Friday, June 20, 2008

തീക്കുറുക്കന്റെ മൂന്നാം വരവ്



തീക്കുറുക്കന്റെ മൂന്നാം വരവ്... അതൊരു ഒന്നൊന്നര വരവായിരുന്നു. 2008 ജൂണ്‍ 17-ന് ഇന്ത്യന്‍ സമയം രാത്രി 11.45-നായിരുന്നു തീക്കുറുക്കന്‍ 3 എന്ന് പദാനുപദ തര്‍ജ്ജമ ചെയ്യാവുന്ന മോസില്ല ഫയര്‍ഫോക്സ് 3 ഔദ്യോഗികമായി പുറത്തിറങ്ങിയത്. അതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നവയുടെ എണ്ണം മോസില്ല കോര്‍പ്പറേഷന്‍ കണക്കെടുക്കുകയും ഇത് ലോകറെക്കോര്‍ഡിനായി അയക്കുകയും ചെയ്യും എന്ന് മുന്നേ അറിയിച്ചിരുന്നു. അതിനായി ഉപയോക്താക്കള്‍ക്ക് പ്രതിജ്ഞ എടുക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. ഏകദേശം 1 കോടിയില്‍ അധികം പേര്‍ പ്രതിജ്ഞ എടുത്തിരുന്നു.
ജൂണ്‍ 17-ന് ഫയര്‍ഫോക്സ് 3 പുറത്തിറങ്ങുമെന്ന് പ്രതിജ്ഞ എടുത്തവര്‍ക്കെല്ലാം മോസില്ല ഇ-മെയില്‍ അയക്കുകയും ചെയ്തു. അത് പ്രകാരം ജൂണ്‍ 17 രാവിലെ തന്നെ ജിജ്ഞാസാലുക്കളായ ഉപയോക്താക്കള്‍ ഫയര്‍ഫോക്സ് 3 വരാനായി സൈറ്റില്‍ കയറിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനെതിരെ ചിലര്‍ സ്പ്രെഡ് ഫയര്‍ഫോക്സ് എന്ന സൈറ്റില്‍ തെറിയഭിഷേകം വരെ നടത്തുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ മോസില്ലയുടെ ഔദ്യോഗിക ബ്ലോഗില്‍ ഫയര്‍ഫോക്സ് 3 ഇന്ത്യന്‍ സമയം രാത്രി 10.30-ന് പുറത്തിറങ്ങുമെന്ന് അറിയിച്ചു.
10.30-ന് സൈറ്റുകള്‍ എല്ലാം കൂടുതല്‍ ഹിറ്റ് വന്നതു കാരണം പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ബ്ലോഗില്‍ ഹിറ്റ് കൂടിയതു കാരണം സൈറ്റ് ഡൌണ്‍ ആണെന്നും 11.45-ന് ഫയര്‍ഫോക്സ് 3 ഔദ്യോഗികമായി പുറത്തിറങ്ങുമെന്നറിയിച്ചു കൊണ്ട് ബ്ലോഗില്‍ വീണ്ടും കുറിപ്പ് വന്നു.

ഫയര്‍ഫോക്സ് 3ന്റെ ഡൌണ്‍ലോഡ് സമയപരിധി കഴിഞ്ഞപ്പോള്‍ മോസില്ല കോര്‍പ്പറേഷനിലെ ജീവനക്കാര്‍ സന്തോഷത്തോടെ ഫോട്ടോക്ക് പൊസ് ചെയ്യുന്നു. പിറകില്‍ ആകെ ചെയ്ത ഡൌണ്‍ലോഡുകള്‍ കൃത്യമായി കാണാം

കൃത്യം 11.45-ന് ഫയര്‍ഫോക്സ് 3-മായി സെര്‍വര്‍ വീണ്ടും അപ് ആയി. എല്ലാവരും ഡൌണ്‍ലോഡിങ്ങ് ആരംഭിച്ചു. കൃത്യം 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡൌണ്‍ലോഡുകളുടെ എണ്ണം ഏതാണ്ട് 83 ലക്ഷം!!! അതായത് ഒരു മണിക്കൂറില്‍ ശരാശരി 345834 ഡൌണ്‍ലോഡുകള്‍.!!! ഒരു മിനുട്ടില്‍ ശരാശരി 14410 ഡൌണ്‍ലോഡുകള്‍!!!! ഇതില്‍ ഇന്ത്യയില്‍ നുന്നു മാത്രം ഏതാണ്ട് 75000 ഡൌണ്‍ലോഡുകള്‍ 24 മണിക്കൂറിനുള്ളില്‍ നടന്നു!!!
ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡുകള്‍ നടന്ന സോഫ്റ്റ്‌വെയര്‍ എന്ന ലോകറെക്കോര്‍ഡ് ഇതുവരെ പിറന്നിട്ടില്ല. തീക്കുറുക്കന്റെ ഈ ഭീകര ഡൌണ്‍ലോഡ് ഒരു ലോക റെക്കോര്‍ഡായി പരിഗണിക്കും. എങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ കഴിയും. ഇത് ഗിന്നസ് ബുക്ക് അധികൃതര്‍ പരിശോധിച്ചത് കൃത്യത ഉറപ്പുവരുത്താന്‍ ദിവസങ്ങള്‍ കഴിയും എന്നതിനാലാണിത്.

ഇപ്പോഴും ഏതാണ്ട് അതേ രീതിയില്‍ തന്നെ ഡൌണ്‍ലോഡ് നടക്കുന്നുണ്ട് . ഈ പോസ്റ്റ് എഴുതുന്ന സമയത്ത് ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഫയര്‍ഫോക്സ് 3 ന്റെ എണ്ണം 11,865,270 ആണ്(ഒരു കോടി പതിനെട്ട് ലക്ഷത്തി അറുപത്തഞ്ചായിരത്തി ഇരുന്നൂറ്റി എഴുപത് :) ) . ഇന്ത്യയില്‍ നിന്നുള്ള ഡൌണ്‍ ലോഡുകള്‍ 136,290(ഒരു ലക്ഷത്തി മുപ്പത്തി ആറായിരത്തി ഇരുന്നൂറ്റിതൊണ്ണൂറ് (136,290) ആണ്.
ലോകറെക്കോര്‍ഡിനായി പരിഗണിക്കപ്പെട്ട സമയത്ത് ഫയര്‍ഫോക്സ് 3 ഡൌണ്‍ലോഡ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും മോസില്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. എനിക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റ് നോക്കൂ.


നിങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ കണ്ണി ഞെക്കി നിങ്ങളുടെ പേര് എഴുതി(ഇംഗ്ലീഷില്‍ മാത്രം എഴുതുക) ഡൌണ്‍ലോഡ് ചെയ്യൂ..

നിങ്ങള്‍ ഇത് വരെ ഫയര്‍ഫൊക്സ് 3 -ലേക്ക് മാറിയില്ലേ!! വേഗം മാറിക്കോളൂ. ഇതാ ഡൌണ്‍ലോഡ് ലിങ്ക്

ചിത്രങ്ങള്‍ക്ക് കടപ്പാട് മോസില്ല ബ്ലോഗ്, ഫ്ലിക്കര്‍,crunchgear

1 comment:

Anoop Narayanan said...

മോസില്ല ഫയര്‍ഫോക്സ് 3-ന്റെ പുതിയ പതിപ്പ് റിലീസ് ചെയ്തതിനെക്കുറിച്ച്...