Tuesday, June 30, 2009

മോസില്ല ഫയര്‍ഫോക്സ് 3.5 പുറത്തിറങ്ങി

ഏറെ നാളത്തെ നീണ്ട കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം മോസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ 3.5 പുറത്തിറങ്ങി.2009 ജൂണ്‍ 30-നാണ് ഇത് പുറത്തിറങ്ങിയത്. നിരവധി പ്രത്യേകതകളുമായാണ് ഫയര്‍ഫോക്സ് 3.5 ഉപയോക്താക്കളിലെത്തുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് വെബ്‌പേജുകള്‍ റെന്‍ഡര്‍ ചെയ്യാനെടുക്കുന്ന വേഗമാണ്. ഫയര്‍ഫോക്സ് തന്നെ അവതരിപ്പിക്കുന്ന ചാര്‍ട്ട് നോക്കൂ.


മറ്റൊരു പ്രത്യേകത ഫയര്‍ഫോക്സ് 3.5 -ല്‍ അവതരിപ്പിച്ചിരിക്കുന്ന സ്വകാര്യ ബ്രൌസിങ്ങ് ആണ്. ഇപ്പോള്‍ തന്നെ ഗൂഗിള്‍ ക്രോമിലും ഇന്റര്‍നെറ്റര്‍ 8-ലും അവതരിപ്പിച്ചിരിക്കുന്ന ഈ രീതിയുപയോഗിച്ച് നിങ്ങള്‍ ബ്രൌസ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന സെഷനും,കുക്കികളും എല്ലാം ഒഴിവാക്കാം.

മറ്റു പ്രധാന പ്രത്യേകതകള്‍ താഴെ പറയുന്നു

 • ഫിഷിങ്ങ് ,മാല്‍‌വെയര്‍ സൈറ്റുകളെ പ്രതിരോധിക്കുന്നതിനുള്ള സം‌വിധാനം
 • ടാബുകലുടെ പുനര്‍ക്രമീകരണം + എന്ന ഒരു കീ ഉപയോഗിച്ച് തുറക്കാന്‍ കഴിയുന്ന സം‌വിധാനം. അടച്ച ടാബുകള്‍ Ctrl+Shift+T ഉപയോഗിച്ച് തുറക്കാനുള്ള സം‌വിധാനം.
 • ഓസം ബാര്‍- നിങ്ങള്‍ മുന്ന് സന്ദര്‍ശിച്ചിട്ടുള്ള വെബ്‌സൈറ്റുകള്‍ യു.ആര്‍.എല്‍ ടൈറ്റില്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താനുള്ള മാര്‍ഗം
 • പാസ്‌വേഡ് മാനേജറിലും ഡൌണ്‍ലോഡ് മാനേജറിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.
 • അബദ്ധത്തില്‍ ഫയര്‍ഫോക്സ് അടച്ചുവെങ്കില്‍ അപ്പോള്‍ തുറന്ന എല്ലാ സെഷനുകളും വീണ്ടും തുറക്കുവാനുള്ള സം‌വിധാനം
 • തീമുകളും, ആഡ് ഓണുകളും ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സം‌വിധാനം
 • 70-ല്‍ അധികം ഭാഷകളില്‍ ഉള്ള പതിപ്പുകള്‍
ഫയര്‍ഫോക്സ് 3.5-ന്റെ എല്ലാ പ്രത്യേകതകളും അറിയുന്നതിന് ഇവിടെ ഞെക്കുക.

ഫയര്‍ഫോക്സ് 3.5 എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം?

ഇപ്പോള്‍ ഫയര്‍ഫോക്സ് 3 ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് 3.5-ലേക്ക് മാറണമെന്നുണ്ടെങ്കില്‍ എളുപ്പമാണ്. മോസില്ല ഫയര്‍ഫോക്സ് തുറന്ന് Help->Check for updates എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക. ഫയര്‍ഫോക്സ് തന്നെ പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

ഇപ്പോള്‍ ഫയര്‍ഫോക്സ് അല്ലാതെ മറ്റു ബ്രൌസറുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ഇവിടെ പോയി ഫയര്‍ഫോക്സ് 3.5 ഡൌണ്‍ലോഡ് ചെയ്യുക.

ഫയര്‍ഫോക്സ് 3.5 മലയാളത്തിലും

ഫയര്‍ഫോക്സ് 3.5 റിലീസിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്തത് മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് തികച്ചും ആഹ്ലാദകരമായ സംഭവമാണ്. ഇതുവരെ ഇംഗ്ലീഷ് ഭാഷയും മറ്റു 50 ഓളം ഭാഷകളിലും മാത്രം ഇറങ്ങിയ ഫയര്‍ഫോക്സ് ബ്രൌസര്‍ ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തിലും ലഭ്യമാകും. സ്വതന്ത്ര മലയാ‍ളം കമ്പ്യൂട്ടിങ്ങ് എന്ന സ്വതന്ത്ര കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയിലെ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഫയര്‍ഫോക്സ് 3.5 പതിപ്പ് മലയാളത്തിലും ലഭ്യമായത്. ഇപ്പോള്‍ ബീറ്റ പതിപ്പ് ആണ് ലഭ്യമായിട്ടുള്ളത്. ഫയര്‍ഫോക്സിന്റെ അടുത്ത പതിപ്പായ 3.6 പുറത്തിറങ്ങുന്നതോടെ ഇത് സ്റ്റേബിള്‍ ആയ ഒരു പതിപ്പ് ആയിരിക്കും. ഇപ്പോള്‍ മലയാളത്തെക്കൂടാതെ ഇന്ത്യന്‍ ഭാഷകളായ തമിഴ്, കന്നട, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്, ഒറിയ എന്നീ ഭാഷകളില്‍ ഫയര്‍ഫോക്സ് ലഭ്യമാണ്.

ഫയര്‍ഫോക്സിന്റെ 3.5 മലയാളം പതിപ്പ് ഇവിടെ ലഭ്യമാണ്.

മലയാളം ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ, ഉപയോഗിക്കുമ്പോഴോ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഒരു കമന്റിടുക.Sunday, June 28, 2009

ട്വിറ്ററിന്റെ ലോകത്തേക്ക്


ആഗോളവല്‍ക്കരണം ലോകത്തെ ഒരു കൊച്ചുഗ്രാമമായിത്തീര്‍ത്തിരിക്കുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. വിവരസാങ്കേതികവിദ്യയും മറ്റും നല്‍കുന്ന സാധ്യതകള്‍ ഇത്‌ സാധ്യമാക്കാന്‍ ഒരുപരിധിവരെ സഹായമാകുകയും ചെയ്തിട്ടുണ്ട്‌.

ഇന്റര്‍നെറ്റ്‌ തുറന്നിട്ട ഈ പുത്തന്‍ സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക്‌ വലിയൊരു സ്വാതന്ത്ര്യമാണ്‌ പ്രഖ്യാപിച്ചത്‌. 2001-ല്‍ ബ്ലോഗ്‌ പോലുള്ള മാധ്യമങ്ങള്‍ നിലവില്‍ വന്നതോടു കൂടി ഒരു എഡിറ്ററുടെ കത്രിക വീഴാതെത്തന്നെ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പുറം ലോകത്തെ അറിയിക്കുന്നതിന്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ സാധിച്ചു.

കാലത്തിന്റെ ഗതിവേഗത്തില്‍ ബ്ലോഗിന്‌ ലഭിച്ച പുതിയ രൂപമാണ്‌ മൈക്രോബ്ലോഗിംഗ്‌. ഒരു ചെറിയ ആശയത്തെ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സംഭവത്തിന്റെ സമകാലീന വിവരത്തെ ഒരു നിശ്ചിത അക്ഷരപരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ എഴുതി അതിനെ ഒരു വെബ്സൈറ്റിലേക്ക്‌ അപ്ലോഡ്‌ ചെയ്യുന്നതിനെയാണ്‌ മൈക്രോബ്ലോഗിംഗ്‌ എന്നു പറയുന്നത്‌. ചുരുങ്ങിയ വാക്കുകളില്‍ ഒരു ചാറ്റിന്റെയോ ടെക്സ്റ്റ്‌ മെസേജിന്റെയോ ലാഘവത്തോടെ വിവരങ്ങള്‍ കൈമാറാമെന്നതാണ്‌ മൈക്രോബ്ലോഗിംഗിന്റെ നേട്ടം.

സാധാരണരീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ ബ്രൗസറുകളില്‍ നിന്ന്‌ ബ്ലോഗ്‌ ചെയ്യുന്ന രീതിയില്‍ത്തന്നെ മൈക്രോബ്ലോഗിംഗും ചെയ്യാം. എന്നാല്‍ ജി.പി.ആര്‍.എസ്‌ സൗകര്യം ലഭ്യമാക്കിയിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്നും നിങ്ങളുടെ ഇന്‍സ്റ്റന്റ്‌ മെസഞ്ചറില്‍ നിന്നും ബ്ലോഗ്‌ ചെയ്യാം എന്നുള്ളതാണ്‌ ഈ സര്‍വീസിനെ സാധാരണ ബ്ലോഗിംഗില്‍ നിന്ന്‌ വ്യത്യസ്തമാക്കുന്നത്‌. കമ്പ്യൂട്ടറിന്റെ സഹായമില്ലാതെയും അതിവേഗത്തില്‍ ബ്ലോഗ്‌ ചെയ്യാനും വിവരങ്ങള്‍ സുഹൃത്തുക്കളെയും മറ്റുള്ളവരെയും അറിയിക്കാന്‍ സാധിക്കും എന്നത്‌ മൈക്രോബ്ലോഗിംഗിന്‌ കൂടുതല്‍ ജനകീയത പ്രദാനം ചെയ്യുന്നു.
മൈക്രോബ്ലോഗിംഗ്‌ സര്‍വീസ്‌ നല്‍കുന്ന പ്രധാനപ്പെട്ട ചില വെബ്സൈറ്റുകളാണ്‌ ട്വിറ്റര്‍, പ്ലര്‍ക്ക്‌, ജൈകു എന്നിവ.

അല്‍പം ചരിത്രം

2006 മാര്‍ച്ച്‌ ഒന്നിന്‌ ഫേസ്‌ ബുക്ക്‌ സ്റ്റാറ്റസ്‌ അപ്ഡേറ്റ്‌ എന്ന സര്‍വീസ്‌ ആരംഭിച്ചതോടെയാണ്‌ മൈക്രോബ്ലോഗിംഗിന്റെ ചരിത്രം ആരംഭിച്ചതു എന്നു പറയാം. തുടര്‍ന്ന്‌ മൈക്രോബ്ലോഗിംഗ്‌ രംഗത്തെ പ്രധാന സര്‍വീസ്‌ നല്‍കുന്ന ട്വിറ്റര്‍ 2006 ജൂലൈ 13-ന്‌ നിലവില്‍ വന്നു. ഏതാണ്ട്‌ ഇതേ സമയത്തു തന്നെയാണ്‌ ജൈകുവും ആരംഭിച്ചത്‌. അതിനുശേഷം 2007 ഒക്ടോബര്‍ 9-ന്‌ ജൈകുവിനെ ഗൂഗിള്‍ വാങ്ങി. എങ്കിലും ഈ രംഗത്ത്‌ കൂടുതല്‍ ശ്രദ്ധ നേടിയത്‌ ട്വിറ്റര്‍ തന്നെയാണ്‌.

ഇനി നമുക്ക്‌ മൈക്രോബ്ലോഗിംഗ്‌ രംഗത്തെ പ്രധാന സര്‍വീസ്‌ ആയ ട്വിറ്റര്‍ ഉപയോഗിച്ച്‌ എങ്ങനെ ബ്ലോഗ്‌ ചെയ്യാം എന്ന്‌ നോക്കാം. ട്വിറ്റര്‍ ഉപയോഗിച്ച്‌ ബ്ലോഗ്‌ ചെയ്യുന്നതിനെ ട്വീറ്റ്‌ ചെയ്യുക എന്നാണ്‌ പറയുന്നത്‌.

ട്വീറ്റ്‌ ചെയ്യുന്നതെങ്ങനെ ?

 • ട്വീറ്റ്‌ ചെയ്യുന്നതിന്‌ ആദ്യം ട്വിറ്റര്‍ വെബ്സൈറ്റ്‌ ഓപ്പണ്‍ ചെയ്യണം. ഇതിന്‌ www.twitter.com-ല്‍ എത്തുക.
  Twitter
 • ട്വിറ്റര്‍ എന്താണെന്ന്‌ ഈ താളില്‍ത്തന്നെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്‌. What are you doing? എന്ന ചോദ്യത്തിന്‌ 140 അക്ഷരങ്ങളില്‍ ഒതുങ്ങിനിന്ന്‌ ഉത്തരം നല്‍കുന്നതാണ്‌ ലളിതമായി പറഞ്ഞാല്‍ ഒരു ട്വീറ്റ്‌. ട്വീറ്റ്‌ ചെയ്യുന്നതിനായി ആദ്യം ട്വിറ്ററില്‍ ഒരു അക്കൗണ്ട്‌ തുറക്കുകയാണ്‌ വേണ്ടത്‌. സൗജന്യമായി അക്കൗണ്ട്‌ തുറക്കാവുന്നതേയുള്ളൂ.
 • പ്രധാന താളിലെ Join the conversion എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ അക്കൗണ്ട്‌ തയ്യാര്‍. തുടര്‍ന്ന്‌ നിങ്ങള്‍ക്ക്‌ ട്വിറ്ററില്‍ സ്വന്തമായി ഒരു പേജും ലഭിക്കം. നിങ്ങളുടെ യൂസര്‍നെയിം ram123 എന്നാണെങ്കില്‍ www.twitter.com/ram123 എന്ന രീതിയിലായിരിക്കും ഹോം പേജ്‌.
 • തുടര്‍ന്ന്‌ ലഭിക്കുന്ന പേജ്‌ ട്വിറ്ററിനെക്കുറിച്ച്‌ നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കാനുള്ളതാണ്‌. ഇവിടെ ഇമെയില്‍ യൂസര്‍നെയിമും പാസ്‌വേഡും നല്‍കിയാല്‍ നിങ്ങളുടെ അഡ്രസ്‌ ബുക്കിലുള്ള സുഹൃത്തുക്കള്‍ക്കെല്ലാം ട്വിറ്ററിലേക്കുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കും. ഇത്‌ ഒഴിവാക്കണമെങ്കില്‍ ആ പേജിന്റെ താഴെകാണുന്ന skip എന്ന ലിങ്ക്‌ ക്ലിക്ക്‌ ചെയ്താല്‍ മതി.
 • ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന പേജിന്റെ മുകളില്‍ What are you doing? എന്ന ഭാഗത്ത്‌ നിങ്ങളുടെ സന്ദേശങ്ങള്‍ ടൈപ്പ്‌ ചെയ്യാം. അതിനായി ആ പേജില്‍ കാണുന്ന ടെക്‌സ്റ്റ്‌ ബോക്സില്‍ നിങ്ങളുടെ സന്ദേശം എഴുതി Update ബട്ടണ്‍ അമര്‍ത്തുക. നിങ്ങളുടെ ട്വീറ്റിന്‌ 140-ല്‍ കൂടുതല്‍ അക്ഷരങ്ങള്‍ ഉണ്ടെങ്കില്‍ അത്‌ അപ്ഡേറ്റ്‌ ചെയ്യുകയില്ല. എത്ര അക്ഷരങ്ങള്‍ ടൈപ്പ്‌ ചെയ്തു എന്ന്‌ അറിയുവാന്‍ സമീപത്തുള്ള നമ്പര്‍ നോക്കിയാല്‍ മതി.
  Twitter Join
 • ഇങ്ങനെ നിങ്ങള്‍ ചെയ്യുന്ന ട്വീറ്റുകള്‍ ട്വീറ്റോസ്ഫിയറിലെ മറ്റു ഉപയോക്താക്കള്‍ക്ക്‌ കാണണമെങ്കില്‍ അവര്‍ നിങ്ങളുടെ ട്വീറ്റുകള്‍ ഫോളോ ചെയ്യണം. അതിനായി നിങ്ങളുടെ സുഹൃത്തിന്റെയോ മറ്റോ ട്വീറ്റുകള്‍ കാണുമ്പോള്‍ സമീപത്തുള്ള Follow him എന്ന ബട്ടണ്‍ അമര്‍ത്തുക. ഇനി അഥവാ ഏതെങ്കിലും സുഹൃത്ത്‌ നിങ്ങളുടെ ട്വീറ്റുകള്‍ കാണേണ്ട എന്നുണ്ടെങ്കില്‍ ബ്ലോക്ക്‌ ചെയ്യാനുള്ള ഓപ്ഷനുകളും ഉണ്ട്‌.

മൈക്രോബ്ലോഗിംഗിന്റെ സാമൂഹിക പ്രസക്തി

സിറ്റിസണ്‍ ജേര്‍ണലിസം രംഗത്ത്‌ ബ്ലോഗുകളും മൈക്രോബ്ലോഗുകളും പ്രധാന പങ്ക്‌ വഹിക്കുണ്ട്‌. ഈയടുത്ത്‌ മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ബ്ലോഗിംഗിനോടൊപ്പം മൈക്രോബ്ലോഗിംഗും പ്രധാന പങ്കുവഹിച്ചു. മുംബൈ നിവാസികളായ നിരവധി മൈക്രോബ്ലോഗുകാര്‍ അക്രമ പരമ്പരയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അപ്പപ്പോള്‍ തന്നെ ജനങ്ങളിലേക്ക്‌ ട്വിറ്റര്‍ വഴിയും മറ്റു മൈക്രോബ്ലോഗിംഗ്‌ സര്‍വീസുകള്‍ വഴിയും എത്തിച്ചുകൊണ്ടേയിരുന്നു.

ബ്ലോഗുകളിലൂടെയുള്ള ആശയപ്രചാരണത്തിന്‌ ചില രാജ്യങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുതന്നെ അതിന്റെ സാധ്യതകളെ ഭരണകൂടം ഭയക്കുന്നതു കൊണ്ടാണ്‌.

മൈക്രോബ്ലോഗിംഗും മലയാളവും

140 അക്ഷരങ്ങളില്‍ ഒരു ആശയത്തെ പ്രതിനിധീകരിക്കുന്നതിനുള്ള സാങ്കേതികവൈഷമ്യം കാരണമാവണം മലയാളം മൈക്രോബ്ലോഗിംഗ്‌ ഇതുവരെ അത്ര സജീവമായിട്ടില്ല. എങ്കിലും സമീപഭാവിയില്‍ തന്നെ മൊബൈല്‍ ഫോണുകളില്‍ മലയാളം ജനകീയമാകുന്നതോടെ മലയാളം മൈക്രോബ്ലോഗുകളും സജീവമാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്‍ തെറ്റില്ല.

2009 ഫെബ്രുവരി മാസം ടെക് വിദ്യ മാഗസിനില്‍ മൈക്രോബ്ലോഗിംഗിന്റെ ലോകത്തേക്ക് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം.


Sunday, June 14, 2009

കണ്ണാടിയും മലയാള സമൂഹവും


ഏഷ്യാനെറ്റില്‍ എല്ലാ ഞായറാഴ്ചയും രാത്രി 10 മണിക്ക് സം‌പ്രേഷണം ചെയ്യുന്ന പരിപാടിയാണ് കണ്ണാടി. മലയാള ചാനലുകളുടെ ചരിത്രത്തില്‍ , ഇത്രയും അധികം നീണ്ടു നിന്ന, സാമൂഹികമായി ഇടപെടുന്ന ഒരു പരിപാടി ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. 700-ല്‍ അധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഈ ഏഷ്യാനെറ്റ് പ്രോഗ്രാം ഞാനിഷ്ടപ്പെടുന്നതിനു കാരണം അത് അവതരിപ്പിക്കുന്ന വിഷയങ്ങളും അതിന്റെ സാമൂഹികമായ ഇടപെടലുകളും മൂലമാണ്. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ രാഷ്ട്രീയമായും, മത,ജാതി,സമുദായ,വിദ്യാഭ്യാസ,സാമ്പത്തിക അസമത്വങ്ങള്‍ അനുഭവിക്കുന്ന ഒരു സമൂഹത്തെ മുഖ്യധാരയുടെ മുന്‍പിലെത്തിക്കുവാനും അവയില്‍ ചിലതിലെങ്കിലും നടപടികളെടുക്കുവാനും ഈ പരിപാടിക്കു കഴിഞ്ഞിട്ടുണ്ട്.
ടി.എന്‍. ഗോപകുമാര്‍ അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രത്യേകതയായ “പ്രേക്ഷക നിധി“ രോഗങ്ങളാലും മറ്റും പ്രശ്നങ്ങളനുഭവിക്കുന്ന ഒരു സമൂഹത്തെ സഹായിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും, ഇന്ത്യയുടെ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചപ്പോഴും കണ്ണാടി പ്രേക്ഷകര്‍ “പ്രേക്ഷക നിധിയിലൂടെ“ സ്വരൂപിച്ച പണം ഒരു വലിയ ജനതക്ക് ഒരാശ്വാസം തന്നെയായി.

കണ്ണാടി 2009 ജൂണ്‍ 14-ന് സം‌പ്രേഷണം ചെയ്ത എപ്പിസോഡിന്റെ അവസാനം പറഞ്ഞത് മലയാളി സമൂഹത്തിന്റെ ജീര്‍ണ്ണത ശരിക്കും തുറന്നു കാട്ടുന്നതായിരുന്നു. കണ്ണാടിയുടെ പ്രേക്ഷകനിധിയിലേക്ക് സം‌ഭാവന നല്‍കുന്നത് പ്രേക്ഷകര്‍ തന്നെയാണ്. കേരളത്തിനു പുറത്തും, അകത്തുമുള്ള ഒരു വലിയ സമൂഹം ഇതിലേക്ക് സം‌ഭാവനകള്‍ നല്‍കുന്നുണ്ട്. കണ്ണാടി പ്രോഗ്രാമിന്റെ അവസാനം സം‌ഭാവന നല്‍കിയവരുടെ പേരു വിവരങ്ങള്‍ വായിക്കാറുമുണ്ട്.. ഇങ്ങനെ സ്വന്തം പേരു ടി.വി. യിലൂടെ കേള്‍ക്കുന്നതിനു വേണ്ടി മാത്രം ചില വിരുതര്‍ ചെക്കുകള്‍ കണ്ണാടി പ്രോഗ്രാമിന്റെ പേരിലേക്ക് അയച്ചു കൊടുക്കുന്നു. ഈ ചെക്കുകള്‍ പ്രോസസ് ചെയ്യാന്‍ വേണ്ടി ബാങ്കിലേക്ക് അയച്ചപ്പോള്‍ മാത്രമാണ് അതൊരു ബ്ലാങ്ക് ചെക്കാണെന്നു മനസിലാകുന്നത്.

ഇങ്ങനെ ബ്ലാങ്ക് ചെക്കുകള്‍ അയച്ച് ഒരു വലിയ സമൂഹത്തെ വിഡ്ഡികള്‍ ആക്കുന്നത് ,മലയാളി സമൂഹത്തിന്റെ മറ്റൊരു ജീര്‍ണ്ണിച്ച വൈചിത്ര്യമായിരിക്കണം. സ്വന്തം പേരു വിവരം ടി വിയില്‍ കേള്‍ക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ അതിനു വേറെ എത്ര വഴികളുണ്ട്. പേരു വിവരം കേള്‍പ്പിക്കാന്‍ വേണ്ടി മാത്രം മലയാളത്തില്‍ ചാനലുകള്‍ പോലും ഉണ്ട്. അവിടെയൊക്കെ 12 മുതല്‍ 15 വരെ മണിക്കൂറുകള്‍ ലൈവ് ആയി നിങ്ങളുടെ പേരുകള്‍ കേട്ടു കൊണ്ടേയിരിക്കാം. ഇത്തരം നല്ല പ്രവര്‍ത്തനങ്ങളെ എങ്കിലും വെറുതെ വിട്ടു കൂടെ എന്റെ മലയാളി സമൂഹമേ???
ചിത്രത്തിനു കടപ്പാട് :ഏഷ്യാനെറ്റ്

Tuesday, June 2, 2009

മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് 10000 ലേഖനങ്ങള് പിന്നിട്ടിരിക്കുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഈ അവസരത്തില്‍ മലയാളം വിക്കി സമൂഹം പുറത്തിറക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം

ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് (http://ml.wikipedia.org) 10,000 ലേഖനങ്ങള്‍ പിന്നിട്ടു.

2009 ജൂണ്‍ 1-നാണ് മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലേറെ വരുന്ന ഉപയോക്താക്കളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളാണ് വിക്കിപീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കിപീഡിയകള്‍ തെലുങ്ക്‌,ഹിന്ദി, മറാഠി , ബംഗാളി , ബിഷ്ണുപ്രിയ മണിപ്പൂരി , തമിഴു് എന്നിവയാണ്2009 ജൂണ്‍ 1-ലെ കണക്കനുസരിച്ച് 10,574 രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണുള്ളത്. ഇതില്‍ 13 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.

എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ്‌ വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്‌.

2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കിപീഡിയ ആറര വര്‍ഷത്തിനുള്ളില്‍ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കിപീഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കാറുണ്ട്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വലിയൊരു ഉപയോക്തൃവൃന്ദം ഈ സ്വതന്ത്രസംരംഭത്തില്‍ പങ്കാളിയാകുകയാണെങ്കില്‍ വിക്കിപീഡിയയുടെ വളര്‍ച്ച ഇനിയും അതിവേഗത്തിലാകാന്‍ സാധ്യതയുണ്ടെന്ന് മലയാളം വിക്കിപീഡിയയുടെ സജീവ പ്രവര്‍ത്തകര്‍ പറയുന്നു.

മലയാളം വിക്കിപീഡിയ മികച്ചുനില്‍ക്കുന്ന മേഖലകള്‍

മലയാളം വിക്കിപീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കിപീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ചു് മറ്റു് പല മാനദണ്ഡങ്ങളിലും മലയാളം വിക്കിപീഡിയ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.

* ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
* ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
* ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു്‌ നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ
* ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്കത്തിന്റെ കാര്യത്തില്‍,

തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിവായനശാല, വിക്കിനിഘണ്ടു തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കിപീഡിഅയകളെ അപേക്ഷിച്ച് വളരെയധികം മുന്‍പിലാണ്. രജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഈയടുത്ത കാലത്തു് ഹിന്ദി വിക്കിപീഡിയ മലയാളം വിക്കിപീഡിയയെ മറികടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രെജിറ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയയും മലയാളം വിക്കിപീഡിയ ആയിരുന്നു.

ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണനിലവാരമുള്ള ഉള്ളടക്കമാണ് മലയാളം വിക്കിപീഡിയയിലുള്ളത്. മലയാളം വിക്കിപീഡിയയുടെ ഈ പ്രത്യേകത, മറ്റു് ഇന്ത്യന്‍ ഭാഷകളിലെ വിക്കിപീഡിയപ്രവര്‍ത്തകര്‍ മലയാളംവിക്കിപീഡിയയെ സൂക്ഷമമായി നിരീക്ഷിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ മലയാളം വിക്കിപീഡിയയിലെ 10,000 ലേഖനങ്ങളില്‍ വലിയൊരുഭാഗം ഭൂമിശാസ്ത്രസംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലേഖനങ്ങളുണ്ടു്. ശാസ്ത്രവിഭാഗത്തില്‍ ജ്യോതിശാസ്ത്ര വിഭാഗത്തില്‍ മാത്രമാണു് അടിസ്ഥാനവിഷയളില്‍ എങ്കിലും ലേഖനങ്ങളുള്ളത്

കുറച്ചു നാളുകള്‍ക്കു് മുന്‍പു് കേരളാ സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വവിജ്ഞാനകോശം (http://sarvavijnanakosam.gov.in/a-brief-his.htm) GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരളസര്‍ക്കാര്‍ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടുത്താനല്ലാതെ ഇതു് വരെ സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിക്കിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍, സര്‍‌വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും.

സ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കേന്ദ്ര-കേരളാ ഗവര്‍‌മെന്റ് ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി സന്നദ്ധസേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു് മലയാളം വിക്കിപീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം.


മലയാളം വിക്കി സമൂഹത്തിന്റെ വിലാസം : https://lists.wikimedia.org/mailman/listinfo/wikiml-l

വിക്കിപീഡിയ പത്രക്കുറിപ്പിന്റെ ലിങ്ക്: http://ml.wikipedia.org/wiki/Wikipedia_press_release/10000

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇതു വരെ പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളും, ബ്ലോഗുകളും:

മാതൃഭൂമിയില്‍
മലയാളം വെബ്‌ദുനിയയില്‍
ടെക്‌വിദ്യയില്‍

കുറിഞ്ഞി ഓണ്‍ലൈനില്‍
ഷിജുവിന്റെ ബ്ലോഗില്‍
ജുനൈദിന്റെ ബ്ലോഗില്‍
ശനിയന്റെ ബ്ലോഗില്‍