Sunday, December 14, 2008
ജിമ്മി വെയിത്സിനൊപ്പം
Imagine a world in which every single human being can freely share in the sum of all knowledge
That's our commitment.
ഇങ്ങനെയൊരു കമ്മിറ്റ്മെന്റ് ലോകത്തിനു നല്‍കിയത് വിക്കിമീഡിയ ഫൌണ്ടേഷന്‍ ആണ്. 2001-ല്‍ ജിമ്മി വെയിത്സിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ വിക്കിപീഡിയ ഇന്ന് ഇംഗ്ലീഷില്‍ മാത്രം ഏകദേശം 26 ലക്ഷം ലേഖനങ്ങളുള്ള ഒരു വിജ്ഞാനകോശമായി വളര്‍ന്നിരിക്കുന്നു. വിജ്ഞാനകോശത്തിന്റെയും സഹോദാരസംരഭങ്ങളുടെയും നിയന്ത്രണം ഇപ്പോള്‍ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്‍ ആണ്. ഇതിന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയരക്ടര്‍ സ്യൂ ഗാര്‍ഡ്‌നെര്‍ ആണ്.
ജിമ്മി വെയിത്സും ,സ്യു ഗാര്‍ഡ്നെറും ഇന്നലെയും, ഇന്നുമായി ബാംഗ്ലൂരിലുണ്ടായിരുന്നു. സി.ഐ.എസ്. ഇന്ത്യ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡൊംളൂരില്‍ വിക്കിപീഡിയയെ പറ്റി സംസാരിക്കുകയുണ്ടായി. (ജിമ്മി വെയിത്സിന്റെ പ്രസംഗത്തിന്റെ ശബ്ദരൂപം ഇവിടെ ശ്രവിക്കാം)ഇന്ന് വിവിധ ഇന്ത്യന്‍ വിക്കിപീഡിയകളില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ വാസികള്‍ക്കൊപ്പം ജിമ്മിയും,സ്യുവും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. മലയാളം വിക്കിപീഡിയയുടെ പ്രതിനിധിയായി ഞാനും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
വിക്കിമീഡിയ ഫൌണ്ടേഷന്റെ ഇന്ത്യ ചാപ്റ്റര്‍ രൂപീകരിക്കുന്നതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ഇന്നു നടന്നു. എന്നെക്കൂടാതെ വിവിധ ഇംഗ്ലീഷ് വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍,കിരുബ, തെലുഗു വിക്കിയിലെ അര്‍ജുന്‍, തമിഴ് വിക്കിയിലെ സുന്ദര്‍,കന്നട വിക്കിയിലെ ഹരി പ്രസാദ്, ഗുജറാത്തി വിക്കിയിലെ ആകാശ് തുടങ്ങിയവരും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ വിക്കികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ പറ്റിയായിരുന്നു അദ്യ ചര്‍ച്ച. ഭാഷാ വിക്കിപീഡിയകളെ ജനങ്ങളില്‍ എത്തിക്കേണ്ടതിനെ പറ്റിയും, പ്രാദേശിക ഭാഷകളില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്:വിക്കിപീഡിയ കോമണ്‍സ്
Subscribe to:
Posts (Atom)