Saturday, October 24, 2009

നന്ദി ബ്ലോഗര്‍ നന്ദി

ഏതാണ്ടു രണ്ടു വര്‍ഷത്തിലധികമായി ബ്ലോഗര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഞാന്‍ സ്വന്തമായുള്ളൊരു ഡൊമൈനിലേക്ക് മാറാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയുള്ള എന്റെ ബ്ലോഗ് അപ്ഡേറ്റുകള്‍ http://www.anoopp.in/ എന്ന ബ്ലോഗിലായിരിക്കും ലഭ്യമാക്കുക.


നന്ദി ബ്ലോഗര്‍ നന്ദി....

Friday, July 17, 2009

ഫയര്‍ഫോക്സ് 3.5.1-ലേക്ക് മാറുക

നിങ്ങള്‍ ഫയര്‍ഫോക്സ് 3.5 ഉപയോഗിക്കുന്ന ആളാണെങ്കില്‍ 3.5.1-ലേക്ക് ഉടന്‍ മാറുക. 3.5-ല്‍ കണ്ടുപിടിച്ച ഒരു ജാവാസ്ക്രിപ്റ്റ് ബഗ്ഗ് നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാരെ സഹായിച്ചേക്കാം. അതുകാരണം ഫയര്‍ഫോക്സ് 3.5.1-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുക.

http://blog.mozilla.com/security/2009/07/14/critical-javascript-vulnerability-in-firefox-35/


3.5.1-ലേക്ക് മാറാന്‍

ഫയല്‍ മെനുവിലെ Help ഞെക്കി Help-> Check for Updates എന്ന ലിങ്ക് ഞെക്കുക.
അവിടെ Install Updates എന്ന ബട്ടണ്‍ ഞെക്കി 3.5.1-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക.

ശ്രദ്ധിക്കുക: നിങ്ങള്‍ ഫയര്‍ഫോക്സ് 3.5-നു താഴെയുള്ള പതിപ്പുകള്‍ ആണുപയോഗിക്കുന്നതെങ്കില്‍ ഈ ബഗ്ഗിനെ പേടിക്കേണ്ടതില്ല.

Wednesday, July 8, 2009

ഇനി ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും

അങ്ങനെ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സെര്‍ച്ച് രംഗത്തെ അതികായകന്മാരായ ഗൂഗിള്‍ ബ്രൌസറിനു ശേഷം ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2009 ജൂലൈ 7-ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബ്രൌസര്‍ പുറത്തിറക്കുന്ന വിവരം
ഗൂഗിള്‍ അറിയിച്ചത്
. ഗൂഗിള്‍ ക്രോം ഒ.എസ് എന്നു പേരിട്ടിരിക്കുന്ന ഈ ഗ്നു/ലിനക്സ് അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം 2010 മദ്ധ്യത്തോടെ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്നു.

ലിനക്സ് അധിഷ്ഠിതമാണെങ്കിലും സാധാരണ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഗ്നോം, കെ.ഡി.ഇ എന്നീ പണിയിട സംവിധാനങ്ങള്‍ (Desktop Environments) ഒന്നും ക്രോം ഒ.എസ് ഉപയോഗിക്കുന്നില്ല. ഗൂഗിള്‍ തന്നെ നിര്‍മ്മിക്കുന്ന ഒരു പുതിയ പണിയിട സം‌വിധാനം ആണ് ഇതിലുപയോഗിക്കാന്‍ പോകുന്നത്.ഇതു വഴി പുതിയതും ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തതുമായ ഒരു ഡെസ്ക്ടോപ്പ് അനുഭവം പ്രദാനം ചെയ്യുവാന്‍ തങ്ങള്‍ക്കാകുമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാന്‍ ഓപ്പണ്‍സോഴ്‌സ് സമൂഹത്തിനോട് ഗൂഗിള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ചില പ്രതികരണങ്ങള്‍

ഗൂഗിള്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നു എന്നു കേട്ട ഉടനെ തന്നെ മാദ്ധ്യമങ്ങള്‍ ആ വിവരം ആഘോഷിക്കുകയുണ്ടായി. പല മാദ്ധ്യമങ്ങളും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു ഒരു ഭീഷണിയായാണ് ഗൂഗിളിന്റെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണഭിപ്രായപ്പെട്ടത്. എങ്കിലും
ലിനക്സ് കേര്‍ണല്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പണിയിട സംവിധാനത്തില്‍ മാത്രം കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതിനെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണോ അല്ല പണിയിട സംവിധാനം ആണോ എന്ന സന്ദേഹം ചിലര്‍ക്കെങ്കിലുമുണ്ട്.

Tuesday, June 30, 2009

മോസില്ല ഫയര്‍ഫോക്സ് 3.5 പുറത്തിറങ്ങി

ഏറെ നാളത്തെ നീണ്ട കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം മോസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ 3.5 പുറത്തിറങ്ങി.2009 ജൂണ്‍ 30-നാണ് ഇത് പുറത്തിറങ്ങിയത്. നിരവധി പ്രത്യേകതകളുമായാണ് ഫയര്‍ഫോക്സ് 3.5 ഉപയോക്താക്കളിലെത്തുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് വെബ്‌പേജുകള്‍ റെന്‍ഡര്‍ ചെയ്യാനെടുക്കുന്ന വേഗമാണ്. ഫയര്‍ഫോക്സ് തന്നെ അവതരിപ്പിക്കുന്ന ചാര്‍ട്ട് നോക്കൂ.


മറ്റൊരു പ്രത്യേകത ഫയര്‍ഫോക്സ് 3.5 -ല്‍ അവതരിപ്പിച്ചിരിക്കുന്ന സ്വകാര്യ ബ്രൌസിങ്ങ് ആണ്. ഇപ്പോള്‍ തന്നെ ഗൂഗിള്‍ ക്രോമിലും ഇന്റര്‍നെറ്റര്‍ 8-ലും അവതരിപ്പിച്ചിരിക്കുന്ന ഈ രീതിയുപയോഗിച്ച് നിങ്ങള്‍ ബ്രൌസ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന സെഷനും,കുക്കികളും എല്ലാം ഒഴിവാക്കാം.

മറ്റു പ്രധാന പ്രത്യേകതകള്‍ താഴെ പറയുന്നു

 • ഫിഷിങ്ങ് ,മാല്‍‌വെയര്‍ സൈറ്റുകളെ പ്രതിരോധിക്കുന്നതിനുള്ള സം‌വിധാനം
 • ടാബുകലുടെ പുനര്‍ക്രമീകരണം + എന്ന ഒരു കീ ഉപയോഗിച്ച് തുറക്കാന്‍ കഴിയുന്ന സം‌വിധാനം. അടച്ച ടാബുകള്‍ Ctrl+Shift+T ഉപയോഗിച്ച് തുറക്കാനുള്ള സം‌വിധാനം.
 • ഓസം ബാര്‍- നിങ്ങള്‍ മുന്ന് സന്ദര്‍ശിച്ചിട്ടുള്ള വെബ്‌സൈറ്റുകള്‍ യു.ആര്‍.എല്‍ ടൈറ്റില്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താനുള്ള മാര്‍ഗം
 • പാസ്‌വേഡ് മാനേജറിലും ഡൌണ്‍ലോഡ് മാനേജറിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.
 • അബദ്ധത്തില്‍ ഫയര്‍ഫോക്സ് അടച്ചുവെങ്കില്‍ അപ്പോള്‍ തുറന്ന എല്ലാ സെഷനുകളും വീണ്ടും തുറക്കുവാനുള്ള സം‌വിധാനം
 • തീമുകളും, ആഡ് ഓണുകളും ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സം‌വിധാനം
 • 70-ല്‍ അധികം ഭാഷകളില്‍ ഉള്ള പതിപ്പുകള്‍
ഫയര്‍ഫോക്സ് 3.5-ന്റെ എല്ലാ പ്രത്യേകതകളും അറിയുന്നതിന് ഇവിടെ ഞെക്കുക.

ഫയര്‍ഫോക്സ് 3.5 എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം?

ഇപ്പോള്‍ ഫയര്‍ഫോക്സ് 3 ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് 3.5-ലേക്ക് മാറണമെന്നുണ്ടെങ്കില്‍ എളുപ്പമാണ്. മോസില്ല ഫയര്‍ഫോക്സ് തുറന്ന് Help->Check for updates എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക. ഫയര്‍ഫോക്സ് തന്നെ പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

ഇപ്പോള്‍ ഫയര്‍ഫോക്സ് അല്ലാതെ മറ്റു ബ്രൌസറുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ഇവിടെ പോയി ഫയര്‍ഫോക്സ് 3.5 ഡൌണ്‍ലോഡ് ചെയ്യുക.

ഫയര്‍ഫോക്സ് 3.5 മലയാളത്തിലും

ഫയര്‍ഫോക്സ് 3.5 റിലീസിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്തത് മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് തികച്ചും ആഹ്ലാദകരമായ സംഭവമാണ്. ഇതുവരെ ഇംഗ്ലീഷ് ഭാഷയും മറ്റു 50 ഓളം ഭാഷകളിലും മാത്രം ഇറങ്ങിയ ഫയര്‍ഫോക്സ് ബ്രൌസര്‍ ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തിലും ലഭ്യമാകും. സ്വതന്ത്ര മലയാ‍ളം കമ്പ്യൂട്ടിങ്ങ് എന്ന സ്വതന്ത്ര കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയിലെ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഫയര്‍ഫോക്സ് 3.5 പതിപ്പ് മലയാളത്തിലും ലഭ്യമായത്. ഇപ്പോള്‍ ബീറ്റ പതിപ്പ് ആണ് ലഭ്യമായിട്ടുള്ളത്. ഫയര്‍ഫോക്സിന്റെ അടുത്ത പതിപ്പായ 3.6 പുറത്തിറങ്ങുന്നതോടെ ഇത് സ്റ്റേബിള്‍ ആയ ഒരു പതിപ്പ് ആയിരിക്കും. ഇപ്പോള്‍ മലയാളത്തെക്കൂടാതെ ഇന്ത്യന്‍ ഭാഷകളായ തമിഴ്, കന്നട, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്, ഒറിയ എന്നീ ഭാഷകളില്‍ ഫയര്‍ഫോക്സ് ലഭ്യമാണ്.

ഫയര്‍ഫോക്സിന്റെ 3.5 മലയാളം പതിപ്പ് ഇവിടെ ലഭ്യമാണ്.

മലയാളം ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ, ഉപയോഗിക്കുമ്പോഴോ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഒരു കമന്റിടുക.Sunday, June 28, 2009

ട്വിറ്ററിന്റെ ലോകത്തേക്ക്


ആഗോളവല്‍ക്കരണം ലോകത്തെ ഒരു കൊച്ചുഗ്രാമമായിത്തീര്‍ത്തിരിക്കുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. വിവരസാങ്കേതികവിദ്യയും മറ്റും നല്‍കുന്ന സാധ്യതകള്‍ ഇത്‌ സാധ്യമാക്കാന്‍ ഒരുപരിധിവരെ സഹായമാകുകയും ചെയ്തിട്ടുണ്ട്‌.

ഇന്റര്‍നെറ്റ്‌ തുറന്നിട്ട ഈ പുത്തന്‍ സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക്‌ വലിയൊരു സ്വാതന്ത്ര്യമാണ്‌ പ്രഖ്യാപിച്ചത്‌. 2001-ല്‍ ബ്ലോഗ്‌ പോലുള്ള മാധ്യമങ്ങള്‍ നിലവില്‍ വന്നതോടു കൂടി ഒരു എഡിറ്ററുടെ കത്രിക വീഴാതെത്തന്നെ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പുറം ലോകത്തെ അറിയിക്കുന്നതിന്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ സാധിച്ചു.

കാലത്തിന്റെ ഗതിവേഗത്തില്‍ ബ്ലോഗിന്‌ ലഭിച്ച പുതിയ രൂപമാണ്‌ മൈക്രോബ്ലോഗിംഗ്‌. ഒരു ചെറിയ ആശയത്തെ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സംഭവത്തിന്റെ സമകാലീന വിവരത്തെ ഒരു നിശ്ചിത അക്ഷരപരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ എഴുതി അതിനെ ഒരു വെബ്സൈറ്റിലേക്ക്‌ അപ്ലോഡ്‌ ചെയ്യുന്നതിനെയാണ്‌ മൈക്രോബ്ലോഗിംഗ്‌ എന്നു പറയുന്നത്‌. ചുരുങ്ങിയ വാക്കുകളില്‍ ഒരു ചാറ്റിന്റെയോ ടെക്സ്റ്റ്‌ മെസേജിന്റെയോ ലാഘവത്തോടെ വിവരങ്ങള്‍ കൈമാറാമെന്നതാണ്‌ മൈക്രോബ്ലോഗിംഗിന്റെ നേട്ടം.

സാധാരണരീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ ബ്രൗസറുകളില്‍ നിന്ന്‌ ബ്ലോഗ്‌ ചെയ്യുന്ന രീതിയില്‍ത്തന്നെ മൈക്രോബ്ലോഗിംഗും ചെയ്യാം. എന്നാല്‍ ജി.പി.ആര്‍.എസ്‌ സൗകര്യം ലഭ്യമാക്കിയിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്നും നിങ്ങളുടെ ഇന്‍സ്റ്റന്റ്‌ മെസഞ്ചറില്‍ നിന്നും ബ്ലോഗ്‌ ചെയ്യാം എന്നുള്ളതാണ്‌ ഈ സര്‍വീസിനെ സാധാരണ ബ്ലോഗിംഗില്‍ നിന്ന്‌ വ്യത്യസ്തമാക്കുന്നത്‌. കമ്പ്യൂട്ടറിന്റെ സഹായമില്ലാതെയും അതിവേഗത്തില്‍ ബ്ലോഗ്‌ ചെയ്യാനും വിവരങ്ങള്‍ സുഹൃത്തുക്കളെയും മറ്റുള്ളവരെയും അറിയിക്കാന്‍ സാധിക്കും എന്നത്‌ മൈക്രോബ്ലോഗിംഗിന്‌ കൂടുതല്‍ ജനകീയത പ്രദാനം ചെയ്യുന്നു.
മൈക്രോബ്ലോഗിംഗ്‌ സര്‍വീസ്‌ നല്‍കുന്ന പ്രധാനപ്പെട്ട ചില വെബ്സൈറ്റുകളാണ്‌ ട്വിറ്റര്‍, പ്ലര്‍ക്ക്‌, ജൈകു എന്നിവ.

അല്‍പം ചരിത്രം

2006 മാര്‍ച്ച്‌ ഒന്നിന്‌ ഫേസ്‌ ബുക്ക്‌ സ്റ്റാറ്റസ്‌ അപ്ഡേറ്റ്‌ എന്ന സര്‍വീസ്‌ ആരംഭിച്ചതോടെയാണ്‌ മൈക്രോബ്ലോഗിംഗിന്റെ ചരിത്രം ആരംഭിച്ചതു എന്നു പറയാം. തുടര്‍ന്ന്‌ മൈക്രോബ്ലോഗിംഗ്‌ രംഗത്തെ പ്രധാന സര്‍വീസ്‌ നല്‍കുന്ന ട്വിറ്റര്‍ 2006 ജൂലൈ 13-ന്‌ നിലവില്‍ വന്നു. ഏതാണ്ട്‌ ഇതേ സമയത്തു തന്നെയാണ്‌ ജൈകുവും ആരംഭിച്ചത്‌. അതിനുശേഷം 2007 ഒക്ടോബര്‍ 9-ന്‌ ജൈകുവിനെ ഗൂഗിള്‍ വാങ്ങി. എങ്കിലും ഈ രംഗത്ത്‌ കൂടുതല്‍ ശ്രദ്ധ നേടിയത്‌ ട്വിറ്റര്‍ തന്നെയാണ്‌.

ഇനി നമുക്ക്‌ മൈക്രോബ്ലോഗിംഗ്‌ രംഗത്തെ പ്രധാന സര്‍വീസ്‌ ആയ ട്വിറ്റര്‍ ഉപയോഗിച്ച്‌ എങ്ങനെ ബ്ലോഗ്‌ ചെയ്യാം എന്ന്‌ നോക്കാം. ട്വിറ്റര്‍ ഉപയോഗിച്ച്‌ ബ്ലോഗ്‌ ചെയ്യുന്നതിനെ ട്വീറ്റ്‌ ചെയ്യുക എന്നാണ്‌ പറയുന്നത്‌.

ട്വീറ്റ്‌ ചെയ്യുന്നതെങ്ങനെ ?

 • ട്വീറ്റ്‌ ചെയ്യുന്നതിന്‌ ആദ്യം ട്വിറ്റര്‍ വെബ്സൈറ്റ്‌ ഓപ്പണ്‍ ചെയ്യണം. ഇതിന്‌ www.twitter.com-ല്‍ എത്തുക.
  Twitter
 • ട്വിറ്റര്‍ എന്താണെന്ന്‌ ഈ താളില്‍ത്തന്നെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്‌. What are you doing? എന്ന ചോദ്യത്തിന്‌ 140 അക്ഷരങ്ങളില്‍ ഒതുങ്ങിനിന്ന്‌ ഉത്തരം നല്‍കുന്നതാണ്‌ ലളിതമായി പറഞ്ഞാല്‍ ഒരു ട്വീറ്റ്‌. ട്വീറ്റ്‌ ചെയ്യുന്നതിനായി ആദ്യം ട്വിറ്ററില്‍ ഒരു അക്കൗണ്ട്‌ തുറക്കുകയാണ്‌ വേണ്ടത്‌. സൗജന്യമായി അക്കൗണ്ട്‌ തുറക്കാവുന്നതേയുള്ളൂ.
 • പ്രധാന താളിലെ Join the conversion എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ അക്കൗണ്ട്‌ തയ്യാര്‍. തുടര്‍ന്ന്‌ നിങ്ങള്‍ക്ക്‌ ട്വിറ്ററില്‍ സ്വന്തമായി ഒരു പേജും ലഭിക്കം. നിങ്ങളുടെ യൂസര്‍നെയിം ram123 എന്നാണെങ്കില്‍ www.twitter.com/ram123 എന്ന രീതിയിലായിരിക്കും ഹോം പേജ്‌.
 • തുടര്‍ന്ന്‌ ലഭിക്കുന്ന പേജ്‌ ട്വിറ്ററിനെക്കുറിച്ച്‌ നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കാനുള്ളതാണ്‌. ഇവിടെ ഇമെയില്‍ യൂസര്‍നെയിമും പാസ്‌വേഡും നല്‍കിയാല്‍ നിങ്ങളുടെ അഡ്രസ്‌ ബുക്കിലുള്ള സുഹൃത്തുക്കള്‍ക്കെല്ലാം ട്വിറ്ററിലേക്കുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കും. ഇത്‌ ഒഴിവാക്കണമെങ്കില്‍ ആ പേജിന്റെ താഴെകാണുന്ന skip എന്ന ലിങ്ക്‌ ക്ലിക്ക്‌ ചെയ്താല്‍ മതി.
 • ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന പേജിന്റെ മുകളില്‍ What are you doing? എന്ന ഭാഗത്ത്‌ നിങ്ങളുടെ സന്ദേശങ്ങള്‍ ടൈപ്പ്‌ ചെയ്യാം. അതിനായി ആ പേജില്‍ കാണുന്ന ടെക്‌സ്റ്റ്‌ ബോക്സില്‍ നിങ്ങളുടെ സന്ദേശം എഴുതി Update ബട്ടണ്‍ അമര്‍ത്തുക. നിങ്ങളുടെ ട്വീറ്റിന്‌ 140-ല്‍ കൂടുതല്‍ അക്ഷരങ്ങള്‍ ഉണ്ടെങ്കില്‍ അത്‌ അപ്ഡേറ്റ്‌ ചെയ്യുകയില്ല. എത്ര അക്ഷരങ്ങള്‍ ടൈപ്പ്‌ ചെയ്തു എന്ന്‌ അറിയുവാന്‍ സമീപത്തുള്ള നമ്പര്‍ നോക്കിയാല്‍ മതി.
  Twitter Join
 • ഇങ്ങനെ നിങ്ങള്‍ ചെയ്യുന്ന ട്വീറ്റുകള്‍ ട്വീറ്റോസ്ഫിയറിലെ മറ്റു ഉപയോക്താക്കള്‍ക്ക്‌ കാണണമെങ്കില്‍ അവര്‍ നിങ്ങളുടെ ട്വീറ്റുകള്‍ ഫോളോ ചെയ്യണം. അതിനായി നിങ്ങളുടെ സുഹൃത്തിന്റെയോ മറ്റോ ട്വീറ്റുകള്‍ കാണുമ്പോള്‍ സമീപത്തുള്ള Follow him എന്ന ബട്ടണ്‍ അമര്‍ത്തുക. ഇനി അഥവാ ഏതെങ്കിലും സുഹൃത്ത്‌ നിങ്ങളുടെ ട്വീറ്റുകള്‍ കാണേണ്ട എന്നുണ്ടെങ്കില്‍ ബ്ലോക്ക്‌ ചെയ്യാനുള്ള ഓപ്ഷനുകളും ഉണ്ട്‌.

മൈക്രോബ്ലോഗിംഗിന്റെ സാമൂഹിക പ്രസക്തി

സിറ്റിസണ്‍ ജേര്‍ണലിസം രംഗത്ത്‌ ബ്ലോഗുകളും മൈക്രോബ്ലോഗുകളും പ്രധാന പങ്ക്‌ വഹിക്കുണ്ട്‌. ഈയടുത്ത്‌ മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ബ്ലോഗിംഗിനോടൊപ്പം മൈക്രോബ്ലോഗിംഗും പ്രധാന പങ്കുവഹിച്ചു. മുംബൈ നിവാസികളായ നിരവധി മൈക്രോബ്ലോഗുകാര്‍ അക്രമ പരമ്പരയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അപ്പപ്പോള്‍ തന്നെ ജനങ്ങളിലേക്ക്‌ ട്വിറ്റര്‍ വഴിയും മറ്റു മൈക്രോബ്ലോഗിംഗ്‌ സര്‍വീസുകള്‍ വഴിയും എത്തിച്ചുകൊണ്ടേയിരുന്നു.

ബ്ലോഗുകളിലൂടെയുള്ള ആശയപ്രചാരണത്തിന്‌ ചില രാജ്യങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുതന്നെ അതിന്റെ സാധ്യതകളെ ഭരണകൂടം ഭയക്കുന്നതു കൊണ്ടാണ്‌.

മൈക്രോബ്ലോഗിംഗും മലയാളവും

140 അക്ഷരങ്ങളില്‍ ഒരു ആശയത്തെ പ്രതിനിധീകരിക്കുന്നതിനുള്ള സാങ്കേതികവൈഷമ്യം കാരണമാവണം മലയാളം മൈക്രോബ്ലോഗിംഗ്‌ ഇതുവരെ അത്ര സജീവമായിട്ടില്ല. എങ്കിലും സമീപഭാവിയില്‍ തന്നെ മൊബൈല്‍ ഫോണുകളില്‍ മലയാളം ജനകീയമാകുന്നതോടെ മലയാളം മൈക്രോബ്ലോഗുകളും സജീവമാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്‍ തെറ്റില്ല.

2009 ഫെബ്രുവരി മാസം ടെക് വിദ്യ മാഗസിനില്‍ മൈക്രോബ്ലോഗിംഗിന്റെ ലോകത്തേക്ക് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം.


Sunday, June 14, 2009

കണ്ണാടിയും മലയാള സമൂഹവും


ഏഷ്യാനെറ്റില്‍ എല്ലാ ഞായറാഴ്ചയും രാത്രി 10 മണിക്ക് സം‌പ്രേഷണം ചെയ്യുന്ന പരിപാടിയാണ് കണ്ണാടി. മലയാള ചാനലുകളുടെ ചരിത്രത്തില്‍ , ഇത്രയും അധികം നീണ്ടു നിന്ന, സാമൂഹികമായി ഇടപെടുന്ന ഒരു പരിപാടി ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. 700-ല്‍ അധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഈ ഏഷ്യാനെറ്റ് പ്രോഗ്രാം ഞാനിഷ്ടപ്പെടുന്നതിനു കാരണം അത് അവതരിപ്പിക്കുന്ന വിഷയങ്ങളും അതിന്റെ സാമൂഹികമായ ഇടപെടലുകളും മൂലമാണ്. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ രാഷ്ട്രീയമായും, മത,ജാതി,സമുദായ,വിദ്യാഭ്യാസ,സാമ്പത്തിക അസമത്വങ്ങള്‍ അനുഭവിക്കുന്ന ഒരു സമൂഹത്തെ മുഖ്യധാരയുടെ മുന്‍പിലെത്തിക്കുവാനും അവയില്‍ ചിലതിലെങ്കിലും നടപടികളെടുക്കുവാനും ഈ പരിപാടിക്കു കഴിഞ്ഞിട്ടുണ്ട്.
ടി.എന്‍. ഗോപകുമാര്‍ അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രത്യേകതയായ “പ്രേക്ഷക നിധി“ രോഗങ്ങളാലും മറ്റും പ്രശ്നങ്ങളനുഭവിക്കുന്ന ഒരു സമൂഹത്തെ സഹായിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും, ഇന്ത്യയുടെ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചപ്പോഴും കണ്ണാടി പ്രേക്ഷകര്‍ “പ്രേക്ഷക നിധിയിലൂടെ“ സ്വരൂപിച്ച പണം ഒരു വലിയ ജനതക്ക് ഒരാശ്വാസം തന്നെയായി.

കണ്ണാടി 2009 ജൂണ്‍ 14-ന് സം‌പ്രേഷണം ചെയ്ത എപ്പിസോഡിന്റെ അവസാനം പറഞ്ഞത് മലയാളി സമൂഹത്തിന്റെ ജീര്‍ണ്ണത ശരിക്കും തുറന്നു കാട്ടുന്നതായിരുന്നു. കണ്ണാടിയുടെ പ്രേക്ഷകനിധിയിലേക്ക് സം‌ഭാവന നല്‍കുന്നത് പ്രേക്ഷകര്‍ തന്നെയാണ്. കേരളത്തിനു പുറത്തും, അകത്തുമുള്ള ഒരു വലിയ സമൂഹം ഇതിലേക്ക് സം‌ഭാവനകള്‍ നല്‍കുന്നുണ്ട്. കണ്ണാടി പ്രോഗ്രാമിന്റെ അവസാനം സം‌ഭാവന നല്‍കിയവരുടെ പേരു വിവരങ്ങള്‍ വായിക്കാറുമുണ്ട്.. ഇങ്ങനെ സ്വന്തം പേരു ടി.വി. യിലൂടെ കേള്‍ക്കുന്നതിനു വേണ്ടി മാത്രം ചില വിരുതര്‍ ചെക്കുകള്‍ കണ്ണാടി പ്രോഗ്രാമിന്റെ പേരിലേക്ക് അയച്ചു കൊടുക്കുന്നു. ഈ ചെക്കുകള്‍ പ്രോസസ് ചെയ്യാന്‍ വേണ്ടി ബാങ്കിലേക്ക് അയച്ചപ്പോള്‍ മാത്രമാണ് അതൊരു ബ്ലാങ്ക് ചെക്കാണെന്നു മനസിലാകുന്നത്.

ഇങ്ങനെ ബ്ലാങ്ക് ചെക്കുകള്‍ അയച്ച് ഒരു വലിയ സമൂഹത്തെ വിഡ്ഡികള്‍ ആക്കുന്നത് ,മലയാളി സമൂഹത്തിന്റെ മറ്റൊരു ജീര്‍ണ്ണിച്ച വൈചിത്ര്യമായിരിക്കണം. സ്വന്തം പേരു വിവരം ടി വിയില്‍ കേള്‍ക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ അതിനു വേറെ എത്ര വഴികളുണ്ട്. പേരു വിവരം കേള്‍പ്പിക്കാന്‍ വേണ്ടി മാത്രം മലയാളത്തില്‍ ചാനലുകള്‍ പോലും ഉണ്ട്. അവിടെയൊക്കെ 12 മുതല്‍ 15 വരെ മണിക്കൂറുകള്‍ ലൈവ് ആയി നിങ്ങളുടെ പേരുകള്‍ കേട്ടു കൊണ്ടേയിരിക്കാം. ഇത്തരം നല്ല പ്രവര്‍ത്തനങ്ങളെ എങ്കിലും വെറുതെ വിട്ടു കൂടെ എന്റെ മലയാളി സമൂഹമേ???
ചിത്രത്തിനു കടപ്പാട് :ഏഷ്യാനെറ്റ്

Tuesday, June 2, 2009

മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് 10000 ലേഖനങ്ങള് പിന്നിട്ടിരിക്കുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഈ അവസരത്തില്‍ മലയാളം വിക്കി സമൂഹം പുറത്തിറക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം

ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് (http://ml.wikipedia.org) 10,000 ലേഖനങ്ങള്‍ പിന്നിട്ടു.

2009 ജൂണ്‍ 1-നാണ് മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലേറെ വരുന്ന ഉപയോക്താക്കളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളാണ് വിക്കിപീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കിപീഡിയകള്‍ തെലുങ്ക്‌,ഹിന്ദി, മറാഠി , ബംഗാളി , ബിഷ്ണുപ്രിയ മണിപ്പൂരി , തമിഴു് എന്നിവയാണ്2009 ജൂണ്‍ 1-ലെ കണക്കനുസരിച്ച് 10,574 രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണുള്ളത്. ഇതില്‍ 13 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.

എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ്‌ വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്‌.

2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കിപീഡിയ ആറര വര്‍ഷത്തിനുള്ളില്‍ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കിപീഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കാറുണ്ട്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വലിയൊരു ഉപയോക്തൃവൃന്ദം ഈ സ്വതന്ത്രസംരംഭത്തില്‍ പങ്കാളിയാകുകയാണെങ്കില്‍ വിക്കിപീഡിയയുടെ വളര്‍ച്ച ഇനിയും അതിവേഗത്തിലാകാന്‍ സാധ്യതയുണ്ടെന്ന് മലയാളം വിക്കിപീഡിയയുടെ സജീവ പ്രവര്‍ത്തകര്‍ പറയുന്നു.

മലയാളം വിക്കിപീഡിയ മികച്ചുനില്‍ക്കുന്ന മേഖലകള്‍

മലയാളം വിക്കിപീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കിപീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ചു് മറ്റു് പല മാനദണ്ഡങ്ങളിലും മലയാളം വിക്കിപീഡിയ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.

* ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
* ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
* ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു്‌ നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ
* ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്കത്തിന്റെ കാര്യത്തില്‍,

തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിവായനശാല, വിക്കിനിഘണ്ടു തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കിപീഡിഅയകളെ അപേക്ഷിച്ച് വളരെയധികം മുന്‍പിലാണ്. രജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഈയടുത്ത കാലത്തു് ഹിന്ദി വിക്കിപീഡിയ മലയാളം വിക്കിപീഡിയയെ മറികടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രെജിറ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയയും മലയാളം വിക്കിപീഡിയ ആയിരുന്നു.

ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണനിലവാരമുള്ള ഉള്ളടക്കമാണ് മലയാളം വിക്കിപീഡിയയിലുള്ളത്. മലയാളം വിക്കിപീഡിയയുടെ ഈ പ്രത്യേകത, മറ്റു് ഇന്ത്യന്‍ ഭാഷകളിലെ വിക്കിപീഡിയപ്രവര്‍ത്തകര്‍ മലയാളംവിക്കിപീഡിയയെ സൂക്ഷമമായി നിരീക്ഷിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ മലയാളം വിക്കിപീഡിയയിലെ 10,000 ലേഖനങ്ങളില്‍ വലിയൊരുഭാഗം ഭൂമിശാസ്ത്രസംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലേഖനങ്ങളുണ്ടു്. ശാസ്ത്രവിഭാഗത്തില്‍ ജ്യോതിശാസ്ത്ര വിഭാഗത്തില്‍ മാത്രമാണു് അടിസ്ഥാനവിഷയളില്‍ എങ്കിലും ലേഖനങ്ങളുള്ളത്

കുറച്ചു നാളുകള്‍ക്കു് മുന്‍പു് കേരളാ സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വവിജ്ഞാനകോശം (http://sarvavijnanakosam.gov.in/a-brief-his.htm) GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരളസര്‍ക്കാര്‍ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടുത്താനല്ലാതെ ഇതു് വരെ സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിക്കിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍, സര്‍‌വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും.

സ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കേന്ദ്ര-കേരളാ ഗവര്‍‌മെന്റ് ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി സന്നദ്ധസേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു് മലയാളം വിക്കിപീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം.


മലയാളം വിക്കി സമൂഹത്തിന്റെ വിലാസം : https://lists.wikimedia.org/mailman/listinfo/wikiml-l

വിക്കിപീഡിയ പത്രക്കുറിപ്പിന്റെ ലിങ്ക്: http://ml.wikipedia.org/wiki/Wikipedia_press_release/10000

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇതു വരെ പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളും, ബ്ലോഗുകളും:

മാതൃഭൂമിയില്‍
മലയാളം വെബ്‌ദുനിയയില്‍
ടെക്‌വിദ്യയില്‍

കുറിഞ്ഞി ഓണ്‍ലൈനില്‍
ഷിജുവിന്റെ ബ്ലോഗില്‍
ജുനൈദിന്റെ ബ്ലോഗില്‍
ശനിയന്റെ ബ്ലോഗില്‍

Sunday, March 8, 2009

കടലില്‍ നിന്നു മണല്‍ വാരുന്നവര്‍

പുഴകളുടെയും, നദികളുടെയും ശാപമായിക്കഴിഞ്ഞിരിക്കുന്നു ഇന്ന് മണല്‍ വാരല്‍. നദികളിലെ മണല്‍ വാരലിനു കര്‍ശന നിയന്ത്രണങ്ങള്‍ വന്നതിലാകണം ഇപ്പോള്‍ പുഴയെ ഉപേക്ഷിച്ച് കടലിലേക്ക് കടന്നിരിക്കുന്നു ഇക്കൂട്ടര്‍. കണ്ണൂര്‍ കോട്ടക്കു സമീപത്തു നിന്ന് ജെ.സി.ബിയുപയോഗിച്ച് മണല്‍ വാരുന്നതിന്റെ ചില ദൃശ്യങ്ങള്‍...ജെ.സി.ബി ഉപയോഗിച്ച് മണല്‍ വാരി തൊട്ടടുത്ത ഒരു ഇരുമ്പു ചങ്ങാടത്തിലേക്ക് മാറ്റുന്നു.ഒരു ‘ലോഡ്‘ ആയി.ചങ്ങാടം ഇനി കരയിലേക്ക്...

ചങ്ങാടം കരയിലേക്ക് നീങ്ങുന്നു...


അടുത്ത ലോഡിനായി കാത്തുനില്‍ക്കുന്നവര്‍...


മണലിനായി കാത്തു നില്‍ക്കുന്ന ലോറി.മരങ്ങള്‍ക്കിടയില്‍ കാണാം..


ലോറിയുടെ ചിത്രം...


നിളയും,പെരിയാറും മഴവെള്ളപാച്ചിലുകള്‍ മാത്രമാകുന്നു. വളപട്ടണം പുഴയും, തൂതപ്പുഴയും വിസ്മൃതിയിലേക്ക് ഒഴുകുന്നു... അടുത്ത നോട്ടം ഇനി അറബിക്കടലിലേക്ക്.

Tuesday, February 17, 2009

നോട്ടം

Friday, January 30, 2009

കണ്ണാടി നോക്കുന്ന ദൈവങ്ങള്‍കണ്ണാടി നോക്കുന്ന ദൈവങ്ങള്‍ എന്നൊരു പോസ്റ്റ് മുന്‍പ് കണ്ണൂരാന്‍ ഇട്ടിരുന്നു. പലരും തെറ്റിദ്ധരിച്ച ഒരു പോസ്റ്റാണത്. കണ്ണാടി നോക്കുന്നത് ഒരു അനുഷ്ഠാനത്തിന്റെ ഭാഗമാണെന്ന് അറിയാത്ത പലരും അതിനെ തെയ്യം കലാകാരന്‍ സ്വന്തം സൌന്ദര്യം വീക്ഷിക്കുകയാണെന്ന് തെറ്റിദ്ധരിച്ചു.

അനുഷ്ഠാനഭാഗമായി കണ്ണാടി നോക്കുകയും,വെറ്റിലയില്‍ വെള്ളം കുടിക്കുകയും ചെയ്യുന്ന മുച്ചിലോട്ടു ഭഗവതി തെയ്യം. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ചെറുപഴശ്ശി കണ്ടനാര്‍ പൊയില്‍ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ നിന്നു പകര്‍ത്തിയത്.


Saturday, January 17, 2009

അബ്ദുള്ളക്കുട്ടിയുടെ വികസന നയങ്ങള്‍

കേരളത്തിന്റെ വികസനം എന്ന പദം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. ഇത്തവണ അബ്ദുള്ളക്കുട്ടി എന്ന കണ്ണൂര്‍ എം.പി വികസനക്കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന പ്രസ്താവനയെ പാര്‍ട്ടിക്ക് രസിക്കാത്തതിനാല്‍ അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് സി.പി.ഐ.എമ്മിന്റെ മയ്യില്‍ ഏരിയ കമ്മറ്റി സസ്പെന്റ് ചെയ്തിരിക്കുന്നു. സസ്പെന്റ് ചെയ്തതിനു ശേഷം വാര്‍ത്താപ്രവര്‍ത്തകരോട് സംസാരിച്ച അബ്ദുള്ളക്കുട്ടി തന്റെ സസ്‌പെന്‍ഷന്‍ നാട്ടിലെ യുവാക്കളെയാകെ വിഷമിപ്പിക്കുന്നുവെന്നും പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷമായി കണ്ണൂര്‍ ലോകസഭാമണ്ഡലത്തിന്റെ എം.പിയാണ് അബ്ദുള്ളക്കുട്ടി. ഇന്ന് വികസനവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയുടെ പേരില്‍ അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്ക് പുറത്തേക്ക് പോകുമ്പോള്‍ ഒരു സാധാരണ കണ്ണൂരുകാരന്‍ അബ്ദുള്ളക്കുട്ടിയോട് ചോദിക്കുന്നത് ഇതായിരിക്കും.
“കഴിഞ്ഞ പത്തു വര്‍ഷമായിട്ടും കണ്ണൂര്‍ എം.പി ആയിരുന്നിട്ട് താങ്കള്‍ കണ്ണൂരിന്റെ വികസനത്തിനായി എന്തൊക്കെ ചെയ്തു? താങ്കളുടെ തന്നെ വെബ്‌സൈറ്റില്‍ താങ്കളുടെ അച്ചീവ്‌മെന്റായി കാണുന്നത് വളരെക്കുറച്ച് മാത്രമാണ് . ഇത്രയും കാര്യങ്ങള്‍ മാത്രമേ 10 വര്‍ഷമായി അങ്ങേക്ക് ചെയ്യാന്‍ കഴിഞ്ഞുള്ളൂവെങ്കില്‍ താങ്കളുടെ 10 വര്‍ഷങ്ങള്‍ കണ്ണൂരിനെ സംബന്ധിച്ചെടുത്തോളം പരിതാപകരമായിരുന്നു. “

Sunday, January 4, 2009

കേരള സ്കൂള്‍ കലോത്സവം


തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന നാല്പത്തി ഒമ്പത്താമത് കേരള സ്കൂള്‍ കലോത്സവം അതിന്റെ അവസാന നാളിലേക്ക് കടക്കുകയാണല്ലോ. ഈ സാഹചര്യത്തിലാണ് മലയാളം വിക്കിപീഡിയയില്‍ കേരള സ്കൂള്‍ കലോത്സവത്തെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചത്. ലഭ്യമായ വിവരങ്ങള്‍ വെച്ച് ‘കേരള സ്കൂള്‍ കലോത്സവം’ എന്നൊരു ലേഖനം സൃഷ്ടിക്കുകയും ചെയ്തു. ഈ ലേഖനത്തിലേക്ക് ഇപ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് താഴെപ്പറയുന്ന താളുകളില്‍ നിന്നാണ്.
 1. http://www.schoolkalolsavam.in/history.html
 2. മലയാള മനോരമ
 3. ഇന്ത്യാടുഡെ
 4. ദ ഹിന്ദു

ബ്ലോഗ് വായനക്കാര്‍ക്കായി ബ്ലോഗിലും കേരള സ്ക്ലൂള്‍ കലോത്സവം എന്ന ലേഖനത്തിന്റെ ഇപ്പോഴത്തെ രൂപം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

കേരള സ്കൂള്‍ കലോത്സവം

കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂള്‍ കലോത്സവം. എല്ലാവര്‍ഷവും ഡിസംബര്‍-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ല്‍ . 2008 വരെ സംസ്ഥാന സ്കൂള്‍ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂള്‍ കലോത്സവം എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂള്‍ കലോത്സവം അറിയപ്പെടുന്നു.

സ്കൂള്‍,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങള്‍ക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.

ചരിത്രം

1956-ല്‍ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന്‍ തമ്പുരാനും, ഗണേശ അയ്യര്‍ എന്ന പ്രഥമാധ്യാപകനും ചേര്‍ന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചത്. ജി.എസ്. വെങ്കടേശ്വരയ്യര്‍ അന്ന് ഡല്‍ഹിയില്‍ അന്തര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ . ഈ പരിപാടിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. ജനുവരി 24 മുതല്‍ 26 വരെ എറണാകുളം എസ്സ്. ആര്‍.വി. ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ യുവജനോല്‍സവം അരങ്ങേറി.അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികള്‍ സ്കുള്‍ തലത്തില്‍ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക്

1975-ല്‍ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങള്‍ മത്സര ഇനങ്ങളായി ചേര്‍ത്തത് ഈ വര്‍ഷമായിരുന്നു. കലോത്സവത്തിനു മുന്‍പു നടക്കുന്ന ഘോഷയാത്രയും ആര്‍ംഭിച്ചതും 1975-ല്‍ തന്നെ.

കലാതിലകം, പ്രതിഭാ പട്ടങ്ങള്‍

കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയന്റുകള്‍ നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകം എന്ന പട്ടവും, ആണ്‍കുട്ടിക്ക് കലാപ്രതിഭ എന്ന പട്ടവും നല്‍കുന്ന പതിവുണ്ടായിരുന്നു. 1986-ല്‍ ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്‌ ഇതാരംഭിച്ചത്. കവി ചെമ്മനം ചാക്കോയാണ്‌ പ്രതിഭ എന്ന പേരു നിര്‍ദ്ദേശിച്ചത്. ആദ്യത്തെ പ്രതിഭാ പട്ടം നേടിയത് പിന്നീട് ചലച്ചിത്ര നടനായി മാറിയ വിനീത് ആയിരുന്നു. കലാതിലകം പൊന്നമ്പളി അരവിന്ദും. 2006-ലെ കലോത്സവം മുതല്‍ കലോത്സവ കമ്മറ്റി തിലക പ്രതിഭാ പട്ടങ്ങള്‍ നല്‍കുന്ന പതിവ് ഉപേക്ഷിച്ചു.2005-ല്‍ തിലകം നേടിയ ആതിര ആര്‍. നാഥാണ് അവസാനത്തെ തിലക പട്ടമണിഞ്ഞത്. ആ വര്‍ഷം പ്രതിഭാപട്ടം ഇല്ലായിരുന്നു.

സ്വര്‍ണ്ണക്കപ്പ്

കലോത്സവത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കുന്ന പതിവ് 1986-മുതല്‍ തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദേശത്തില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ്‌ 117.5 പവന്‍ ഉള്ള സ്വര്‍ണ്ണക്കപ്പ് പണിതീര്‍ത്തത്. 2008 വരെ ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നല്‍കാറ്. 2009-ല്‍ ഹയര്‍സെക്കന്ററി കലോത്സവം കൂടെ ഒന്നിച്ച നടക്കുന്നതിനാല്‍ 2009-ലെ കലോത്സവം മുതല്‍ ഈ കപ്പ് ഹൈസ്കൂള്‍ ,ഹയര്‍സെക്കന്ററി തലങ്ങളില്‍ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന റവന്യു ജില്ലക്കാണ്‌ നല്‍കുന്നത്.

കലോത്സവ വേദികള്‍

1956 മുതല്‍ കലോത്സവം നടന്ന വേദികളാണ്‌ ചുവടെ
ക്രമനമ്പര്‍ വര്‍ഷം വേദി
1 1957 എറണാകുളം
2 1958 തിരുവനന്തപുരം
3 1959 ചിറ്റൂര്‍
4 1960 കോഴിക്കോട്
5 1961 തിരുവനന്തപുരം
6 1962 ചങ്ങനാശ്ശേരി
7 1963 തൃശ്ശൂര്‍
8 1964 തിരുവല്ല
9 1965 ഷൊര്‍ണ്ണൂര്‍

1966 കലോത്സവം നടന്നില്ല

1967 കലോത്സവം നടന്നില്ല
10 1968 തൃശ്ശൂര്‍
11 1969 കോട്ടയം
12 1970 ഇരിങ്ങാലക്കുട
13 1971 ആലപ്പുഴ

1972 കലോത്സവം നടന്നില്ല

1973 കലോത്സവം നടന്നില്ല
14 1974 മാവേലിക്കര
15 1975 പാലാ
16 1976 കോഴിക്കോട്
17 1977 എറണാകുളം
18 1978 തൃശ്ശൂര്‍
19 1979 കോട്ടയം
20 1980 തിരുവനന്തപുരം
21 1981 പാലക്കാട്
22 1982 കണ്ണൂര്‍
23 1983 എറണാകുളം
24 1984 കോട്ടയം
25 1985 എറണാകുളം
26 1986 തൃശ്ശൂര്‍
27 1987 കോഴിക്കോട്
28 1988 കൊല്ലം
29 1989 എറണാകുളം
30 1990 ആലപ്പുഴ
30 1990 ആലപ്പുഴ
31 1991 കാസര്‍ഗോഡ്
32 1992 തിരൂര്‍
33 1993 ആലപ്പുഴ
34 1994 തൃശ്ശൂര്‍
35 1995 കണ്ണൂര്‍
36 1996 കോട്ടയം
37 1997 എറണാകുളം
38 1998 തിരുവനന്തപുരം
39 1999 കൊല്ലം
40 2000 കൊല്ലം
41 2001 തൊടുപുഴ
42 2002 കോഴിക്കോട്
43 2003 ആലപ്പുഴ
44 2004 തൃശ്ശൂര്‍
45 2005 തിരൂര്‍
46 2006 എറണാകുളം
47 2007 കണ്ണൂര്‍
48 2008 കൊല്ലം
49 2009 തിരുവനന്തപുരം

കേരള സ്കൂള്‍ കലോത്സവം 2008-2009

നാല്പത്തിഒമ്പൊതാമത് കേരള സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വെച്ച് 2008 ഡിസംബര്‍ 30 മുതല്‍ 2009 ജനുവരി 5 വരെ നടക്കുകയാണ്‌. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ നയരേഖകള്‍ അനുസരിച്ചാണ്‌ കലോത്സവത്തിന്റെ നടത്തിപ്പ്. നിരവധി പ്രത്യേകതകളുമായാണ്‌ ഈ കലോത്സവം നടക്കുന്നത്. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍‌വ്വഹിച്ചു.


ഈ ലേഖനത്തിലേക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. കലോത്സവത്തിന്റെ ചരിത്രം, കലാതിലകം,പ്രതിഭ പട്ടം നേടിയവരുടെ പേരു വിവരം(വര്‍ഷക്രമത്തില്‍) ,ഇതുവരെ നടന്ന കലോത്സവങ്ങളുടെ ലോഗോ, വിമര്‍ശനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാവുന്നവര്‍ അത് വിക്കിപീഡിയയിലെ ലേഖനത്തിലോ, ഈ പോസ്റ്റിനു കമന്റായോ നല്‍കണമെന്ന് അപേക്ഷ. ഇതുമായി ബന്ധപ്പെട്ട് എതെങ്കിലും ഗ്രന്ഥങ്ങളോ,സുവനീറുകളോ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങളും നല്‍കുവാന്‍ അപേക്ഷ.