Wednesday, November 12, 2008

ജിമെയിലില്‍ ഇനി വീഡിയോ,ഓഡിയോ ചാറ്റുകളും



ജി മെയില്‍ ഉപയോക്താക്കള്‍ക്ക് ഇനി സന്തോഷിക്കാം. ഏറെ നാളായി കാത്തിരിക്കുന്ന വീഡിയോ ,ഓഡിയോ ചാറ്റ് സ്സൌകര്യങ്ങള്‍ ജിമെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ജിമെയിലിന്റെ ഒഫീഷ്യല്‍ ബ്ലോഗിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിനായി ഓരോ ഉപയോക്താക്കളും വീഡിയോ ആന്റ് ഓഡിയോ ചാറ്റ് പ്ലഗ്-ഇന്‍ ഡൌണ്‍ലോഡ് ചെയ്യണം. http://mail.google.com/videochat എന്ന സൈറ്റില്‍ നിന്നും അതിനുള്ള പ്ലഗ് ഇന്‍ ലഭ്യമാണ്.
ഈ പ്ലഗ് ഇന്‍ ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്ത് ജിമെയിലില്‍ ലോഗിന്‍ ചെയ്താല്‍ മതി. ഏതൊരാളുമായാണോ വീഡിയോ ചാറ്റ് ചെയ്യേണ്ടത് അയാളുടെ ചാറ്റിലെ ഐഡിയില്‍ ഞെക്കിയാല്‍ കിട്ടുന്ന ചാറ്റ് വിന്‍ഡോയില്‍ ഇപ്പോള്‍ Video & More എന്നൊരു ഓപ്‌ഷന്‍ കൂടെ കാണാം. അതിലെ start video chat എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. മറ്റേ വശത്തെ യുസര്‍ നമ്മുടെ വീഡിയോ ചാറ്റിനുള്ള ക്ഷണം സ്വീകരിച്ചാല്‍ വീഡിയോ ഭാഗം ദൃശ്യമാകുകയും തമ്പ്നെയില്‍ ഇമേജായി നമ്മുടെ വീഡിയോ കാണുകയും ചെയ്യും. ഇവിടെ താങ്കള്‍ക്ക് വെബ്‌ക്യാമറ ഇല്ലെങ്കില്‍ താങ്കളുടെജിമെയില്‍ ഇമേജ് ആയിരിക്കും വീഡിയോവിനു പകരം വരിക.

വീഡീയൊ ഫുള്‍ സ്ക്രിനിലേക്കാക്കാന്‍ ഉള്ള ഓപ്ഷനും, സ്വന്തം വീഡിയോ മിനിമൈസ് ചെയ്യാനുള്ള ഓപ്ഷനുമൊക്കെ ഇതില്‍ ലഭ്യമാണ്.

ജിമെയില്‍ വീഡിയോ ചാറ്റിനെ പറ്റി കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക.






ന്യൂനതകള്‍

1. ഒരു പ്രധാന പൊരായ്മ ഗ്നു/ലിനക്സില്‍ ഈ പ്ലഗ് ഇന്‍ ലഭ്യമല്ല എന്നുള്ളതാണ്. ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും
2. ഈ സൌകര്യം ഉപയോഗിക്കുമ്പോള്‍ ധാരാളം മെമ്മറി ബ്രൌസര്‍ ഉപയോഗിക്കുന്നതായി കാണുന്നു.