Sunday, June 14, 2009

കണ്ണാടിയും മലയാള സമൂഹവും


ഏഷ്യാനെറ്റില്‍ എല്ലാ ഞായറാഴ്ചയും രാത്രി 10 മണിക്ക് സം‌പ്രേഷണം ചെയ്യുന്ന പരിപാടിയാണ് കണ്ണാടി. മലയാള ചാനലുകളുടെ ചരിത്രത്തില്‍ , ഇത്രയും അധികം നീണ്ടു നിന്ന, സാമൂഹികമായി ഇടപെടുന്ന ഒരു പരിപാടി ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. 700-ല്‍ അധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഈ ഏഷ്യാനെറ്റ് പ്രോഗ്രാം ഞാനിഷ്ടപ്പെടുന്നതിനു കാരണം അത് അവതരിപ്പിക്കുന്ന വിഷയങ്ങളും അതിന്റെ സാമൂഹികമായ ഇടപെടലുകളും മൂലമാണ്. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ രാഷ്ട്രീയമായും, മത,ജാതി,സമുദായ,വിദ്യാഭ്യാസ,സാമ്പത്തിക അസമത്വങ്ങള്‍ അനുഭവിക്കുന്ന ഒരു സമൂഹത്തെ മുഖ്യധാരയുടെ മുന്‍പിലെത്തിക്കുവാനും അവയില്‍ ചിലതിലെങ്കിലും നടപടികളെടുക്കുവാനും ഈ പരിപാടിക്കു കഴിഞ്ഞിട്ടുണ്ട്.
ടി.എന്‍. ഗോപകുമാര്‍ അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രത്യേകതയായ “പ്രേക്ഷക നിധി“ രോഗങ്ങളാലും മറ്റും പ്രശ്നങ്ങളനുഭവിക്കുന്ന ഒരു സമൂഹത്തെ സഹായിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും, ഇന്ത്യയുടെ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചപ്പോഴും കണ്ണാടി പ്രേക്ഷകര്‍ “പ്രേക്ഷക നിധിയിലൂടെ“ സ്വരൂപിച്ച പണം ഒരു വലിയ ജനതക്ക് ഒരാശ്വാസം തന്നെയായി.

കണ്ണാടി 2009 ജൂണ്‍ 14-ന് സം‌പ്രേഷണം ചെയ്ത എപ്പിസോഡിന്റെ അവസാനം പറഞ്ഞത് മലയാളി സമൂഹത്തിന്റെ ജീര്‍ണ്ണത ശരിക്കും തുറന്നു കാട്ടുന്നതായിരുന്നു. കണ്ണാടിയുടെ പ്രേക്ഷകനിധിയിലേക്ക് സം‌ഭാവന നല്‍കുന്നത് പ്രേക്ഷകര്‍ തന്നെയാണ്. കേരളത്തിനു പുറത്തും, അകത്തുമുള്ള ഒരു വലിയ സമൂഹം ഇതിലേക്ക് സം‌ഭാവനകള്‍ നല്‍കുന്നുണ്ട്. കണ്ണാടി പ്രോഗ്രാമിന്റെ അവസാനം സം‌ഭാവന നല്‍കിയവരുടെ പേരു വിവരങ്ങള്‍ വായിക്കാറുമുണ്ട്.. ഇങ്ങനെ സ്വന്തം പേരു ടി.വി. യിലൂടെ കേള്‍ക്കുന്നതിനു വേണ്ടി മാത്രം ചില വിരുതര്‍ ചെക്കുകള്‍ കണ്ണാടി പ്രോഗ്രാമിന്റെ പേരിലേക്ക് അയച്ചു കൊടുക്കുന്നു. ഈ ചെക്കുകള്‍ പ്രോസസ് ചെയ്യാന്‍ വേണ്ടി ബാങ്കിലേക്ക് അയച്ചപ്പോള്‍ മാത്രമാണ് അതൊരു ബ്ലാങ്ക് ചെക്കാണെന്നു മനസിലാകുന്നത്.

ഇങ്ങനെ ബ്ലാങ്ക് ചെക്കുകള്‍ അയച്ച് ഒരു വലിയ സമൂഹത്തെ വിഡ്ഡികള്‍ ആക്കുന്നത് ,മലയാളി സമൂഹത്തിന്റെ മറ്റൊരു ജീര്‍ണ്ണിച്ച വൈചിത്ര്യമായിരിക്കണം. സ്വന്തം പേരു വിവരം ടി വിയില്‍ കേള്‍ക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ അതിനു വേറെ എത്ര വഴികളുണ്ട്. പേരു വിവരം കേള്‍പ്പിക്കാന്‍ വേണ്ടി മാത്രം മലയാളത്തില്‍ ചാനലുകള്‍ പോലും ഉണ്ട്. അവിടെയൊക്കെ 12 മുതല്‍ 15 വരെ മണിക്കൂറുകള്‍ ലൈവ് ആയി നിങ്ങളുടെ പേരുകള്‍ കേട്ടു കൊണ്ടേയിരിക്കാം. ഇത്തരം നല്ല പ്രവര്‍ത്തനങ്ങളെ എങ്കിലും വെറുതെ വിട്ടു കൂടെ എന്റെ മലയാളി സമൂഹമേ???
ചിത്രത്തിനു കടപ്പാട് :ഏഷ്യാനെറ്റ്

2 comments:

Anoop Narayanan said...

കണ്ണാടിയും മലയാള സമൂഹവും. ജീര്‍ണ്ണിച്ച ഒരു സമൂഹത്തെക്കുറിച്ച്...

ശ്രീലാല്‍ said...

പുറം മോടികളേ ഉള്ളൂ നമ്മുടെ സമൂഹത്തിന് അകത്ത് ജീര്‍ണ്ണതയാണ്. അതിങ്ങനെ ഓരോ വിധത്തില്‍ പുറത്തുവരുന്നു.