Showing posts with label ഗൂഗിള്‍. Show all posts
Showing posts with label ഗൂഗിള്‍. Show all posts

Wednesday, July 8, 2009

ഇനി ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും

അങ്ങനെ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സെര്‍ച്ച് രംഗത്തെ അതികായകന്മാരായ ഗൂഗിള്‍ ബ്രൌസറിനു ശേഷം ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2009 ജൂലൈ 7-ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബ്രൌസര്‍ പുറത്തിറക്കുന്ന വിവരം
ഗൂഗിള്‍ അറിയിച്ചത്
. ഗൂഗിള്‍ ക്രോം ഒ.എസ് എന്നു പേരിട്ടിരിക്കുന്ന ഈ ഗ്നു/ലിനക്സ് അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം 2010 മദ്ധ്യത്തോടെ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്നു.

ലിനക്സ് അധിഷ്ഠിതമാണെങ്കിലും സാധാരണ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഗ്നോം, കെ.ഡി.ഇ എന്നീ പണിയിട സംവിധാനങ്ങള്‍ (Desktop Environments) ഒന്നും ക്രോം ഒ.എസ് ഉപയോഗിക്കുന്നില്ല. ഗൂഗിള്‍ തന്നെ നിര്‍മ്മിക്കുന്ന ഒരു പുതിയ പണിയിട സം‌വിധാനം ആണ് ഇതിലുപയോഗിക്കാന്‍ പോകുന്നത്.ഇതു വഴി പുതിയതും ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തതുമായ ഒരു ഡെസ്ക്ടോപ്പ് അനുഭവം പ്രദാനം ചെയ്യുവാന്‍ തങ്ങള്‍ക്കാകുമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാന്‍ ഓപ്പണ്‍സോഴ്‌സ് സമൂഹത്തിനോട് ഗൂഗിള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ചില പ്രതികരണങ്ങള്‍

ഗൂഗിള്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നു എന്നു കേട്ട ഉടനെ തന്നെ മാദ്ധ്യമങ്ങള്‍ ആ വിവരം ആഘോഷിക്കുകയുണ്ടായി. പല മാദ്ധ്യമങ്ങളും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു ഒരു ഭീഷണിയായാണ് ഗൂഗിളിന്റെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണഭിപ്രായപ്പെട്ടത്. എങ്കിലും
ലിനക്സ് കേര്‍ണല്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പണിയിട സംവിധാനത്തില്‍ മാത്രം കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതിനെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണോ അല്ല പണിയിട സംവിധാനം ആണോ എന്ന സന്ദേഹം ചിലര്‍ക്കെങ്കിലുമുണ്ട്.

Wednesday, September 3, 2008

ഗൂഗിള്‍ ക്രോമും മലയാളവും

ഇന്നലെ ഗൂഗിള്‍ പുറത്തിറക്കിയ ക്രോം എന്ന സോഫ്റ്റ്വെയറിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് അതിന്റെ മലയാളം റെന്‍ഡറിങ്ങ് സപ്പോര്‍ട്ട് ആണ്. ഡീഫാള്‍ട്ട് ഫോണ്ട് കാര്‍ത്തികയാണെങ്കിലും അഞ്ജലി ഓള്‍ഡ് ലിപി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് അതിലേക്ക് മാറാനുള്ള സൌകര്യവും ക്രോം ടീം ഒരുക്കിയിട്ടുണ്ട്.
ഫോണ്ട് അഞ്ജലിയാക്കാന്‍
ക്രോമില്‍ ഫോണ്ട് അഞ്ജലിയാക്കാന്‍ താഴെ പറയുന്നവ ചെയ്യുക.
അഡ്രസ് ബാറിന്റെ (ഗൂഗീള്‍ ഭാഷയില്‍ ഓംനി പോയന്റ്) അടുത്തുള്ള ടൂള്‍ ബോക്സിന്റെ ചിത്രം ഞെക്കുക.അവിടെ നിന്നും Options തെരഞ്ഞെടുക്കുക. അപ്പോള്‍ ഒരു ചെറിയ വിന്‍‌ഡോ തുറന്നു വരും.



അവിടെ രണ്ടാമത്തെ ടാബിലെ change font and language settings എന്ന ബട്ടണ്‍ ഞെക്കി font Anjalioldlipi-യും Encoding Unicode(UTF-8) -ഉം ആക്കുക .ശേഷം OK, Close എന്നീ ബട്ടണുകള്‍ ഞെക്കിയാല്‍ ഫോണ്ട് അഞ്ജലിയാകും.

മലയാളം നന്നായി റെന്‍‌ഡര്‍ ചെയ്യുന്നു എന്നതാണു ക്രോമിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഫയര്‍ഫോക്സിന്റെ മൂന്നാമത്തെ പതിപ്പില്‍ മാത്രമാണ് മലയാളം റെന്‍ഡറിങ്ങ് ശരിയായത് എന്ന് ഓര്‍ക്കുക.

ക്രോമും,കീമാനും

ഗൂഗിള്‍ ക്രോമും കീമാന്‍ എന്ന മലയാളം എഴുത്തുപകരണവും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയില്ലേ എന്നൊരു സം‌ശയം. കീമാന്‍ ഉപയോഗിച്ച് ക്രോമില്‍ എഴുതിയാല്‍ ഒന്നും വരുന്നില്ല.ഉദാഹരണമായി മലയാളം എന്ന് ക്രോമില്‍ കീമാന്‍ ഉപയോഗിച്ച് എഴുതുന്നു എന്നിരിക്കട്ടെ. മ എന്നെഴുതി ല എന്നെഴുതുമ്പോള്‍ മ കാണാതാകും. അവിടെ ല മാത്രമാകും. ഇനി അടുത്ത അക്ഷരം എഴുതുമ്പോളേക്കും ല യും അപ്രത്യക്ഷമാകും. അവസാനം മലയാളം എന്നെഴുതിയാല്‍ ഒരു ചിഹ്നം മാത്രമാകും ഫലം.

ഗൂഗിള്‍ പോലൊരു കമ്പനി നല്‍കുന്ന ഉല്പന്നത്തില്‍ നിന്ന് ഒരു ഉപയോക്താവും പ്രതീക്ഷിക്കാത്തത്ര വലിയ ബഗ്ഗ് ആണിത്. വിന്‍‌ഡോസില്‍ മലയാളം ഉപയോഗിക്കുന്ന പലരും ഇന്ന് കീമാന്‍ ആയിരിക്കും എഴുത്തുപകരണമായി ഉപയോഗിക്കുന്നത്. അപ്പോള്‍ ഈ ഒരു ബഗ്ഗ് മലയാളം ബ്ലോഗെഴുത്തുകാരെയും മറ്റും ക്രോമില്‍ നിന്ന് അകറ്റി നിര്‍ത്തുകയേ ഉള്ളൂ.
ഗൂഗിള്‍ ഈ ബഗ്ഗ് പെട്ടന്നു തന്നെ ഫിക്സ് ചെയ്യുമെന്നു കരുതാം...

ഗൂഗിള്‍ ക്രോം


മോസില്ല ഫയര്‍ഫോക്സും,ഇന്റര്‍നെറ്റ് എക്സ്പ്ലോററും,ഓപ്പറയും,സഫാരിയും,ഫ്ലോക്കും,മാക്സ്ത്തോണും ഒക്കെ കീഴടക്കി വെച്ചിരിക്കുന്ന ഇന്റര്‍നെറ്റ് ബ്രൌസര്‍ രംഗത്തേക്ക് വിവരസാങ്കേതിക വിദ്യാ രംഗത്തെ അതികായകന്മാരായ ഗൂഗിളും വരുന്നു. ഗൂഗിള്‍ ക്രോം എന്ന് പേരിട്ടിരിക്കുന്ന ബ്രൌസറുമായിട്ടാണ് ഇവര്‍ ബ്രൌസര്‍ രംഗം കീഴടക്കാന്‍ വരുന്നത്. മറ്റു ഏതെങ്കിലും ബ്രൌസറുകളെ അടിസ്ഥാനമാക്കാതെ പുതുതായി ഗൂഗിള്‍ തന്നെ വികസിപ്പിച്ചെടുത്തിരിക്കുന്ന ബ്രൌസര്‍ ആണ് ക്രോം. ഇക്കാലത്തെ മെയില്‍,ചാറ്റ്,യൂറ്റ്യൂബ് തുടങ്ങിയ സര്‍വ്വീസുകള്‍ പ്രദാനം ചെയ്യുന്ന വെബ്‌സൈറ്റുകള്‍ വെബ്അപ്ലിക്കേഷനുകള്‍ തന്നെയാണെന്നാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ബ്രൌസറുമായി അവതരിക്കുവാന്‍ ഗൂഗിളിനെ ചിന്തിപ്പിച്ചതെന്ന് അവരുടെ ബ്ലോഗ് പറയുന്നു.

ഇന്റര്‍നെറ്റ് വഴി ആര്‍ക്കും ഈ ബ്രൌസര്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ഈ ബ്രൌസര്‍ വിന്‍‌ഡോസ്,ലിനക്സ്,മാക്ക് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഡൌണ്‍ലോഡ് ലിങ്ക് ഗൂഗിളിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നതും കാത്തിരിക്കുകയാണ് ഗൂഗിളിന്റെ അനേകം അഭ്യുദയകാംക്ഷികള്‍.

Wednesday, July 30, 2008

ഗൂഗിളും ‘കുയിലും‍‘


ഇനി കുയിലും തിരയും. ഇന്റര്‍നെറ്റ് രംഗത്ത് ഏറ്റവുമധികം മത്സരം നടക്കുന്ന സെര്‍ച്ചിങ്ങ് മേഖയിലേക്ക് ഒരു പുതിയ സെര്‍ച്ച് എഞ്ചിന്‍ കൂടി അവതരിച്ചിരിക്കുന്നു. സെര്‍ച്ച് എന്നതിന്റെ പര്യായം തന്നെയായി മാറിയ ഗൂഗിളിനോട് മത്സരിക്കാന്‍ തന്നെയാണു കുയിലിന്റെ പുറപ്പാട്. world’s biggest search engine എന്നാണ് കുയിലിനെ പറ്റി അതിന്റെ നിര്‍മ്മാതാക്കള്‍ തന്നെ പറയുന്നത്.
ഇതുവരെ കുയില്‍ എന്ന് പറഞ്ഞുവെങ്കിലും ശരിയായ ഉച്ചാരണം കൂള്‍ എന്നാണ്. ഐറിഷ് ഭാഷയില്‍ knowledge എന്നര്‍ത്ഥം വരുന്ന പദമാണ് Cuil. 121 ബില്യണ്‍ വെബ് പേജസില്‍ നിന്ന് സെര്‍ച്ച് ചെയ്ത് നിങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നിമിഷങ്ങള്‍ക്കകം നിങ്ങളുടെ മുന്നിലെത്തിക്കാന്‍ കൂളിനു കഴിയുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ആകെ വെബ്‌പേജുകളുടെ എണ്ണം ഗൂഗിളിന്റെ മൂന്നിരട്ടി വരും.
ഗൂഗിളില്‍ സെര്‍ച്ച് ആര്‍ക്കിടെക്ട് ആയിരുന്ന അന്ന പാറ്റേര്‍സണും, അന്നയുടെ ഭര്‍ത്താവും സ്റ്റാന്‍ഫോര്‍ഡ് സര്‍‌‌വ്വകലാശാലയില്‍ പ്രഫസറായ ടോം കോസ്റ്റലേയുമാണ് കൂള്‍ എന്ന ഈ പുതിയ സെര്‍ച്ച് എഞ്ചിന്റെ അമരക്കാര്‍.

കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അവകാശപ്പെടാവുന്നത് കാറ്റഗറി തിരിച്ചുള്ള സെര്‍ച്ച് റിസല്‍ട്ടുകളും , ടാബ് രീതിയാണ്. ഉദാഹരണമായി നിങ്ങള്‍ ഹാരി എന്ന് കൂളില്‍ തിരയുന്നു എന്ന് കരുതുക. ആദ്യമായി എല്ലാ റിസല്‍ട്ടും ആദ്യത്തെ ടാബില്‍ കാണും.പിന്നീട്‍ ഹാരി പോട്ടര്‍ എന്നത് ഒരു ടാബിലും ഹാരി ആന്റ് ഡേവിഡ് എന്നൊരു റിസല്‍ട്ട് മറ്റൊരു ടാബിലും മറ്റു റിസല്‍ട്ടുകള്‍ മറ്റു ടാബുകളിലും പ്രത്യക്ഷപ്പെടും. ഇതില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുന്നത് സാധാരണ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് തെരയുന്നതിനേക്കാള്‍ എളുപ്പമാണല്ലോ.
ഗൂഗിളും,യാഹുവും,മൈക്രോസോഫ്റ്റും കുത്തകകള്‍ ആക്കി വെച്ചിരിക്കുന്ന സെര്‍ച്ച് എഞ്ചിന്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ കൂളിനു കഴിയുമോ? കാത്തിരുന്നു കാണേണ്ടി വരും..
പ്രധാന പോരായ്മകള്‍
  1. ഈ സെര്‍ച്ച് എഞ്ചിനില്‍ യൂനികോഡ് സെര്‍ച്ച് ലഭ്യമല്ല. അതായത് മലയാളത്തില്‍ നിങ്ങള്‍ വല്ലതും സെര്‍ച്ച് ചെയ്യാന്‍ കൊടുത്താല്‍ കുയില്‍ നാദം നിലക്കുമെന്നര്‍ത്ഥം.
  2. കൂളിന്റെ പേജെടുത്ത് cuil എന്നൊന്ന് തിരഞ്ഞ് നോക്കുക. വളരെ രസകരമാണ് റിസല്‍ട്ട് പേജ്. ആ പേജിലെവിടെയും കൂള്‍ എന്ന സെര്‍ച്ച് എഞ്ചിനെക്കുറിച്ച് പറയുന്നതേയില്ല. ഇനി ഗൂഗിളിലും Cuil എന്നൊന്ന് സേര്‍ച്ച് ചെയ്യുക. ആദ്യത്തെ റിസല്‍ട്ട് തന്നെ Cuil സെര്‍ച്ച് എഞ്ചിനെ പറ്റിയാണ്. ഈ കുയില്‍ കുറെ നാള്‍ പാട്ടു പാടുമോ?