Monday, June 30, 2008

വിപ്ലവവും, നിരീശ്വരവാദവും എല്ലാം പാഠപുസ്തകങ്ങളില്‍ മാത്രം മതിയോ?

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം കത്തിക്കണമോ വേണ്ടയോ എന്നതാണ് ഇന്ന് കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വലിയ വിഷയം. കേരള്‍സ്.കോം ചര്‍ച്ച കഴിഞ്ഞ് ആളുകള്‍ ബ്ലോഗിന്റെ ലേഔട്ടിന്റെ നിറം മാറ്റുന്നതിനു മുന്നേ വന്നു അടുത്ത വിഷയം. അത് വഴി വീണ്ടും കറുപ്പിക്കുകയാണ് ചിലര്‍ സ്വന്തം ബ്ലോഗ്. ഈ വിഷയത്തില്‍ എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണിവിടെ.


സമൂഹം മുഴുവന്‍ ജാതി-മത സമ്പ്രദായങ്ങള്‍ അടിസ്ഥാന വര്‍ഗ്ഗീകരണ ഉപാധിയായി കാണുന്ന കേരളീയ സമൂഹത്തിലാണോ പാഠപുസ്തകങ്ങള്‍ വഴി ഒരു സമൂല പരിഷ്കരണം നടത്താമെന്ന് ആഗ്രഹിക്കുന്നത്? എങ്കില്‍ അത് ശുദ്ധ മണ്ടത്തരമാണ്. ഇതിലും ഭേദം മെക്കാളേ പ്രഭുവിന്റെ ഭരണപരിഷ്കാരങ്ങളും മറ്റും പഠിക്കുന്നതു തന്നെയാണ്. കാരണം ഇതൊരു തരം മിഥ്യാ ലോകത്തിലേക്ക് മാത്രമേ കുട്ടികളെ കൊണ്ടു പോകുകയുള്ളൂ.


കുട്ടികള്‍ ജനിച്ച അന്നു തന്നെ അവനെ നീ ഒരു ഹിന്ദുവാണ്, നീ ഒരു മുസ്ലീമാണ് എന്നൊക്കെ അച്ഛനും അമ്മയും പഠിപ്പിച്ച് സ്കൂളില്‍ അഡ്‌മിഷന്‍ നടത്തുന്ന സമയത്ത് മതകോളത്തിലും ജാതി കോളത്തിലും മതവും,ജാതിയും അച്ഛന്‍ പറഞ്ഞ് കൊടുക്കുന്നത് കേട്ട് , അടുത്തിരിക്കുന്ന സജീവനു ഫീസ് വേണ്ടെന്നും എനിക്കു വേണമെന്നും(കാരണം അവന്‍ എസ്.സി./എസ്.ടി ആണെന്ന് അച്ഛനോടു ചോദിച്ചപ്പോള്‍ പറഞ്ഞു) വളര്‍ന്ന ഒരു കുട്ടിയോട് ഏഴാം ക്ലാസിലെത്തുമ്പോള്‍ മാത്രം നിനക്കു മതമില്ലെന്നും ജാതിയില്ലെന്നും ഒരു അദ്ധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ അവന്റെ ചിന്താധാരകളില്‍ എന്തു തരത്തിലുള്ള സ്വാധീനം ആണതു ചെലുത്തുക എന്ന് ചിന്തിച്ചു നോക്കൂ. എന്നിട്ടു വീണ്ടും വൈകീട്ട് വീട്ടിലെത്തിയാല്‍ അവന് കുളിച്ച് അമ്പലത്തിലേക്കോ,മദ്രസയിലേക്കോ, പള്ളിയിലേക്കോ പോകേണ്ടി വരും. അതുമല്ലെങ്കില്‍ ടി.വിയില്‍ ശ്രീകൃഷ്ണനോ, കടമറ്റത്ത് കത്തനാരോ കാണേണ്ടി വരും. അവന്റെ ചേട്ടനോ ചേച്ചിക്കോ അടുത്ത സ്കൂളീല്‍ പ്ലസ് ടുവിനു അഡ്മിഷന്‍ കിട്ടിയില്ലെന്നും ചേട്ടനേക്കാള്‍ മാര്‍ക്ക് കുറഞ്ഞ സുനിലിന് അഡ്‌മിഷന്‍ കിട്ടിയെന്നും അത് സുനില്‍ ഒ.ബി.സി ആയതു കൊണ്ടാണെന്ന് അമ്മ അമ്മമ്മയോട് പറയുന്നത് കേള്‍ക്കേണ്ടി വരും.


ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്കാണ് നമ്മുടെ ഗവണ്‍‌മെന്റ് പുതിയ പാഠപുസ്തകവുമായി വരുന്നത്. യാഥാര്‍ത്ഥ്യമേത്,മിഥ്യയേത് എന്നൊരു അവസ്ഥയിലേക്ക് ഒരു ഏഴാം ക്ലാസുകാരന്‍ എത്തിപ്പോവുകയേ ഉള്ളൂ. അല്ലെങ്കില്‍ അവനിലുള്ള ജാതി മത ബോധത്തെ ഒന്നു കൂടി അരക്കെട്ടുറപ്പിക്കാനേ ഇത്തരം പാഠപുസ്തകങ്ങളെക്കൊണ്ട് സാധിക്കുകയുള്ളൂ.


ഇതൊക്കെ നടപ്പിലാക്കാന്‍ തത്രപ്പെടുന്ന ഗവണ്‍‌മെന്റുകളും പ്രതിഷേധവും അക്രമസമരവുമായി വരുന്ന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും, ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും ഒരു സമൂഹത്തെ മാറ്റാന്‍ ശ്രമിക്കുന്നില്ല. ആ മാറ്റത്തിന്റെ ആദ്യപടിയാണോ ഈ പാഠപുസ്തകമാറ്റം .എങ്കില്‍ അതിനു മുന്നേ ചെയ്യേണ്ടത് സ്കൂളില്‍ അഡ്‌മിഷന്‍ സമയത്ത് ജാതിയും മതവും ചേര്‍ക്കുന്നത് ഒഴിവാക്കലാണ്. ചില മതവിഭാഗങ്ങള്‍ നടത്തുന്ന മതപഠനം പോലുള്ളവ ഒഴിവാക്കുകയാണ്. അതിനുള്ള ചങ്കൂറ്റം ഇവിടുത്തെ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ബുദ്ധിജീവികള്‍ക്കൊ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കോ ഉണ്ടോ?


ബ്ലോഗിലും മറ്റും കിടന്ന് പാഠപുസ്തകങ്ങള്‍ കത്തിക്കാനുള്ളതല്ല എന്നൊക്കെ സിദ്ധാന്തങ്ങള്‍ വിളമ്പുന്ന എന്റെ സുഹൃത്തുക്കളോടൊരു ചോദ്യം. നിങ്ങളില്‍ എത്ര പേര്‍ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്യും, അല്ലെങ്കില്‍ ചെയ്തിട്ടുണ്ട്? നിങ്ങളുടെ മകന് അല്ലെങ്കില്‍ മകള്‍ക്ക് സ്കൂള്‍ അഡ്‌മിഷന്‍ നടത്തുമ്പോള്‍ ജാതിയും മതവും ഇല്ലെന്നു രേഖപ്പെടുത്തും? ഇതൊന്നും സാദ്ധ്യമല്ലെങ്കില്‍ മിണ്ടാതിരിക്കുകയാണു ഭേദം. ഈ പാഠപുസ്തകങ്ങള്‍ കത്തിക്കലും പിന്‍‌വലിക്കലും എല്ലാം ഒരു രാഷ്ട്രീയമാണ്. സ്വന്തം വോട്ട് ബാങ്കില്‍ ജാതി സ്പിരിറ്റോടെ ഓരോ വോട്ടുകള്‍ വീഴാനും വീഴിപ്പിക്കാനും ഉള്ള ഒരു തന്ത്രം. ഇതിനപ്പുറത്തേക്ക് കാര്യങ്ങള്‍ വേണമെന്ന് ആരും ആഗ്രഹിക്കുന്നില്ല.


വിപ്ലവവും, നിരീശ്വരവാദവും എല്ലാം പാഠപുസ്തകങ്ങളില്‍ മാത്രം മതിയോ? അല്ലെങ്കില്‍ വര്‍ത്തമാനത്തിലേക്ക് ഒരിക്കലും വരാതെ ഭൂതകാലത്തു നിന്നും ഭാവിയിലേക്ക് നേരെ ഡബിള്‍ പ്രമോഷന്‍ കിട്ടിയ കടലാസു പുലികള്‍ മാത്രമാണോ ഈ വിപ്ലവവും,നിരീശ്വരവാദവും?

Friday, June 20, 2008

തീക്കുറുക്കന്റെ മൂന്നാം വരവ്തീക്കുറുക്കന്റെ മൂന്നാം വരവ്... അതൊരു ഒന്നൊന്നര വരവായിരുന്നു. 2008 ജൂണ്‍ 17-ന് ഇന്ത്യന്‍ സമയം രാത്രി 11.45-നായിരുന്നു തീക്കുറുക്കന്‍ 3 എന്ന് പദാനുപദ തര്‍ജ്ജമ ചെയ്യാവുന്ന മോസില്ല ഫയര്‍ഫോക്സ് 3 ഔദ്യോഗികമായി പുറത്തിറങ്ങിയത്. അതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നവയുടെ എണ്ണം മോസില്ല കോര്‍പ്പറേഷന്‍ കണക്കെടുക്കുകയും ഇത് ലോകറെക്കോര്‍ഡിനായി അയക്കുകയും ചെയ്യും എന്ന് മുന്നേ അറിയിച്ചിരുന്നു. അതിനായി ഉപയോക്താക്കള്‍ക്ക് പ്രതിജ്ഞ എടുക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. ഏകദേശം 1 കോടിയില്‍ അധികം പേര്‍ പ്രതിജ്ഞ എടുത്തിരുന്നു.
ജൂണ്‍ 17-ന് ഫയര്‍ഫോക്സ് 3 പുറത്തിറങ്ങുമെന്ന് പ്രതിജ്ഞ എടുത്തവര്‍ക്കെല്ലാം മോസില്ല ഇ-മെയില്‍ അയക്കുകയും ചെയ്തു. അത് പ്രകാരം ജൂണ്‍ 17 രാവിലെ തന്നെ ജിജ്ഞാസാലുക്കളായ ഉപയോക്താക്കള്‍ ഫയര്‍ഫോക്സ് 3 വരാനായി സൈറ്റില്‍ കയറിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനെതിരെ ചിലര്‍ സ്പ്രെഡ് ഫയര്‍ഫോക്സ് എന്ന സൈറ്റില്‍ തെറിയഭിഷേകം വരെ നടത്തുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ മോസില്ലയുടെ ഔദ്യോഗിക ബ്ലോഗില്‍ ഫയര്‍ഫോക്സ് 3 ഇന്ത്യന്‍ സമയം രാത്രി 10.30-ന് പുറത്തിറങ്ങുമെന്ന് അറിയിച്ചു.
10.30-ന് സൈറ്റുകള്‍ എല്ലാം കൂടുതല്‍ ഹിറ്റ് വന്നതു കാരണം പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ബ്ലോഗില്‍ ഹിറ്റ് കൂടിയതു കാരണം സൈറ്റ് ഡൌണ്‍ ആണെന്നും 11.45-ന് ഫയര്‍ഫോക്സ് 3 ഔദ്യോഗികമായി പുറത്തിറങ്ങുമെന്നറിയിച്ചു കൊണ്ട് ബ്ലോഗില്‍ വീണ്ടും കുറിപ്പ് വന്നു.

ഫയര്‍ഫോക്സ് 3ന്റെ ഡൌണ്‍ലോഡ് സമയപരിധി കഴിഞ്ഞപ്പോള്‍ മോസില്ല കോര്‍പ്പറേഷനിലെ ജീവനക്കാര്‍ സന്തോഷത്തോടെ ഫോട്ടോക്ക് പൊസ് ചെയ്യുന്നു. പിറകില്‍ ആകെ ചെയ്ത ഡൌണ്‍ലോഡുകള്‍ കൃത്യമായി കാണാം

കൃത്യം 11.45-ന് ഫയര്‍ഫോക്സ് 3-മായി സെര്‍വര്‍ വീണ്ടും അപ് ആയി. എല്ലാവരും ഡൌണ്‍ലോഡിങ്ങ് ആരംഭിച്ചു. കൃത്യം 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡൌണ്‍ലോഡുകളുടെ എണ്ണം ഏതാണ്ട് 83 ലക്ഷം!!! അതായത് ഒരു മണിക്കൂറില്‍ ശരാശരി 345834 ഡൌണ്‍ലോഡുകള്‍.!!! ഒരു മിനുട്ടില്‍ ശരാശരി 14410 ഡൌണ്‍ലോഡുകള്‍!!!! ഇതില്‍ ഇന്ത്യയില്‍ നുന്നു മാത്രം ഏതാണ്ട് 75000 ഡൌണ്‍ലോഡുകള്‍ 24 മണിക്കൂറിനുള്ളില്‍ നടന്നു!!!
ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡുകള്‍ നടന്ന സോഫ്റ്റ്‌വെയര്‍ എന്ന ലോകറെക്കോര്‍ഡ് ഇതുവരെ പിറന്നിട്ടില്ല. തീക്കുറുക്കന്റെ ഈ ഭീകര ഡൌണ്‍ലോഡ് ഒരു ലോക റെക്കോര്‍ഡായി പരിഗണിക്കും. എങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ കഴിയും. ഇത് ഗിന്നസ് ബുക്ക് അധികൃതര്‍ പരിശോധിച്ചത് കൃത്യത ഉറപ്പുവരുത്താന്‍ ദിവസങ്ങള്‍ കഴിയും എന്നതിനാലാണിത്.

ഇപ്പോഴും ഏതാണ്ട് അതേ രീതിയില്‍ തന്നെ ഡൌണ്‍ലോഡ് നടക്കുന്നുണ്ട് . ഈ പോസ്റ്റ് എഴുതുന്ന സമയത്ത് ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഫയര്‍ഫോക്സ് 3 ന്റെ എണ്ണം 11,865,270 ആണ്(ഒരു കോടി പതിനെട്ട് ലക്ഷത്തി അറുപത്തഞ്ചായിരത്തി ഇരുന്നൂറ്റി എഴുപത് :) ) . ഇന്ത്യയില്‍ നിന്നുള്ള ഡൌണ്‍ ലോഡുകള്‍ 136,290(ഒരു ലക്ഷത്തി മുപ്പത്തി ആറായിരത്തി ഇരുന്നൂറ്റിതൊണ്ണൂറ് (136,290) ആണ്.
ലോകറെക്കോര്‍ഡിനായി പരിഗണിക്കപ്പെട്ട സമയത്ത് ഫയര്‍ഫോക്സ് 3 ഡൌണ്‍ലോഡ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും മോസില്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. എനിക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റ് നോക്കൂ.


നിങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ കണ്ണി ഞെക്കി നിങ്ങളുടെ പേര് എഴുതി(ഇംഗ്ലീഷില്‍ മാത്രം എഴുതുക) ഡൌണ്‍ലോഡ് ചെയ്യൂ..

നിങ്ങള്‍ ഇത് വരെ ഫയര്‍ഫൊക്സ് 3 -ലേക്ക് മാറിയില്ലേ!! വേഗം മാറിക്കോളൂ. ഇതാ ഡൌണ്‍ലോഡ് ലിങ്ക്

ചിത്രങ്ങള്‍ക്ക് കടപ്പാട് മോസില്ല ബ്ലോഗ്, ഫ്ലിക്കര്‍,crunchgear

Tuesday, June 17, 2008

തീക്കുറുക്കന്‍3 ഡൌണ്‍ലോഡ് ഡേ ഇന്ന് തന്നെ


മോസില്ല ഫൌണ്ടേഷന്റെ ഔദ്യോഗിക ബ്ലോഗില്‍ നിന്നുള്ള വിവരം അനുസരിച്ച് ഫയര്‍ഫോക്സ്(തീക്കുറുക്കന്‍) 3-ന്റെ ഡൌണ്‍ലോഡ് ഡേ ഇന്ന് തന്നെയാണ്. രാവിലെ മുതല്‍ കാത്തിരിക്കുകയായിരുന്നു ഒന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍. പക്ഷേ അവരുടെ ബ്ലോഗ് പറയുന്നതനുസരിച്ച് ഇത് 10:00 a.m. PDT (17:00 UTC) മാത്രമേ ആരംഭിക്കുകയുള്ളൂ. അതായത് നമ്മുടെ സമയം രാത്രി പത്തരക്ക്(10.30 PM IST). അപ്പോള്‍ എല്ലാവരും ഇന്ന് രാത്രി പത്തര മുതല്‍ നാളെ (18-ജൂണ്‍-2008) രാത്രി പത്തര വരെയുള്ള സമയത്തിനിടയില്‍ തീക്കുറുക്കനെ ഡൌണ്‍ലോഡ് ചെയ്യുമല്ലോ.

ബീറ്റ വേര്‍ഷന്‍ ഉപയോഗിച്ചതിന്റെ വെളിച്ചത്തില്‍ ഇത് തീക്കുറുക്കന്‍ 2-നെക്കാളും മികച്ചതാണ്. മലയാളം റെന്‍ഡറിങ്ങ് പെര്‍ഫെക്ട്. URL-കളില്‍ പോലും മലയാളം വ്യക്തമായി കാണാം.


വരൂ നമുക്കൊന്നിച്ച് സൃഷ്ടിക്കാം ഒരു ലോകറെക്കോര്‍ഡ് കൂടി.
ഡൌണ്‍ലോഡ് ഇവിടെ നിന്നോ ഇവിടെ നിന്നോ ചെയ്യാം

അപ്‌ഡേറ്റ് 1: മോസില്ലായുടെ ഔദ്യോഗിക ബ്ലോഗില്‍ വന്ന അപ്‌ഡേറ്റ് പ്രകാരം തീക്കുറുക്കനെ പരീക്ഷിക്കാനുള്ള ജനതയുടെ ജിജ്ഞാസ കാരണം ആവരുടെ സെര്‍വര്‍ ഓവര്‍‌ലോഡ് ആയിരിക്കുകയാണ് . ഇത് കാരണം ഇപ്പോള്‍ (സമയം :17/6/08 11.40 IST) സെര്‍വര്‍ ഡൌണ്‍ ആണ്. വെബ്‌സൈറ്റുകള്‍ ‘അപ് ‘ ആയതിനു ശേഷം മാത്രമേ ലോകറെക്കോര്‍ഡിനുള്ള സമയപരിധി ആരംഭിക്കുകയുള്ളൂ.

അപ്‌ഡേറ്റ് 2: മോസില്ല ഫയര്‍ഫോക്സ് 3 പുറത്തിറങ്ങിയിരിക്കുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത മോസില്ലയുടെ ഔദ്യോഗിക ബ്ലോഗില്‍ വന്നു. ലോകറെക്കോര്‍ഡില്‍ താങ്കള്‍ക്ക് പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോസില്ല ഫയര്‍ഫോക്സ് 3 ഇവിടെ നിന്നും 2008 ജൂണ്‍ 18 11.45 PM IST (ജൂണ്‍ 18 2008 11:16 a.m. PDT (18:16 UTC) )നു ഇടയില്‍ ഡൌണ്‍ലോഡ് ചെയ്യുക. രണ്ട് കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക.
  1. പൂര്‍ണ്ണമായും ഡൌണ്‍ലോഡ് ആയവ മാത്രമേ ഡൌണ്‍ലോഡിനു പരിഗണിക്കുകയുള്ളൂ
  2. നിങ്ങള്‍ ഇപ്പോള്‍ തന്നെ ഫയര്‍ഫോക്സ് 3-ന്റെ ബീറ്റാ വേര്‍ഷനോ, റിലീസ് കാന്റിഡേറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിലും 2008 ജൂണ്‍ 17 11.45 11.45 PM IST ക്കും 2008 ജൂണ്‍ 18 11.45 PM IST ക്കും ഇടയില്‍ പൂര്‍ണ്ണമായി ഡൌണ്‍ലോഡ് ആയവ മാത്രമേ ലോക റെക്കോര്‍ഡിനു പരിഗണിക്കുകയുള്ളൂ.
വരൂ ,നമുക്കും ഉപയോഗിക്കാം ഏറ്റവും വേഗവും സുരക്ഷയും പ്രദാനം ചെയ്യുന്ന ,കഴിഞ്ഞ പതിപ്പില്‍ നിന്നും 15,000-ത്തില്‍ അധികം മാറ്റങ്ങള്‍ വരുത്തിയ മോസില്ല ഫയര്‍ ഫോക്സ് 3 ലേക്ക്.


വീഡിയോ മാറ്റങ്ങള്‍ ഡൌണ്‍ലോഡ്

Tuesday, June 10, 2008

അക്ഷരങ്ങളുടെ വില അറിയാത്തവരോടുള്ള പ്രതിഷേധം

അനുവാദമില്ലാതെ അക്ഷരങ്ങള്‍ മോഷ്ടിക്കുകയും,അതിനെ വില്പനച്ചരക്കാക്കി മാത്രം കാണുകയും ചെയ്യുന്ന കേരള്‍സ്.കോമിന്റെ കാടത്തത്തിനെതിരെയും, അതിനെതിരെ പ്രതികരിക്കുന്നവരെ തമിഴന്റെയും, തെലുങ്കന്റെയും കൂട്ടു പിടിച്ച് ഒറ്റപ്പെടുന്ന നീചമായ പ്രവൃത്തികള്‍ക്കെതിരെയും ഞാനും സ്വയം കരിവാരിത്തേച്ച് പ്രതിഷേധിക്കുന്നു.