ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം കത്തിക്കണമോ വേണ്ടയോ എന്നതാണ് ഇന്ന് കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വലിയ വിഷയം. കേരള്‍സ്.കോം ചര്‍ച്ച കഴിഞ്ഞ് ആളുകള്‍ ബ്ലോഗിന്റെ ലേഔട്ടിന്റെ നിറം മാറ്റുന്നതിനു മുന്നേ വന്നു അടുത്ത വിഷയം. അത് വഴി വീണ്ടും കറുപ്പിക്കുകയാണ് ചിലര്‍ സ്വന്തം ബ്ലോഗ്. ഈ വിഷയത്തില്‍ എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണിവിടെ.
സമൂഹം മുഴുവന്‍ ജാതി-മത സമ്പ്രദായങ്ങള്‍ അടിസ്ഥാന വര്‍ഗ്ഗീകരണ ഉപാധിയായി കാണുന്ന കേരളീയ സമൂഹത്തിലാണോ പാഠപുസ്തകങ്ങള്‍ വഴി ഒരു സമൂല പരിഷ്കരണം നടത്താമെന്ന് ആഗ്രഹിക്കുന്നത്? എങ്കില്‍ അത് ശുദ്ധ മണ്ടത്തരമാണ്. ഇതിലും ഭേദം മെക്കാളേ പ്രഭുവിന്റെ ഭരണപരിഷ്കാരങ്ങളും മറ്റും പഠിക്കുന്നതു തന്നെയാണ്. കാരണം ഇതൊരു തരം മിഥ്യാ ലോകത്തിലേക്ക് മാത്രമേ കുട്ടികളെ കൊണ്ടു പോകുകയുള്ളൂ.
കുട്ടികള്‍ ജനിച്ച അന്നു തന്നെ അവനെ നീ ഒരു ഹിന്ദുവാണ്, നീ ഒരു മുസ്ലീമാണ് എന്നൊക്കെ അച്ഛനും അമ്മയും പഠിപ്പിച്ച് സ്കൂളില്‍ അഡ്‌മിഷന്‍ നടത്തുന്ന സമയത്ത് മതകോളത്തിലും ജാതി കോളത്തിലും മതവും,ജാതിയും അച്ഛന്‍ പറഞ്ഞ് കൊടുക്കുന്നത് കേട്ട് , അടുത്തിരിക്കുന്ന സജീവനു ഫീസ് വേണ്ടെന്നും എനിക്കു വേണമെന്നും(കാരണം അവന്‍ എസ്.സി./എസ്.ടി ആണെന്ന് അച്ഛനോടു ചോദിച്ചപ്പോള്‍ പറഞ്ഞു) വളര്‍ന്ന ഒരു കുട്ടിയോട് ഏഴാം ക്ലാസിലെത്തുമ്പോള്‍ മാത്രം നിനക്കു മതമില്ലെന്നും ജാതിയില്ലെന്നും ഒരു അദ്ധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ അവന്റെ ചിന്താധാരകളില്‍ എന്തു തരത്തിലുള്ള സ്വാധീനം ആണതു ചെലുത്തുക എന്ന് ചിന്തിച്ചു നോക്കൂ. എന്നിട്ടു വീണ്ടും വൈകീട്ട് വീട്ടിലെത്തിയാല്‍ അവന് കുളിച്ച് അമ്പലത്തിലേക്കോ,മദ്രസയിലേക്കോ, പള്ളിയിലേക്കോ പോകേണ്ടി വരും. അതുമല്ലെങ്കില്‍ ടി.വിയില്‍ ശ്രീകൃഷ്ണനോ, കടമറ്റത്ത് കത്തനാരോ കാണേണ്ടി വരും. അവന്റെ ചേട്ടനോ ചേച്ചിക്കോ അടുത്ത സ്കൂളീല്‍ പ്ലസ് ടുവിനു അഡ്മിഷന്‍ കിട്ടിയില്ലെന്നും ചേട്ടനേക്കാള്‍ മാര്‍ക്ക് കുറഞ്ഞ സുനിലിന് അഡ്‌മിഷന്‍ കിട്ടിയെന്നും അത് സുനില്‍ ഒ.ബി.സി ആയതു കൊണ്ടാണെന്ന് അമ്മ അമ്മമ്മയോട് പറയുന്നത് കേള്‍ക്കേണ്ടി വരും.
ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്കാണ് നമ്മുടെ ഗവണ്‍മെന്റ് പുതിയ പാഠപുസ്തകവുമായി വരുന്നത്. യാഥാര്‍ത്ഥ്യമേത്,മിഥ്യയേത് എന്നൊരു അവസ്ഥയിലേക്ക് ഒരു ഏഴാം ക്ലാസുകാരന്‍ എത്തിപ്പോവുകയേ ഉള്ളൂ. അല്ലെങ്കില്‍ അവനിലുള്ള ജാതി മത ബോധത്തെ ഒന്നു കൂടി അരക്കെട്ടുറപ്പിക്കാനേ ഇത്തരം പാഠപുസ്തകങ്ങളെക്കൊണ്ട് സാധിക്കുകയുള്ളൂ.
ഇതൊക്കെ നടപ്പിലാക്കാന്‍ തത്രപ്പെടുന്ന ഗവണ്‍മെന്റുകളും പ്രതിഷേധവും അക്രമസമരവുമായി വരുന്ന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും, ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും ഒരു സമൂഹത്തെ മാറ്റാന്‍ ശ്രമിക്കുന്നില്ല. ആ മാറ്റത്തിന്റെ ആദ്യപടിയാണോ ഈ പാഠപുസ്തകമാറ്റം .എങ്കില്‍ അതിനു മുന്നേ ചെയ്യേണ്ടത് സ്കൂളില്‍ അഡ്‌മിഷന്‍ സമയത്ത് ജാതിയും മതവും ചേര്‍ക്കുന്നത് ഒഴിവാക്കലാണ്. ചില മതവിഭാഗങ്ങള്‍ നടത്തുന്ന മതപഠനം പോലുള്ളവ ഒഴിവാക്കുകയാണ്. അതിനുള്ള ചങ്കൂറ്റം ഇവിടുത്തെ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ബുദ്ധിജീവികള്‍ക്കൊ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കോ ഉണ്ടോ?
ബ്ലോഗിലും മറ്റും കിടന്ന് പാഠപുസ്തകങ്ങള്‍ കത്തിക്കാനുള്ളതല്ല എന്നൊക്കെ സിദ്ധാന്തങ്ങള്‍ വിളമ്പുന്ന എന്റെ സുഹൃത്തുക്കളോടൊരു ചോദ്യം. നിങ്ങളില്‍ എത്ര പേര്‍ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്യും, അല്ലെങ്കില്‍ ചെയ്തിട്ടുണ്ട്? നിങ്ങളുടെ മകന് അല്ലെങ്കില്‍ മകള്‍ക്ക് സ്കൂള്‍ അഡ്‌മിഷന്‍ നടത്തുമ്പോള്‍ ജാതിയും മതവും ഇല്ലെന്നു രേഖപ്പെടുത്തും? ഇതൊന്നും സാദ്ധ്യമല്ലെങ്കില്‍ മിണ്ടാതിരിക്കുകയാണു ഭേദം. ഈ പാഠപുസ്തകങ്ങള്‍ കത്തിക്കലും പിന്‍വലിക്കലും എല്ലാം ഒരു രാഷ്ട്രീയമാണ്. സ്വന്തം വോട്ട് ബാങ്കില്‍ ജാതി സ്പിരിറ്റോടെ ഓരോ വോട്ടുകള്‍ വീഴാനും വീഴിപ്പിക്കാനും ഉള്ള ഒരു തന്ത്രം. ഇതിനപ്പുറത്തേക്ക് കാര്യങ്ങള്‍ വേണമെന്ന് ആരും ആഗ്രഹിക്കുന്നില്ല.
വിപ്ലവവും, നിരീശ്വരവാദവും എല്ലാം പാഠപുസ്തകങ്ങളില്‍ മാത്രം മതിയോ? അല്ലെങ്കില്‍ വര്‍ത്തമാനത്തിലേക്ക് ഒരിക്കലും വരാതെ ഭൂതകാലത്തു നിന്നും ഭാവിയിലേക്ക് നേരെ ഡബിള്‍ പ്രമോഷന്‍ കിട്ടിയ കടലാസു പുലികള്‍ മാത്രമാണോ ഈ വിപ്ലവവും,നിരീശ്വരവാദവും?