങ് ആരംഭിച്ചു. കൃത്യം 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡൌണ്‍ലോഡുകളുടെ എണ്ണം ഏതാണ്ട് 83 ലക്ഷം!!! അതായത് ഒരു മണിക്കൂറില്‍ ശരാശരി 345834 ഡൌണ്‍ലോഡുകള്‍.!!! ഒരു മിനുട്ടില്‍ ശരാശരി 14410 ഡൌണ്‍ലോഡുകള്‍!!!! ഇതില്‍ ഇന്ത്യയില്‍ നുന്നു മാത്രം ഏതാണ്ട് 75000 ഡൌണ്‍ലോഡുകള്‍ 24 മണിക്കൂറിനുള്ളില്‍ നടന്നു!!!
ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡുകള്‍ നടന്ന സോഫ്റ്റ്‌വെയര്‍ എന്ന ലോകറെക്കോര്‍ഡ് ഇതുവരെ പിറന്നിട്ടില്ല. തീക്കുറുക്കന്റെ ഈ ഭീകര ഡൌണ്‍ലോഡ് ഒരു ലോക റെക്കോര്‍ഡായി പരിഗണിക്കും. എങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ കഴിയും. ഇത് ഗിന്നസ് ബുക്ക് അധികൃതര്‍ പരിശോധിച്ചത് കൃത്യത ഉറപ്പുവരുത്താന്‍ ദിവസങ്ങള്‍ കഴിയും എന്നതിനാലാണിത്.
ഇപ്പോഴും ഏതാണ്ട് അതേ രീതിയില്‍ തന്നെ ഡൌണ്‍ലോഡ് നടക്കുന്നുണ്ട് . ഈ പോസ്റ്റ് എഴുതുന്ന സമയത്ത് ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഫയര്‍ഫോക്സ് 3 ന്റെ എണ്ണം 11,865,270 ആണ്(ഒരു കോടി പതിനെട്ട് ലക്ഷത്തി അറുപത്തഞ്ചായിരത്തി ഇരുന്നൂറ്റി എഴുപത് :) ) . ഇന്ത്യയില്‍ നിന്നുള്ള ഡൌണ്‍ ലോഡുകള്‍ 136,290(ഒരു ലക്ഷത്തി മുപ്പത്തി ആറായിരത്തി ഇരുന്നൂറ്റിതൊണ്ണൂറ് (136,290) ആണ്.
ലോകറെക്കോര്‍ഡിനായി പരിഗണിക്കപ്പെട്ട സമയത്ത് ഫയര്‍ഫോക്സ് 3 ഡൌണ്‍ലോഡ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും മോസില്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. എനിക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റ് നോക്കൂ.
നിങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഈ കണ്ണി ഞെക്കി നിങ്ങളുടെ പേര് എഴുതി(ഇംഗ്ലീഷില്‍ മാത്രം എഴുതുക) ഡൌണ്‍ലോഡ് ചെയ്യൂ..
നിങ്ങള്‍ ഇത് വരെ ഫയര്‍ഫൊക്സ് 3 -ലേക്ക് മാറിയില്ലേ!! വേഗം മാറിക്കോളൂ. ഇതാ ഡൌണ്‍ലോഡ് ലിങ്ക്
ചിത്രങ്ങള്‍ക്ക് കടപ്പാട് മോസില്ല ബ്ലോഗ്, ഫ്ലിക്കര്‍,crunchgear
Tuesday, June 17, 2008
തീക്കുറുക്കന്‍3 ഡൌണ്‍ലോഡ് ഡേ ഇന്ന് തന്നെ
മോസില്ല ഫൌണ്ടേഷന്റെ ഔദ്യോഗിക ബ്ലോഗില്‍ നിന്നുള്ള വിവരം അനുസരിച്ച് ഫയര്‍ഫോക്സ്(തീക്കുറുക്കന്‍) 3-ന്റെ ഡൌണ്‍ലോഡ് ഡേ ഇന്ന് തന്നെയാണ്. രാവിലെ മുതല്‍ കാത്തിരിക്കുകയായിരുന്നു ഒന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍. പക്ഷേ അവരുടെ ബ്ലോഗ് പറയുന്നതനുസരിച്ച് ഇത് 10:00 a.m. PDT (17:00 UTC) മാത്രമേ ആരംഭിക്കുകയുള്ളൂ. അതായത് നമ്മുടെ സമയം രാത്രി പത്തരക്ക്(10.30 PM IST). അപ്പോള്‍ എല്ലാവരും ഇന്ന് രാത്രി പത്തര മുതല്‍ നാളെ (18-ജൂണ്‍-2008) രാത്രി പത്തര വരെയുള്ള സമയത്തിനിടയില്‍ തീക്കുറുക്കനെ ഡൌണ്‍ലോഡ് ചെയ്യുമല്ലോ.
ബീറ്റ വേര്‍ഷന്‍ ഉപയോഗിച്ചതിന്റെ വെളിച്ചത്തില്‍ ഇത് തീക്കുറുക്കന്‍ 2-നെക്കാളും മികച്ചതാണ്. മലയാളം റെന്‍ഡറിങ്ങ് പെര്‍ഫെക്ട്. URL-കളില്‍ പോലും മലയാളം വ്യക്തമായി കാണാം.
വരൂ നമുക്കൊന്നിച്ച് സൃഷ്ടിക്കാം ഒരു ലോകറെക്കോര്‍ഡ് കൂടി.
ഡൌണ്‍ലോഡ് ഇവിടെ നിന്നോ ഇവിടെ നിന്നോ ചെയ്യാം
അപ്‌ഡേറ്റ് 1: മോസില്ലായുടെ ഔദ്യോഗിക ബ്ലോഗില്‍ വന്ന അപ്‌ഡേറ്റ് പ്രകാരം തീക്കുറുക്കനെ പരീക്ഷിക്കാനുള്ള ജനതയുടെ ജിജ്ഞാസ കാരണം ആവരുടെ സെര്‍വര്‍ ഓവര്‍ലോഡ് ആയിരിക്കുകയാണ് . ഇത് കാരണം ഇപ്പോള്‍ (സമയം :17/6/08 11.40 IST) സെര്‍വര്‍ ഡൌണ്‍ ആണ്. വെബ്‌സൈറ്റുകള്‍ ‘അപ് ‘ ആയതിനു ശേഷം മാത്രമേ ലോകറെക്കോര്‍ഡിനുള്ള സമയപരിധി ആരംഭിക്കുകയുള്ളൂ.
അപ്‌ഡേറ്റ് 2: മോസില്ല ഫയര്‍ഫോക്സ് 3 പുറത്തിറങ്ങിയിരിക്കുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത മോസില്ലയുടെ ഔദ്യോഗിക ബ്ലോഗില്‍ വന്നു. ലോകറെക്കോര്‍ഡില്‍ താങ്കള്‍ക്ക് പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോസില്ല ഫയര്‍ഫോക്സ് 3 ഇവിടെ നിന്നും 2008 ജൂണ്‍ 18 11.45 PM IST (ജൂണ്‍ 18 2008 11:16 a.m. PDT (18:16 UTC) )നു ഇടയില്‍ ഡൌണ്‍ലോഡ് ചെയ്യുക. രണ്ട് കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക.
- പൂര്‍ണ്ണമായും ഡൌണ്‍ലോഡ് ആയവ മാത്രമേ ഡൌണ്‍ലോഡിനു പരിഗണിക്കുകയുള്ളൂ
- നിങ്ങള്‍ ഇപ്പോള്‍ തന്നെ ഫയര്‍ഫോക്സ് 3-ന്റെ ബീറ്റാ വേര്‍ഷനോ, റിലീസ് കാന്റിഡേറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിലും 2008 ജൂണ്‍ 17 11.45 11.45 PM IST ക്കും 2008 ജൂണ്‍ 18 11.45 PM IST ക്കും ഇടയില്‍ പൂര്‍ണ്ണമായി ഡൌണ്‍ലോഡ് ആയവ മാത്രമേ ലോക റെക്കോര്‍ഡിനു പരിഗണിക്കുകയുള്ളൂ.
വീഡിയോ | മാറ്റങ്ങള്‍ | ഡൌണ്‍ലോഡ് |
Tuesday, June 10, 2008
അക്ഷരങ്ങളുടെ വില അറിയാത്തവരോടുള്ള പ്രതിഷേധം
Sunday, May 18, 2008
ഹാവൂ എന്റെ 32,000 രൂപ -നെറ്റ്വർക്ക് മാർക്കറ്റ് തട്ടിപ്പിനെക്കുറിച്ച്
“അതെ”
“ഈ വരുമാനം അടുത്ത വര്‍ഷം ചിലപ്പോള്‍ 18,000 ആയേക്കാം. മാക്സിമം 20,000. അതിനടുത്ത വര്‍ഷം മാക്സിമം 25,000. ഈ ഒരു വരുമാനം വെച്ച് എങ്ങനെ നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും? അതിനപ്പുറം നിങ്ങളുടെ ടൈറ്റ് വര്‍ക്ക് ഷെഡ്യൂള്‍. രാത്രി വൈകി വരെ ഉള്ള വര്‍ക്ക്. എന്നിട്ട് കിട്ടുന്നതോ തുച്ഛമായ 12,000 രൂപയും”
ഇങ്ങനെയായിരുന്നു ബാംഗ്ലൂര്‍ ഹൊസൂര്‍ റോഡിലുള്ള ഫോറം മാളിനു പുറത്തുള്ള ഒരു സിമന്റ് പലകയിലിരുന്ന് നമിത്ത് എന്നോട് സംസാരിച്ചിരുന്നത്. എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാനന്ന് ആദ്യമായി നമിത്തിനെ കാണുന്നത്.
“എടാ അനൂപേ നീ ഇന്ന് വൈകീട്ടെന്താ പരിപാടി?”
“എന്തെടാ മോഹന്‍ലാലിനൊപ്പം കൂടാന്‍ ആണോ?”
“പോടാ,ഞാന്‍ ആ ടൈപ്പല്ലെന്ന് നിനക്കറിയില്ലേ.ഒരു കാര്യമുണ്ട് “
“എന്തെടാ”
“പറയാം .നീ ഇന്നു വൈകുന്നേരം ഒരു മൂന്നു മൂന്നര ആകുമ്പോള്‍ ഫോറത്തില്‍ വാ. വന്നിട്ട് എനിക്ക് മിസ്സ് അടി”
“കാര്യം പറയെടാ”
“പറയാടാ.നീ വാ. നിനക്ക് ഗുണമുള്ള കാര്യമാ”
“ശരി, ഞാന്‍ വരാം. ഒകെ “
“ഒകെ ബൈ. അപ്പോള്‍ വൈകുന്നേരം കാണാം”
“ഒകെ”
സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ ഫോറത്തിലെത്തുന്നത്. അവിടെ വെച്ച് അവന്‍ എനിക്ക് നമിത്തിനെ പരിചയപ്പെടുത്തി തന്നു. എന്നിട്ടവന്‍ ഇപ്പോ വരാമെന്ന് പറഞ്ഞ് മുങ്ങി. നമിത്ത് വാചാലനായിരുന്നു. കൈയില്‍ ഒരു ഫയലുമായി അയാള്‍ ഒരു സെയില്‍സ് റെപ്രസന്റേറ്റീവിനെ പോലെ സംസാരിക്കാന്‍ തുടങ്ങി. അതും ഒരു 10-20 മിനുട്ട് സമയം. എന്നിട്ടും എന്താണ് പരിപാടി എന്ന് അവന്‍ പറയുന്നില്ല.
അങ്ങനെ ഒരു അര മണിക്കൂര്‍ കടന്നു പോയി. ഈ സമയങ്ങളിലൊക്കെ അയാള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ സ്വപ്നങ്ങളെക്കുറിച്ചും, അതു സംഭവിക്കാനുള്ള സാധ്യതകളെക്കുറിച്ചും വാചാലനായി. കുറെ വെള്ള കടലാസുകളില്‍ വരുമാനവും സ്വപ്നവും അക്കമിട്ടു നിരത്തി ഓരോന്നും അയാള്‍ ചേരും പടി ചേര്‍ത്തു കൊണ്ടിരുന്നു. അവസാനം ചേരും പടി ചേര്‍ന്നത് രണ്ടു മൂന്നെണ്ണം മാത്രം. അതും ചേരും പടി ചേരുക ഒരു 20 വര്‍ഷം കഴിഞ്ഞ്. അങ്ങനെ ഞാനീ 10-20 വര്‍ഷം പഠിച്ചതൊക്കെ വേറുതെ ആണെന്നും, ഈ ജോലി കൊണ്ട് ഒന്നും ജീവിതത്തില്‍ നേടാന്‍ സാധിക്കില്ലെന്നും, സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജോലി ഒരു വൈറ്റ് കോളര്‍ അടിമ ജോലി ആണെന്നുമൊക്കെ എന്നെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഇതിനൊക്കെ പരിഹാരം എന്ന നിലയില്‍ അയാള്‍ പരിചയപ്പെടുത്തിയത് ഒരു ഗോള്‍ഡ് ചെയിന്‍ ബിസിനസ്സിനെയാണ്. ചുരുങ്ങിയ കാലം കൊണ്ട് ലക്ഷപ്രഭുക്കളും,കോടീശ്വരരും ശത കോടീശ്വരരും ഒക്കെ ആവാന്‍ സാധ്യതയുള്ള ഒരു ബിസിനസ്. അതിനായി ദിവസത്തിന്റെയോ ആഴ്ചയുടെയോ മുഴുവന്‍ സമയവും ചിലവഴിക്കേണ്ട ആകെ വേണ്ടത് പാഴാക്കി കളയുന്ന ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം. ആ സമയങ്ങളില്‍ നമ്മുടെ സുഹൃത്തുക്കളെ കണ്ട് ഈ പ്രസ്ഥാനത്തെ പറ്റി പരിചയപ്പെടുത്തുക.ഇതിനായി ആദ്യം വേണ്ടത് 32,000 രൂപ അടച്ച് ഗോള്‍ഡ് ക്വസ്റ്റ് എന്ന ബിസിനസ് മാര്‍ക്കറ്റില്‍ അംഗമാകുക എന്നതാണ്. ഈ അംഗത്വം പരിശോധിച്ച് അതിന്റെ സാധുത ഉറപ്പു വരുത്തിയാല്‍ അവര്‍ ഒരു സ്വര്‍ണ്ണ നാണയം അയച്ചു തരും . ഈ നാണയങ്ങള്‍ അടിക്കുന്നത് ആകെ 2000 എണ്ണം മാത്രമാണ്. പിന്നെ ഒരിക്കലും ഈ നാണയങ്ങള്‍ അടിക്കുകയില്ല. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇത് നമുക്ക് വില്‍ക്കാം. അപ്പോള്‍ ഈ നാണയത്തിന്റെ മൂല്യം ഉയരും. അതിന്റെ അപ്പോഴത്തെ വില ചിലപ്പോള്‍ ലക്ഷമോ, പത്ത് ലക്ഷമോ കോടിയോ ആകാം. അത് മാത്രമല്ല ഇങ്ങനെ ഒരു മെമ്പര്‍ഷിപ്പ് നിങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ ഒരു ചങ്ങലയിലെ അംഗമാകുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ താഴെ അംഗങ്ങളെ ചേര്‍ക്കം. നിങ്ങളുടെ ശ്രേണിക്കു താഴെ ഒരു നിശ്ചിത അംഗങ്ങള്‍ ആകുമ്പോള്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത തുക കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്നു. നിങ്ങളുടെ കീഴില്‍ മൂന്ന് അംഗങ്ങള്‍ അകുമ്പോള്‍ നിങ്ങള്‍ക്ക് 12,000 രൂപ ലഭിക്കും. 3 അംഗങ്ങള്‍ എന്നത് ഒരു നേരെ താഴെ അല്ല. നിങ്ങള്‍ക്ക് താഴെ നിങ്ങള്‍ക്ക് രണ്ട് അംഗങ്ങളെ മാത്രം ചേര്‍ക്കാം. ഒന്ന് ഇടത് വശത്തും ഒന്ന് വലത് വശത്തും.പിന്നീട എതെങ്കിലും ഒരു വശത്ത് ഒരാള്‍ കൂടി ചേരുമ്പോള്‍ നിങ്ങള്‍ക്ക് 12,000 രൂപ ലഭിക്കും. പിന്നീട് ചേര്‍ക്കുന്നത് നിങ്ങളുടെ താഴെയുള്ളവരും ശ്രദ്ധിക്കും. അവര്‍ ചേര്‍ത്താലും നിങ്ങള്‍ക്ക് പണം ലഭിക്കും. നോക്കൂ നിങ്ങളുടെ താഴെ 6 പേര്‍ ചേര്‍ന്നെന്നു കരുതുക. നിങ്ങള്‍ക്ക് കിട്ടുന്നത് 28,000 രൂപ. പിന്നീട് ഈ 6 പേരും നിങ്ങളും ചേര്‍ന്ന് ഒരു 10 പേരെ കൂടി ചേര്‍ക്കുന്നു എന്ന് കരുതുക അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 1 ലക്ഷത്തി പതിനറായിരം രൂപ.
ഇങ്ങനെ കണക്കു പുസ്തകത്തില്‍ സംഖ്യകള്‍ കൂടി വരുന്നു. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ ശരാശരി ഒരു വര്‍ഷം 32 ലക്ഷം രൂപയിലധികം സമ്പാദിക്കാം. കുറച്ചു മാസം കഴിഞ്ഞാല്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് പണം കിട്ടും.കാരണം നിങ്ങളുടെ താഴെയുള്ളവര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും.
വാഗ്ദാനപ്പെരുമഴ ഇങ്ങനെയൊക്കെയായിരുന്നു. ഒരു വര്‍ഷം 32 ലക്ഷം രൂപ എന്നത് നമിത്ത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അത് നേടിയ ചിലരുടെ ഫോട്ടോയും, സ്വര്‍ണ്ണനാണയം ലേലത്തില്‍ വിറ്റ് വലിയ തുക നേടിയ ചിലരുടെ പടങ്ങളും എനിക്ക് കാട്ടിത്തന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ അസോസിയെറ്റ്‌സ് എന്നും സീനിയേഴ്‌സ് എന്നുമറിയപ്പെടുന്ന ചിലര്‍(അയാളുടെ ചങ്ങലക്ക് താഴെയുള്ളവര്‍ അസോസിയേറ്റ്സ് എന്നുംമുകളില്‍ ഉള്ളവര്‍ സീനിയേര്‍സ് എന്നും അറിയപ്പെടുന്നു) കൂടി വന്നു. എന്റെ സുഹൃത്തിനൊപ്പം. അവര്‍ എന്നെ പരിചയപ്പെടുകയും അവരും ഗോള്‍ഡ് ക്വസിനെക്കുറിച്ച് വാചാലരായി. അതിലൊരാള്‍ എന്നോട് ചോദിച്ചു.
“ അനൂപിന് ഇതൊക്കെ കേട്ടിട്ട് എന്തു തോന്നുന്നു. ഇതില്‍ താല്പര്യം ഉണ്ടോ?”
ഇല്ലെങ്കിലും ഉണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞാന്‍ പറഞ്ഞു.
“ കൊള്ളാം. താല്പര്യമൊക്കെയുണ്ട്. പക്ഷേ ഈ വലിയ തുകയാണ് പ്രശ്നം. ഇത് ഇന്‍സ്റ്റാള്‍മെന്റ് ആയി അടക്കാന്‍ പറ്റുമോ?”
“ ഇല്ല. തുക മുഴുവന്‍ ആയി അടക്കണം. ഒരു കാര്യം ചെയ്യാം. അനൂപിന് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടൊ?”
“ഇല്ല”
“ഓ.. എന്നാല്‍ ഒരു കാര്യം ചെയ്യാം. നമുക്കൊന്ന് സംഘടിപ്പിക്കാം.”
അവര്‍ ഉടന്‍ തന്നെ ആരെയോ ഫോണ്‍ ചെയ്യുന്നു.ഫോണ്‍ എനിക്ക് തരുന്നു. എന്റെ വിവരങ്ങള്‍ ഒക്കെ തിരക്കുന്നു മറുതലക്കിരിക്കുന്ന സ്ത്രീ. അങ്ങനെ ഒരാഴ്ച കൊണ്ട് എനിക്ക് ക്രിഡിറ്റ് കാര്‍ഡ് റെഡി ആകുമെന്ന് അവര്‍ പറയുന്നു. ഒരു പ്രൂഫും കാണിക്കാതെ എനിക്കങ്ങനെ എച്ച്.എസ്.ബി.സി ക്രെഡിറ്റ് കാര്‍ഡും കിട്ടുന്നു.
“അപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയാലുടന്‍ എന്നെ മിസ്സ് അടിക്ക്. ഇതാണെന്റെ നമ്പര്‍”
അയാള്‍ നമ്പര്‍ തരുന്നു. എന്നെ കൂടുതല്‍ വിശ്വസിപ്പിക്കാനായി അവര്‍ അടുത്തുള്ള ഒരു ഇന്റര്‍നെറ്റ് കഫേയിലേക്ക് പോയി ഗോള്‍ഡ് ക്വെസ്റ്റിന്റെ വെബ്‌സൈറ്റ് കാണിച്ചു തരികയും ഒപ്പം അതിലൊരു മെമ്പര്‍ക്ക് കിട്ടാന്‍ പോകുന്ന ചെക്കിന്റെ വിവരങ്ങളും കാണിച്ചു തന്നു.
അങ്ങനെ ഒരു വിധം അവരുടെ കൈയില്‍ നിന്നും ഊരി ഞാന്‍ എന്റെ റൂമിലെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് എന്നെ വിളിച്ചു.
“എടാ നീചേരുന്നില്ലേ. നീ നാളെ തന്നെ ചേര്. പൈസ ഇപ്പോള്‍ ഇല്ലെങ്കില്‍ ഞാന്‍ തരാം. ക്രെഡിറ്റ് കാര്‍ഡ് കിട്ടിയിട്ട് തിരിച്ചു തന്നാല്‍ മതി. എത്രയും വേഗം ചേര്‍ന്നാല്‍ അത്രയും ലാഭമുണ്ടാകും.”
“ഞാനൊന്നാലോചിക്കട്ടെ.”
“പോടാ ഇനി എന്താ ഇത്ര ആലോചിക്കാന്‍. ഞാന്‍ അവര്‍ക്ക് ചെക്ക് കൊടുക്കട്ടെ”
“വേണ്ട.ഞാന്‍ പറയാം.”
“ഓ ശരി. എന്നാ ഞാന്‍ പിന്നെ വിളിക്കാം.”(അവന്റെ ശബ്ദം മാറിയിരുന്നു)
അങ്ങനെ ഒരാഴ്ച കടന്നു. എനിക്ക് ക്രെഡിറ്റ് കാര്‍ഡ് കിട്ടി. സുഹൃത്ത് വിളിച്ചപ്പോള്‍ ഞാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. പിന്നെ 2-3 ആഴ്ചത്തേക്ക് അവന്‍ എന്നെ വിളിച്ചതേ ഇല്ല.
ഈയിടെ ചെന്നൈയില്‍ അറസ്റ്റ് ചെയ്ത ക്വസ്റ്റ് നെറ്റ് ഇന്റര്‍നാഷണല്‍ എന്റര്‍പ്രൈസസിന്റെ (വലയില്‍ അകപ്പെട്ട )ചിലര്‍ എന്നെ സമീപിച്ചതിന്റെ കഥയാണ് മുകളില്‍ വിവരിച്ചത്. ഇപ്പോള്‍ ഈ സംരഭത്തിന്റെ ചെന്നൈ, കൊച്ചി ഓഫീസുകള്‍ പൂട്ടിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഒരു വാര്‍ത്ത ഇന്നലെ മലയാള മനോരമ ബാംഗ്ലൂര്‍ എഡിഷനില്‍ വന്നിരുന്നു. ഇതില്‍ ഒട്ടനവധി മലയാളികളും പെട്ടിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ദന്തഡോക്ടര്‍മാരാണ് കൂടുതല്‍ കുടുങ്ങിയതെന്ന് മനോരമ പറയുന്നു. അവര്‍ മാത്രമല്ല. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന നിരവധി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരും ഇതില്‍ അകപ്പെട്ടിട്ടുണ്ട് എന്നെനിക്കുറപ്പാണ്.
സത്യം പറയട്ടെ ഇതു പോലെ മറ്റു 2,3 സംരഭങ്ങളുടെ റെപ്രസന്റേറ്റീവ്സും എന്നെ സമീപിച്ചിരുന്നു. ഞാനവര്‍ക്കും ചെവി കൊടുത്തിട്ടില്ല.
എന്താണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്?
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിനെ ഇംഗ്ലീഷ് വിക്കിപീഡിയ വിവരിക്കുന്നതിങ്ങനെ.
Multi-level marketing (MLM), also known as Network Marketing is a business distribution model that allows a parent multi-level marketing company to market their products directly to consumers by means of relationship referral and direct selling.
ഇംഗ്ലീഷ് വിക്കിയിലെ ലേഖനം മുഴുവനായി ഇവിടെ വായിക്കാം.
ഉല്പന്നങ്ങളോ വസ്തുവകകളോ കടയില്‍ നിന്നു നേരിട്ടു വാങ്ങാതെ ഉപയോക്താവിലേക്ക് നേരിട്ട് എത്തിക്കുന്നതിനെയാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ നേട്ടങ്ങളെ പറ്റിയും അതിന്റെ ദൂഷ്യവശങ്ങളെ പറ്റിയും അടുത്ത പോസ്റ്റില്‍ വിശദമായി എഴുതാം.
Sunday, May 11, 2008
ഐ.പി.എല്ലും ഇന്ത്യന്‍ നാഗരികതയുടെ വളര്‍ച്ചയും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) പാതി വഴി പിന്നിട്ടപ്പോള്‍ തെളിയുന്ന ഒരു വസ്തുത അത് ഇന്ത്യന്‍ നാഗരികതയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഇന്ത്യന്‍ നാഗരികതയുടെ വളര്‍ച്ചയിലെ ആദ്യകാലങ്ങളില്‍ മുന്നേറിയിരുന്ന കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ തന്നെ ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ തന്നെ തുടങ്ങിയതാണ് ഈ സാദൃശ്യം. അതിന് സഹായകമായത് വിദേശികളുടെ സഹായമാണെന്നതും ഇന്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
രാജസ്ഥാന്‍ തുടങ്ങിയ ടീമുകളുടെ മുന്നേറ്റം രാജഭരണകാലത്ത് ജയ്‌പൂരിന്റെ പ്രൌഡിയെയും സമ്പന്നതയെയുമായി താരതമ്യപ്പെടുത്താം. അതുപോലെ സമ്പന്നമായ ടീമംഗങ്ങള്‍(രാജാവും പ്രജകളും) ആദ്യ പാതിയില്‍ വളരെ പിന്നോട്ട് പോയ ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ ടീമുകളും അവ പ്രതിനിധീകരിക്കുന്ന നഗരത്തിന്റെ ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നു.
ചെന്നൈ എന്ന നഗരത്തിന്റെ ചരിത്രത്തിന് എന്നും ദത്തുപുത്രന്മാരുടെയും,പുത്രിമാരുടെയും കഥ പറയാനുണ്ടാകും. അതു പോലെ തന്നെ ചെന്നൈ ടീം ഐ.പി.എല്ലിലെ തന്നെ ഏറ്റവും വലിയ ലേലത്തുകക്ക് സ്വന്തമാക്കിയ ധോണിയും ചെന്നൈ നഗരത്തിന്റെ ദത്തു പുത്രനും ,ഏറ്റവും വലിയ ആരാധ്യനുമായിരിക്കുന്നു.
ആദ്യപാദത്തില്‍ മുന്നേറിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പിന്നീട് തുടര്‍ച്ചയായി പരാജപ്പെട്ടതും ,ദല്‍ഹി പിന്നീട വിജയപാതയിലേക്ക് വഴി മാറിയതിനെയും 1911-ല്‍ ദല്‍ഹി ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചതുമായി താരതമ്യപ്പെടുത്താം.
ഇതില്‍ ഏറ്റവും സാദൃശ്യം മുംബൈ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങളും പിന്നീടുള്ള മൂന്നു മത്സരങ്ങളിലെ വിജയവുമാണ്.
ആദ്യപാദം പിന്നിട്ടപ്പോള്‍ മുന്നിട്ടു നില്‍ക്കുന്ന ടീമുകള്‍ അവ പ്രതിനിധീകരിക്കുന്ന നഗരങ്ങളുടെ ചരിത്രത്തെ തന്നെ പ്രതിനിധീകരിക്കുന്നില്ലേ.ഇപ്പോള്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ മുംബൈയും,ബാംഗ്ലൂരും, ചെന്നൈയും,ഡല്‍ഹിയും മറ്റു ടീമുകളെ പിന്നിലാക്കി സെമിയില്‍ എത്തുമോ? എങ്കില്‍ ചരിത്രം വീണ്ടും ഹസ്യരൂപത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന് പറയേണ്ടി വരും.
Friday, April 11, 2008
എന്റെ ഗ്നു/ലിനക്സ് പരീക്ഷണങ്ങള്‍
Saturday, January 12, 2008
ജലം
നിന്നെയും കാത്ത് ഒരു ജലത്തുള്ളി
അര്‍ത്ഥം കലര്‍ന്നുള്ള ഒരു മന്ദഹാസം
ഒരു പുഞ്ചിരി
ഏകാന്തതയില്‍ ഒരു പൊട്ടിക്കരച്ചില്‍
കറുത്ത പക്ഷികളുടെ സംഗീതം
ആരോടും പറയാതെ തുലാവര്‍ഷം
അവസാനം എന്റെ നാക്കിലേക്ക്
ഒരു തുള്ളി ജലം