ഇനി കുയിലും തിരയും. ഇന്റര്‍നെറ്റ് രംഗത്ത് ഏറ്റവുമധികം മത്സരം നടക്കുന്ന സെര്‍ച്ചിങ്ങ് മേഖയിലേക്ക് ഒരു പുതിയ സെര്‍ച്ച് എഞ്ചിന്‍ കൂടി അവതരിച്ചിരിക്കുന്നു. സെര്‍ച്ച് എന്നതിന്റെ പര്യായം തന്നെയായി മാറിയ ഗൂഗിളിനോട് മത്സരിക്കാന്‍ തന്നെയാണു കുയിലിന്റെ പുറപ്പാട്. world’s biggest search engine എന്നാണ് കുയിലിനെ പറ്റി അതിന്റെ നിര്‍മ്മാതാക്കള്‍ തന്നെ പറയുന്നത്.
ഇതുവരെ കുയില്‍ എന്ന് പറഞ്ഞുവെങ്കിലും ശരിയായ ഉച്ചാരണം കൂള്‍ എന്നാണ്. ഐറിഷ് ഭാഷയില്‍ knowledge എന്നര്‍ത്ഥം വരുന്ന പദമാണ് Cuil. 121 ബില്യണ്‍ വെബ് പേജസില്‍ നിന്ന് സെര്‍ച്ച് ചെയ്ത് നിങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നിമിഷങ്ങള്‍ക്കകം നിങ്ങളുടെ മുന്നിലെത്തിക്കാന്‍ കൂളിനു കഴിയുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ആകെ വെബ്‌പേജുകളുടെ എണ്ണം ഗൂഗിളിന്റെ മൂന്നിരട്ടി വരും.
ഗൂഗിളില്‍ സെര്‍ച്ച് ആര്‍ക്കിടെക്ട് ആയിരുന്ന അന്ന പാറ്റേര്‍സണും, അന്നയുടെ ഭര്‍ത്താവും സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രഫസറായ ടോം കോസ്റ്റലേയുമാണ് കൂള്‍ എന്ന ഈ പുതിയ സെര്‍ച്ച് എഞ്ചിന്റെ അമരക്കാര്‍.
കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അവകാശപ്പെടാവുന്നത് കാറ്റഗറി തിരിച്ചുള്ള സെര്‍ച്ച് റിസല്‍ട്ടുകളും , ടാബ് രീതിയാണ്. ഉദാഹരണമായി നിങ്ങള്‍ ഹാരി എന്ന് കൂളില്‍ തിരയുന്നു എന്ന് കരുതുക. ആദ്യമായി എല്ലാ റിസല്‍ട്ടും ആദ്യത്തെ ടാബില്‍ കാണും.പിന്നീട്‍ ഹാരി പോട്ടര്‍ എന്നത് ഒരു ടാബിലും ഹാരി ആന്റ് ഡേവിഡ് എന്നൊരു റിസല്‍ട്ട് മറ്റൊരു ടാബിലും മറ്റു റിസല്‍ട്ടുകള്‍ മറ്റു ടാബുകളിലും പ്രത്യക്ഷപ്പെടും. ഇതില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുന്നത് സാധാരണ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് തെരയുന്നതിനേക്കാള്‍ എളുപ്പമാണല്ലോ.
ഗൂഗിളും,യാഹുവും,മൈക്രോസോഫ്റ്റും കുത്തകകള്‍ ആക്കി വെച്ചിരിക്കുന്ന സെര്‍ച്ച് എഞ്ചിന്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ കൂളിനു കഴിയുമോ? കാത്തിരുന്നു കാണേണ്ടി വരും..
പ്രധാന പോരായ്മകള്‍
- ഈ സെര്‍ച്ച് എഞ്ചിനില്‍ യൂനികോഡ് സെര്‍ച്ച് ലഭ്യമല്ല. അതായത് മലയാളത്തില്‍ നിങ്ങള്‍ വല്ലതും സെര്‍ച്ച് ചെയ്യാന്‍ കൊടുത്താല്‍ കുയില്‍ നാദം നിലക്കുമെന്നര്‍ത്ഥം.
- കൂളിന്റെ പേജെടുത്ത് cuil എന്നൊന്ന് തിരഞ്ഞ് നോക്കുക. വളരെ രസകരമാണ് റിസല്‍ട്ട് പേജ്. ആ പേജിലെവിടെയും കൂള്‍ എന്ന സെര്‍ച്ച് എഞ്ചിനെക്കുറിച്ച് പറയുന്നതേയില്ല. ഇനി ഗൂഗിളിലും Cuil എന്നൊന്ന് സേര്‍ച്ച് ചെയ്യുക. ആദ്യത്തെ റിസല്‍ട്ട് തന്നെ Cuil സെര്‍ച്ച് എഞ്ചിനെ പറ്റിയാണ്. ഈ കുയില്‍ കുറെ നാള്‍ പാട്ടു പാടുമോ?