Friday, July 17, 2009

ഫയര്‍ഫോക്സ് 3.5.1-ലേക്ക് മാറുക

നിങ്ങള്‍ ഫയര്‍ഫോക്സ് 3.5 ഉപയോഗിക്കുന്ന ആളാണെങ്കില്‍ 3.5.1-ലേക്ക് ഉടന്‍ മാറുക. 3.5-ല്‍ കണ്ടുപിടിച്ച ഒരു ജാവാസ്ക്രിപ്റ്റ് ബഗ്ഗ് നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാരെ സഹായിച്ചേക്കാം. അതുകാരണം ഫയര്‍ഫോക്സ് 3.5.1-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുക.

http://blog.mozilla.com/security/2009/07/14/critical-javascript-vulnerability-in-firefox-35/


3.5.1-ലേക്ക് മാറാന്‍

ഫയല്‍ മെനുവിലെ Help ഞെക്കി Help-> Check for Updates എന്ന ലിങ്ക് ഞെക്കുക.
അവിടെ Install Updates എന്ന ബട്ടണ്‍ ഞെക്കി 3.5.1-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക.

ശ്രദ്ധിക്കുക: നിങ്ങള്‍ ഫയര്‍ഫോക്സ് 3.5-നു താഴെയുള്ള പതിപ്പുകള്‍ ആണുപയോഗിക്കുന്നതെങ്കില്‍ ഈ ബഗ്ഗിനെ പേടിക്കേണ്ടതില്ല.

Wednesday, July 8, 2009

ഇനി ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും

അങ്ങനെ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സെര്‍ച്ച് രംഗത്തെ അതികായകന്മാരായ ഗൂഗിള്‍ ബ്രൌസറിനു ശേഷം ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2009 ജൂലൈ 7-ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബ്രൌസര്‍ പുറത്തിറക്കുന്ന വിവരം
ഗൂഗിള്‍ അറിയിച്ചത്
. ഗൂഗിള്‍ ക്രോം ഒ.എസ് എന്നു പേരിട്ടിരിക്കുന്ന ഈ ഗ്നു/ലിനക്സ് അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം 2010 മദ്ധ്യത്തോടെ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്നു.

ലിനക്സ് അധിഷ്ഠിതമാണെങ്കിലും സാധാരണ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഗ്നോം, കെ.ഡി.ഇ എന്നീ പണിയിട സംവിധാനങ്ങള്‍ (Desktop Environments) ഒന്നും ക്രോം ഒ.എസ് ഉപയോഗിക്കുന്നില്ല. ഗൂഗിള്‍ തന്നെ നിര്‍മ്മിക്കുന്ന ഒരു പുതിയ പണിയിട സം‌വിധാനം ആണ് ഇതിലുപയോഗിക്കാന്‍ പോകുന്നത്.ഇതു വഴി പുതിയതും ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തതുമായ ഒരു ഡെസ്ക്ടോപ്പ് അനുഭവം പ്രദാനം ചെയ്യുവാന്‍ തങ്ങള്‍ക്കാകുമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാന്‍ ഓപ്പണ്‍സോഴ്‌സ് സമൂഹത്തിനോട് ഗൂഗിള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ചില പ്രതികരണങ്ങള്‍

ഗൂഗിള്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നു എന്നു കേട്ട ഉടനെ തന്നെ മാദ്ധ്യമങ്ങള്‍ ആ വിവരം ആഘോഷിക്കുകയുണ്ടായി. പല മാദ്ധ്യമങ്ങളും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു ഒരു ഭീഷണിയായാണ് ഗൂഗിളിന്റെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണഭിപ്രായപ്പെട്ടത്. എങ്കിലും
ലിനക്സ് കേര്‍ണല്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പണിയിട സംവിധാനത്തില്‍ മാത്രം കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതിനെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണോ അല്ല പണിയിട സംവിധാനം ആണോ എന്ന സന്ദേഹം ചിലര്‍ക്കെങ്കിലുമുണ്ട്.