Tuesday, June 2, 2009

മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍



ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് 10000 ലേഖനങ്ങള് പിന്നിട്ടിരിക്കുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഈ അവസരത്തില്‍ മലയാളം വിക്കി സമൂഹം പുറത്തിറക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം

ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് (http://ml.wikipedia.org) 10,000 ലേഖനങ്ങള്‍ പിന്നിട്ടു.

2009 ജൂണ്‍ 1-നാണ് മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലേറെ വരുന്ന ഉപയോക്താക്കളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളാണ് വിക്കിപീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കിപീഡിയകള്‍ തെലുങ്ക്‌,ഹിന്ദി, മറാഠി , ബംഗാളി , ബിഷ്ണുപ്രിയ മണിപ്പൂരി , തമിഴു് എന്നിവയാണ്2009 ജൂണ്‍ 1-ലെ കണക്കനുസരിച്ച് 10,574 രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണുള്ളത്. ഇതില്‍ 13 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.

എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ്‌ വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്‌.

2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കിപീഡിയ ആറര വര്‍ഷത്തിനുള്ളില്‍ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കിപീഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കാറുണ്ട്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വലിയൊരു ഉപയോക്തൃവൃന്ദം ഈ സ്വതന്ത്രസംരംഭത്തില്‍ പങ്കാളിയാകുകയാണെങ്കില്‍ വിക്കിപീഡിയയുടെ വളര്‍ച്ച ഇനിയും അതിവേഗത്തിലാകാന്‍ സാധ്യതയുണ്ടെന്ന് മലയാളം വിക്കിപീഡിയയുടെ സജീവ പ്രവര്‍ത്തകര്‍ പറയുന്നു.

മലയാളം വിക്കിപീഡിയ മികച്ചുനില്‍ക്കുന്ന മേഖലകള്‍

മലയാളം വിക്കിപീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കിപീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ചു് മറ്റു് പല മാനദണ്ഡങ്ങളിലും മലയാളം വിക്കിപീഡിയ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.

* ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
* ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
* ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു്‌ നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ
* ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്കത്തിന്റെ കാര്യത്തില്‍,

തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിവായനശാല, വിക്കിനിഘണ്ടു തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കിപീഡിഅയകളെ അപേക്ഷിച്ച് വളരെയധികം മുന്‍പിലാണ്. രജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഈയടുത്ത കാലത്തു് ഹിന്ദി വിക്കിപീഡിയ മലയാളം വിക്കിപീഡിയയെ മറികടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രെജിറ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയയും മലയാളം വിക്കിപീഡിയ ആയിരുന്നു.

ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണനിലവാരമുള്ള ഉള്ളടക്കമാണ് മലയാളം വിക്കിപീഡിയയിലുള്ളത്. മലയാളം വിക്കിപീഡിയയുടെ ഈ പ്രത്യേകത, മറ്റു് ഇന്ത്യന്‍ ഭാഷകളിലെ വിക്കിപീഡിയപ്രവര്‍ത്തകര്‍ മലയാളംവിക്കിപീഡിയയെ സൂക്ഷമമായി നിരീക്ഷിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ മലയാളം വിക്കിപീഡിയയിലെ 10,000 ലേഖനങ്ങളില്‍ വലിയൊരുഭാഗം ഭൂമിശാസ്ത്രസംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലേഖനങ്ങളുണ്ടു്. ശാസ്ത്രവിഭാഗത്തില്‍ ജ്യോതിശാസ്ത്ര വിഭാഗത്തില്‍ മാത്രമാണു് അടിസ്ഥാനവിഷയളില്‍ എങ്കിലും ലേഖനങ്ങളുള്ളത്

കുറച്ചു നാളുകള്‍ക്കു് മുന്‍പു് കേരളാ സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വവിജ്ഞാനകോശം (http://sarvavijnanakosam.gov.in/a-brief-his.htm) GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരളസര്‍ക്കാര്‍ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടുത്താനല്ലാതെ ഇതു് വരെ സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിക്കിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍, സര്‍‌വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും.

സ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കേന്ദ്ര-കേരളാ ഗവര്‍‌മെന്റ് ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി സന്നദ്ധസേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു് മലയാളം വിക്കിപീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം.


മലയാളം വിക്കി സമൂഹത്തിന്റെ വിലാസം : https://lists.wikimedia.org/mailman/listinfo/wikiml-l

വിക്കിപീഡിയ പത്രക്കുറിപ്പിന്റെ ലിങ്ക്: http://ml.wikipedia.org/wiki/Wikipedia_press_release/10000

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇതു വരെ പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളും, ബ്ലോഗുകളും:

മാതൃഭൂമിയില്‍
മലയാളം വെബ്‌ദുനിയയില്‍
ടെക്‌വിദ്യയില്‍

കുറിഞ്ഞി ഓണ്‍ലൈനില്‍
ഷിജുവിന്റെ ബ്ലോഗില്‍
ജുനൈദിന്റെ ബ്ലോഗില്‍
ശനിയന്റെ ബ്ലോഗില്‍

2 comments:

Anoop Narayanan said...

മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ ...

Wikkanabhi said...

ഖൊള്ളാം! പത്രക്കുറിപ്പിന്റെ സൃഷ്ടിയിലും വിതരണത്തിലും പ്രധാന പങ്ക് വഹിച്ച് അനൂപ് ഭായ്ക്ക് ആശംസകൾ!